അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയെ ഏറെ അമ്പരിപ്പിച്ച ആവേശകരമായ ബഹിരാകാശ ദൗത്യമായിരുന്നു ഒസൈറിസ് റെക്സ്. ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങള്‍ക്കായി ഭൂമിയിലെത്തിക്കാനുള്ള നാസ ആസൂത്രണം ചെയ്യുന്ന ആദ്യ ദൗത്യമെന്ന പ്രത്യേകത ഒസൈറിസ് റെക്സിനുണ്ട്. സെപ്റ്റംബര്‍ 24 ന് ദൗത്യത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ് നാസ. ബെന്നുവില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച പേടകം അന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ഈ കാപ്സ്യൂളിനെ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് നാസ. ബെന്നു എന്ന ഛിന്നഗ്രഹത്തെ കുറിച്ചും ഒസൈറിസ് റെക്‌സ് എന്ന ദൗത്യത്തെ കുറിച്ചും വിശദമായറിയാം. 

To advertise here,

101955 ബെന്നു 

ഛിന്നഗ്രഹങ്ങളുള്‍പ്പടെ 231,082 ബഹിരാകാശ വസ്തുക്കളെ കണ്ടെത്തിയ ബഹിരാകാശ നിരീക്ഷണ പദ്ധതിയായിരുന്നു ലിങ്കണ്‍ നിയര്‍ ആസ്റ്ററോയിഡ് റിസര്‍ച്ച് (ലീനിയര്‍) പദ്ധതി. 2005 വരെയുള്ള കാലഘട്ടത്തില്‍ ഈ ദൗത്യത്തിലൂടെ കണ്ടെത്തിയ വസ്തുക്കളില്‍ 2423 എണ്ണം ഭൂമിയ്ക്കടുത്തുള്ള ഛിന്നഹ്രങ്ങളും 279 എണ്ണം ധൂമകേതുക്കളുമായിരുന്നു. അതിലൊന്നാണ് (101955) 1999 ആര്‍ക്യൂ6 അഥവാ 101955 ബെന്നു.ഭൂമിയ്ക്ക് അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളിലൊന്നായാണ് (101955) 1999 ആര്‍ക്യൂ6 നെ കണക്കാക്കുന്നത്. ഭൂമിക്ക് സമീപത്തുള്ള ആസ്റ്ററോയിഡുകള്‍ ഉള്‍പ്പെടുന്ന അപ്പോളോ ഗ്രൂപ്പിലെ അംഗം. 

പ്രാചീന ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളിലെ സൃഷ്ടി, പുനര്‍ജന്മം എന്നിവയെല്ലാമായി ബന്ധപ്പെട്ട് വിശ്വസിക്കപ്പെടുന്ന പക്ഷിയാണ് ബെന്നു. ആ പേരാണ് ഛിന്നഗ്രഹത്തിന് ഇട്ടിരിക്കുന്നത്. ഛിന്നഗ്രഹത്തിന് ആ പേര് നല്‍കിയതാകട്ടെ ഒരു മൂന്നാം ക്ലാസുകാരനും. അന്തര്‍ദേശീയ തലത്തില്‍ നടത്തിയ ഒരു മത്സരത്തിലൂടെയാണ് നോര്‍ത്ത് കരൊലിന സ്വദേശിയായ ഒമ്പത് വയസുകാരന്‍ മൈക്കല്‍ പുസിയോ നല്‍കിയ പേര് (101955) 1999 ആര്‍ക്യൂ6 എന്ന ഛിന്നഗ്രഹത്തിന് ഇടുന്നത്‌. 

placeholder
101955 ബെന്നു 

490 മീറ്റര്‍ വ്യാസമുണ്ട് ബെന്നുവിന്. ഏറെക്കാലമായി ഭൂമിയില്‍ നിന്നുള്ള നിരന്തര നിരീക്ഷണത്തിന് വിധേയമാണ് ബെന്നു. അരെസിബോ ഒബസര്‍വേറ്ററി പ്ലാനറ്ററി റഡാറും, ഗോള്‍ഡ് സ്റ്റോണ്‍ ഡീപ്പ് സ്പേസ് നെറ്റ്വര്‍ക്കും ഏറെ കാലമായി ബെന്നുവിന് പിറകെയുണ്ട്. 

