
'ഇവിടെ, ഭൂമിയെന്ന ഗ്രഹത്തില്‍ നിന്നുള്ള മനുഷ്യര്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. മനുഷ്യരാശിയുടെ മുഴുവന്‍ സമാധാനത്തിനായി ഞങ്ങള്‍ വന്നു', 55 വര്‍ഷം മുമ്പ് മനുഷ്യന്‍ ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍ ഒപ്പം കരുതിയ ലോഹഫലകത്തില്‍ രേഖപ്പെടുത്തിവെച്ച വാക്കുകളാണ് ഇത്. ചന്ദ്രോപരിതലത്തില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്, രണ്ടാമത് ഇറങ്ങിയ എഡ്വിന്‍ ആല്‍ഡ്രിന്‍, ഇവര്‍ ചന്ദ്രനിലിറങ്ങുമ്പോള്‍ കമാന്‍ഡ് മൊഡ്യൂളിനെ നിയന്ത്രിച്ചുകൊണ്ട് ചന്ദ്രഗോളത്തെ ചുറ്റിപ്പറന്ന മൈക്കല്‍ കോളിന്‍സ്, ഒപ്പം അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാര്‍ഡ് എം. നിക്‌സണ്‍ എന്നിവര്‍ ഒപ്പുചാര്‍ത്തിയ ഈ ഫലകം ഇന്നും ആദ്യ ചാന്ദ്രയാത്രയുടെ അടയാളമായി ചന്ദ്രോപരിതലത്തിലെ 'പ്രശാന്തിയുടെ സമുദ്ര'ത്തിലെവിടെയോ കിടക്കുന്നുണ്ട്.

1969 എന്ന വര്‍ഷത്തിനുമുമ്പ് തന്നെ അത്ഭുതകരമായ പല കണ്ടെത്തലുകളും മനുഷ്യന്‍ നടത്തിയിരുന്നു. എന്നാല്‍ ഭൂമിയല്ലാത്ത മറ്റൊരു സൗരയൂഥഗോളത്തെ സ്പര്‍ശിക്കുക എന്ന അത്യപൂര്‍വമായ നേട്ടം മനുഷ്യന്‍ കൈയെത്തിപ്പിടിച്ച വര്‍ഷമെന്ന നിലയില്‍ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലായ വര്‍ഷമാണ് 1969. സയന്‍സിന്റെ ചിറകേറിയുള്ള രാഷ്ട്രീയ മത്സരത്തിന്റെ അന്തിമവിജയം മാനവരാശിയൊന്നാകെ നേടുന്ന മുഹൂര്‍ത്തമായിരുന്നു അത്. അതുകൊണ്ടാണ്, ചന്ദ്രോപരിതലത്തില്‍ ആദ്യചുവടുവെക്കുമ്പോള്‍ നീല്‍ ആംസ്‌ട്രോങ് 'മനുഷ്യന് ഒരു ചെറിയ കാല്‍വെപ്പ്, മാനവരാശിക്ക് വലിയൊരു കുതിച്ചുചാട്ടം' എന്ന് പറഞ്ഞത്.
അപ്പോളോ ദൗത്യങ്ങളുടെ അന്ത്യം
കാലം കടന്നുപോയി. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കി തിരികെ ഭൂമിയിലെത്തിച്ച അപ്പോളോ 11 ദൗത്യത്തിനുശേഷം അമേരിക്കയും അതിന്റെ ബഹിരാകാശ ഏജന്‍സിയായ നാസയും വീണ്ടും ചാന്ദ്രദൗത്യങ്ങള്‍ നടത്തി. 'വിജയകരമായ പരാജയം' എന്നറിയപ്പെടുന്ന അപ്പോളോ 13, ചന്ദ്രോപരിതലത്തില്‍ ആദ്യമായി റോവര്‍ വാഹനം ഇറക്കിയ അപ്പോളോ 15 എന്നിവ ഉള്‍പ്പെടെ ആറ് ദാത്യങ്ങള്‍ സാറ്റേണ്‍-5 റോക്കറ്റിലേറി, വാന്‍ അലെന്‍ റേഡിയേഷന്‍ ബെല്‍റ്റ് മറികടന്ന് ചന്ദ്രനിലേക്ക് കുതിച്ചു. പല മനുഷ്യര്‍ ചന്ദ്രനിൽ ഒഴുകി നടന്നു, റോവറുകള്‍ ഓടിച്ചുരസിച്ചു, പല പരീക്ഷണങ്ങള്‍ നടത്തി, ചാന്ദ്രശിലകള്‍ ഭൂമിയിലേക്ക് കൊണ്ടുവന്നു.

ചന്ദ്രനിലേക്കുള്ള പോക്കുവരവുകള്‍ സാധാരണ സംഭവമെന്ന നിലയിലായിത്തുടങ്ങിയതോടെ യു.എസ്. അപ്പോളോ ദൗത്യങ്ങള്‍ക്ക് തിരശ്ശീലയിടാൻ തീരുമാനിച്ചു. ഒപ്പം മറ്റുചില കാരണങ്ങളും ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിന് ഡോളറാണ് ഓരോ ദൗത്യത്തിനും ചെലവ്. കൂടാതെ എണ്ണമില്ലാത്തത്ര മനുഷ്യരുടെ അധ്വാനവും. നീല്‍ ആംസ്‌ട്രോങ്ങിനെ ചന്ദ്രനിലിറക്കിക്കൊണ്ട് രാഷ്ട്രീയ എതിരാളിയായ സോവിയറ്റ് യൂണിയനെ 'സ്‌പേസ് റേസി'ല്‍ തോല്‍പ്പിച്ചപ്പോള്‍ തന്നെ യു.എസ്സിന്റെ 'യഥാര്‍ഥ ചാന്ദ്രദൗത്യം' പൂര്‍ത്തിയായിരുന്നു. മാത്രമല്ല, അപ്പോഴേക്ക് മനുഷ്യനെ ചന്ദ്രനിലിറക്കിക്കൊണ്ട് കൂടുതലായി ഒന്നും ചെയ്യാനില്ല എന്ന ഘട്ടമെത്തിയിരുന്നു. ജനങ്ങളുടെ പണം വീണ്ടും വീണ്ടും ചാന്ദ്രദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിതിരായ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിക്കൊണ്ടാണ് നാസ അപ്പോളോ 18, 19, 20 ദൗത്യങ്ങള്‍ ഉപേക്ഷിച്ചത്.
ചാന്ദ്രയാത്ര, ഒരു കെട്ടുകഥ!
കാലം വീണ്ടും കടന്നുപോയി. മനുഷ്യന്‍ ചന്ദ്രനില്‍ യഥാര്‍ഥത്തില്‍ ഇറങ്ങിയിട്ടില്ലെന്നും അപ്പോളോ ദൗത്യങ്ങളിലൂടെ നാം കണ്ടതെല്ലാം കെട്ടുകഥകളാണെന്നുമുള്ള വാദങ്ങള്‍ തലപൊക്കിത്തുടങ്ങി. ഒറ്റക്കേള്‍വിയില്‍ സാധാരണക്കാര്‍ക്ക് 'ശരിയാണല്ലോ' എന്ന് തോന്നുന്ന വാദങ്ങളോടെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ജനകീയമായി (അമേരിക്കയിലെ 20 ശതമാനത്തോളം പേര്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല എന്ന് വിശ്വസിക്കുന്നവരാണെന്നാണ് ചില സര്