2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബെന്നും ഭൂമിയില്‍ നിന്നും സമീപകാലത്തെ ഏറ്റവും അടുത്ത ദൂരപരിധിയിലെത്തിയത്. ഒസൈറിസ് റെക്‌സ് ബെന്നുവിനടുത്തെത്തിയ 2018 ല്‍ ഏകദേശം 5.2 കോടി കിമീ പരിധിയിലായിരുന്നു ബെന്നു. 

സൗരയൂഥ രഹസ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ശാസ്ത്ര ലോകത്തിന് വിശദ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ബെന്നുവില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചന്ദ്രനില്‍ നിന്നും വിവിധ ഛിന്നഗ്രഹങ്ങളില്‍ നിന്നുമായി മുമ്പ് മനുഷ്യര്‍ സാമ്പിളുകള്‍ ഭൂമിയിലെത്തിച്ചിട്ടുണ്ട്. ശിലകളും മണ്ണുമെല്ലാം അടങ്ങുന്നതാണ് ഈ സാമ്പിളുകള്‍. ബെന്നുവില്‍ നിന്നും ശേഖരിച്ചതും ഇവ തന്നെ. 

placeholder
Osiris Rex Landing Graphical Image | Photo: NASA

ഒസൈറിസ് റെക്സ്

ഒറിജിന്‍സ്-സ്പെക്ട്രല്‍ ഇന്റര്‍പ്രെട്ടേഷന്‍-റിസോഴ്സ് ഐഡന്റിഫിക്കേഷന്‍-സെക്യൂരിറ്റി-റിഗൊലിത്ത്-എക്സ്പ്ലോറര്‍ എന്നാണ് ഒസൈറിസ് റെക്സ് (OSIRIS-REx) എന്നതിന്റെ പൂര്‍ണരൂപം.. ഒസൈറിസ് എന്ന പേരും ഒരു ഈജിപ്ഷ്യന്‍ ദേവതയുടേത് തന്നെ.  80 കോടി ഡോളര്‍ ചെലവിട്ടുള്ള ദൗത്യം. നാസയുടെ ന്യൂ ഫ്രണ്ടിയര്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള മൂന്ന് ബഹിരാകാശ പേടക ദൗത്യങ്ങളില്‍ മൂന്നാമത്തേതായിരുന്നു ഇത്. 2006 ല്‍ വിക്ഷേപിച്ച ന്യൂ ഹൊറൈസണ്‍സ്, 2011 ല്‍ വിക്ഷേപിച്ച ജൂനോ ദൗത്യങ്ങളായിരുന്നു മറ്റുള്ളവ. 101955 ബെന്നുവില്‍ നിന്ന് കുറഞ്ഞത് 60 ഗ്രാം സാമ്പിള്‍ ശേഖരിക്കുകയും അത് ഭൂമിയില്‍ തിരികെ എത്തിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

അരിസോണ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പദ്ധതി വികസിപ്പിച്ചെടുത്തത്. സൗരയൂഥത്തിന്റെ ഭൂതകാലത്തെ കുറിച്ചും എങ്ങിനെ ജീവന്‍ ഉത്ഭവിച്ചു എന്നതിനെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ഛിന്നഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും അത് ഭാവിയില്‍ ഭൂമിയ്ക്ക് ഏതെങ്കിലും വിധത്തില്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്ന് പഠിക്കാനും സാധിക്കും. 

ലോഖീദ് മാര്‍ട്ടിന്‍ സ്പേസ് സിസ്റ്റംസ് ആണ് ഒസൈറിസ്-റെക്സ് പേടകം നിര്‍മിച്ചത്. ലോഖീദ് മാര്‍ട്ടിനും നാസയുടെ ഗൊഡ്ഡാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്ററും അരിസോണ സര്‍വകലാശാലയിലെ ലൂണാര്‍ ആന്റ് പ്ലാനറ്ററി ലബോറട്ടറിയും ആണ് ഒസൈറിസ് റെക്സിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. 

2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസൈറിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം.  2018 ഡിസംബറില്‍ ബെന്നുവിനരികിലെത്തി. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും സംബന്ധിച്ച അളവുകളെടുത്തു. ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ഒസൈറിസ് റെക്സ്. 

അഞ്ച് ഉപകരണങ്ങളാണ് ഒസൈറിസ് റെക്സില്‍ ഉണ്ടായിരുന്നത്

  • ഒസൈറിസ് റെക്സ് വിസിബിള്‍ ആന്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ 
  • ഒസൈറിസ് റെക്സ് തെര്‍മല്‍ എമിഷന്‍ സ്പെക്ട്രോ മീറ്റര്‍
  • ഒസൈറിസ് റെക്സ് ക്യാമറ സ്യൂട്ട്
  • ഒസൈറിസ് റെക്സ് ആള്‍ടി മീറ്റര്‍
  • റീഗൊലിത് എക്സ്റേ ഇമേജിങ് സ്പെക്ട്രോമീറ്റര്‍

2018 ലാണ് ഒസൈറിസ് റെക്‌സ് ബെന്നുവിന്റെ ആദ്യ ചിത്രം ഭൂമിയിലേക്കയക്കുന്നത്.23 ലക്ഷം കിലോമീറ്റര്‍ അകലെ നിന്ന് പകര്‍ത്തിയ ഈ ചിത്രം അത്ര വ്യക്തമായിരുന്നില്ല. 2018 നവംബറില്‍ ഛിന്നഗ്രഹത്തിന്റെ ആകൃതി വ്യക്തമാക്കുന്ന കൂടുതല്‍ വിശദമായ ചിത്രങ്ങള്‍ പേടകം ഭൂമിയിലേക്കയച്ചു.

2018 ഡിസംബറില്‍ ബെന്നുവിനരികിലെത്തിയ ഒസൈറിസ് റെക്‌സ് ഛിന്നഗ്രഹത്തിന്റെ വ്യക്തമായ മാപ്പിങ് നടത്തി. ഇതിനിടയിലാണ് പേടകം ഇറക്കുന്നതിനുള്ള സ്ഥലവും തിരഞ്ഞ് കണ്ടുപിടിച്ചത്. പാറകള്‍ നിറഞ്ഞ ബെന്നുവില്‍ പേടകമിറക്കാന്‍ സുരക്ഷിതമായൊരിടം കണ്ടെത്തുക പ്രയാസമായിരുന്നു. 

ഒരു വര്‍ഷത്തിന് ശേഷമാണ് പേടകം ഇറക്കി സാമ്പിള്‍ ശേഖരിക്കുന്നതിനായുള്ള സ്ഥലം ദൗത്യ സംഘം തിരഞ്ഞെടുത്തത്. അതിന് നൈറ്റിംഗേല്‍ എന്ന് പേര് നല്‍കി. പുതിയതായി സൃഷ്ടിക്കപ്പെട്ട ഒരു ഗര്‍ത്തമായിരുന്നു അത്. ഇളകിക്കിടക്കുന്ന മേല്‍മണ്ണും പാറകളും പൊടിയും ഇവിടെയുണ്ടാകുമെന്ന് ദൗത്യ സംഘം കണക്കുകൂട്ടി. 

placeholder
ബെന്നുവിന്റെ ഉപരിതലത്തെ തൊടുന്ന ഒസൈറിസ് റെക്സ്- തൊട്ടതിന് ശേഷമുള്ള പൊട്ടിത്തെറി (താഴെയുള്ള ചിത്രം) | Photo: NASA

നാസയെ അമ്പരപ്പിച്ച ബെന്നു

ബെന്നു ഛിന്നഗ്രഹത്തെ തൊട്ട് അതിവേഗം പറന്നുയരുന്ന ടച്ച് ആന്റ് ഗോ രീതിയില്‍ സാമ്പിള്‍ ശേഖരിക്കാനാണ് നാസ പദ്ധതിയിട്ടിരുന്നത്. 2020 ലാണ് ഒക്ടോബറിലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ തൊട്ടത്. എന്നാല്‍ ലാന്‍ഡിങിനുള്ള ശ്രമം ബെന്നുവിന്റെ അണിയറ പ്രവര്‍ത്തകരെ ശരിക്കും അമ്പരിപ്പിച്ചുകളഞ്ഞു. ഭൂമിയില്‍നിന്നു ബഹിരാകാശ ദൂരദര്‍ശിനിയിലൂടെയുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ബെന്നുവിന്റെ ഉപരിതലത്തില്‍ മിനുസമുള്ള മണല്‍ നിറഞ്ഞ ഇടമാണ് എന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ചെറുകല്ലുകള്‍ അഥവാ ചരലുകള്‍ നിറഞ്ഞ ഉപരിതലമാണ് ബെന്നുവിനെന്ന് ഒസൈറിസ് റെക്സ് പേടകത്തിന്റെ ക്യാമറയിലൂടെ കാണാന്‍ കഴിഞ്ഞത്. അനേകം പന്തുകള്‍ കൂട്ടിയിട്ട ഒരു കുഴിപോലെയായിരുന്നു അത്. ഈ ഉപരിതലത്തിലേക്ക് പേടകം ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. 

പേടകത്തിന്റെ കാലുകള്‍ ഉപരിതലത്തില്‍ തൊട്ടയുടന്‍ ഒരു സ്ഫോടനം കണക്കെ അവിടെയുണ്ടായിരുന്ന ചരലുകള്‍ ചിതറിച്ചെറിച്ചു. ഒരു പക്ഷെ ആ പേടകം ആകെ ഒരു ചതുപ്പിലെന്ന പോലെ അവിടെ ആഴ്ന്നുപോവുമായിരുന്നു. എന്നാല്‍ ടച്ച് ആന്റ് ഗോ രീതിയിലുള്ള സാമ്പിള്‍ ശേഖരണത്തിനായി തയ്യാറാക്കിയ പേടകം അതിവേഗം തന്നെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ച് അവിടെ നിന്നും പറന്നുയര്‍ന്നു. ഇതിനിടെ ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഉരുളന്‍ കല്ലുകളായിരുന്നു അവിടെയുണ്ടായിരുന്നത്. പേടകം ഇറങ്ങിയ സ്ഥലത്ത് എട്ട് മീറ്റര്‍ വീതിയുള്ള ഗര്‍ത്തം രൂപപ്പെട്ടത് ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. തുടര്‍ന്ന് ബെന്നുവിന്റെ ഉപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ബഹിരാകാശ പേടകം തിരികെ അയയ്ക്കാന്‍ ദൗത്യസംഘം തീരുമാനിക്കുകയും ചെയ്തു. ആറ് മാസങ്ങള്‍ക്ക് ശേഷം 'നൈറ്റിംഗേല്‍' എന്ന് പേരിട്ട ലാന്‍ഡിങ് സ്ഥലത്ത് തിരിച്ചെത്തിയ പേടകം അവിടെ വലിയ ഗര്‍ത്തം രൂപപ്പെട്ടതായി കണ്ടെത്തി. 2021 മേയിലാണ് ഒസൈറിസ് റെക്സ് ബെന്നു ഛിന്നഗ്രഹത്തിനരികില്‍ നിന്ന് തിരിച്ചത്., 

placeholder
ബെന്നുവില്‍ നിന്നുള്ള സാമ്പിളുമായി ഭൂമിയിലിറങ്ങുന്ന പേടകം | Photo: NASA

'ബെന്നുവിന്റെ ഉപരിതലത്തെ കുറിച്ചുള്ള ഞങ്ങളുടെ ധാരണകളെല്ലാം തെറ്റായിരുന്നു.' അരിസോണ സര്‍വകലാശാലയില്‍ നിന്നുള്ള ഒസൈറിസ് റെക്‌സ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡാന്റെ ലോറിറ്റ പറഞ്ഞു. 

ഗുരുത്വാകര്‍ഷണമോ ഇലക്ട്രോസ്റ്റാറ്റിക് ശക്തിയോ ആയിരിക്കാം ബെന്നുവിലെ പദാര്‍ത്ഥങ്ങളെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ അത് അന്തരീക്ഷത്തില്‍ ചിതറിപ്പോയേക്കാം. ചിലപ്പോള്‍, ഉറച്ച പാറയുള്ള (solid) മറ്റ് ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ഭീഷണികള്‍ ബെന്നുപോലുള്ള ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു.

സാമ്പിള്‍ ശേഖരണം

ഒസൈറിസ് റെക്സ് ബെന്നു ഛിന്നഗ്രഹത്തെ തൊടുകയും ഉപരിതലത്തിലെ പാറക്കല്ലുകള്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്ത സമയത്താണ് പേടകം സാമ്പിളുകള്‍ ശേഖരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ലക്ഷ്യമിട്ടതിലും കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിച്ചതായി ദൗത്യ സംഘം മനസിലാക്കി. കുറഞ്ഞത് 60 ഗ്രാം സാമ്പിള്‍ ശേഖരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ 250 ഗ്രാം ഉപരിതല സാമ്പിളുകള്‍ പേടകം ശേഖരിച്ചു. 'ടച്ച് ആന്റ് ഗോ സാമ്പിള്‍ അക്യുസിഷന്‍ മെക്കാനിസം' എന്നാണ് സാമ്പിള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച ഉപകരണത്തിന് പേര്. ശേഖരിച്ച സാമ്പിളുകള്‍ സാമ്പിള്‍ റിട്ടേണ്‍ കാപ്സ്യൂളിലാക്കും. ഈ കാപ്സ്യൂളാണ് ഭൂമിയിലെത്തിക്കുക. 

placeholder
സാമ്പിളുമായെത്തുന്ന പേടകത്തെ സുരക്ഷിതമായി ഇറക്കുന്നതിനുള്ള പാരച്യൂട്ട് പരീക്ഷണത്തിനിടെ | Photo: NASA

സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്നത് എങ്ങനെ?

ഭൂമിയ്ക്കരികിലേക്ക് സഞ്ചരിക്കുന്ന ഒസൈറിസ് റെക്സില്‍ നിന്ന് ഈ സാമ്പിളടങ്ങുന്ന കാപ്സ്യൂള്‍ വേര്‍പെടുകയും അത് ഭൂമിയിലേക്ക് പതിക്കുകയുമാണ് ചെയ്യുക. കഴിഞ്ഞ കുറച്ച് നാളുകളായി ഈ കാപ്സ്യൂള്‍ സുരക്ഷിതമായി വീണ്ടെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു നാസ. 

ഭൂമിയോടടുക്കുന്ന ഒസൈറിസ് റെക്സ് ഭൗമോപരിതലത്തില്‍ നിന്ന് 1,02,000 കിമീ ഉയരത്തിലെത്തും. ഭൂമിയില്‍ നിന്ന് നിര്‍ദേശം നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ സാമ്പിള്‍ സൂക്ഷിച്ചുവെച്ച കാപ്സ്യൂള്‍ അതില്‍ നിന്ന് വേര്‍പെടും. സെപ്റ്റംബര്‍ 24 ന് ഇന്ത്യന്‍ സമയം 8.12 നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. മണിക്കൂറില്‍ 44,500 കിമീ വേഗത്തിലായിരിക്കും ഈ പേടകത്തിന്റെ സഞ്ചാരം. അതുകൊണ്ടുതന്നെ ഒരു തീഗോളം കണക്കെ ആയിരിക്കും കാപ്സ്യൂള്‍ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുക. എന്നാല്‍ കാപ്സ്യൂളിന്റെ പ്രത്യേക താപ കവചം അതിനുള്ളിലെ സാമ്പിളിനെ സുരക്ഷിതമാക്കി നിര്‍ത്തും. 

placeholder
പിന്നീട് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ്  കാപ്സ്യൂളിന്റെ വേഗം നിയന്ത്രിക്കുക. ഇത് അന്തരീക്ഷത്തില്‍ പ്രവേശിച്ച് രണ്ട് മിനിറ്റിന് ശേഷം ആദ്യ പാരച്യൂട്ട് ഉയരും. ആറ് മിനിറ്റിന് ശേഷം, ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 1.6 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പ്രധാന പാരച്യൂട്ട് ഉയരും. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന് അന്ത്യംകുറിച്ചുകൊണ്ട് യൂട്ട മരുഭൂമിയിലാണ് പേടകം വന്നുവീഴുക. 

പിന്നാലെ തന്നെ നാസയുടെ റിക്കവറി ഫീല്‍ഡ് സംഘാംഗങ്ങള്‍ നാല് ഹെലികോപ്റ്ററുകളിലായി കാപ്സ്യൂള്‍ ഇറങ്ങിയ സ്ഥലത്തെത്തും. ഹെലിക്കോപ്റ്ററിലാണ് പേടകം തൊട്ടടുത്തുള്ള സൈനികത്താവളത്തിലെ താല്‍കാലിക കേന്ദ്രത്തിലെത്തിക്കുക. ശേഷം കാപ്സ്യൂള്‍ അഴിച്ചെടുത്ത് ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെത്തിക്കും. അവിടെ നിന്നും പ്രാഥമിക വിവര ശേഖരണങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് ഗവേഷണ പഠനങ്ങള്‍ക്കായി സാമ്പിളുകള്‍ വിതരണം ചെയ്യും.

ഒസൈറിസ് റെക്സ് ഇനി എന്ത് ചെയ്യും

നേരത്തെ സൂചിപ്പിച്ച പോലെ ഒസൈറിസ് റെക്സ് എന്ന പ്രധാന പേടകം നേര ഭൂമിയിലേക്ക് ഇറങ്ങുകയല്ല പകരം അതില്‍ ഘടിപ്പിച്ചിരുന്ന പ്രത്യേക കാപ്സ്യൂളിനെ ഭൂമിയിലേക്ക് ഇടുകയാണ് ചെയ്യുക. കാപ്സ്യൂള്‍ വേര്‍പെടുന്നതോടെ ഒസൈറിസ് റെക്സ് പേടകം ഭൂമിയുടെ ആകര്‍ഷണത്തില്‍ പെടാതെ അകന്നു മാറുകയും അപോഫിസ് ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് നീങ്ങുകയും ചെയ്യും. അപോഫിസിനെ കുറിച്ചുള്ള പഠനങ്ങള്‍ക്കായുള്ള ഒസൈറിസ് അപെക്സ് (ഒസൈറിസ് അപോഫിസ് എക്സ്പ്ലോറര്‍) പുതിയ ദൗത്യം ഇതോടെ ആരംഭിക്കും. 

1200 അടി (ഏകദോശം 370 മീറ്റര്‍) വ്യാസമുള്ള ഛിന്നഗ്രഹമാണ് അപോഫിസ്. 2029-ല്‍ അപോഫിസ് ഭൂമിയില്‍ നിന്ന് ഏകദേശം 32000 കീലോമീറ്റര്‍ പരിധിയിലെത്തും. ഈ സമയത്താണ് ഒസൈറിസ്-അപെക്‌സ് അപോഫിസിന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. ഭൂമിക്കരികിലൂടെ കടന്നുപോവുമ്പോള്‍ ഛിന്നഗ്രഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പേടകം പഠിക്കും. ഇതുകൂടാതെ പേടകത്തിലെ ഗ്യാസ് ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഛിന്നഗ്രഹത്തിലെ പൊടിപടലങ്ങളും പാറകളും ഇളക്കുകയും അവ പഠന വിധേയമാക്കുകയും ചെയ്യും.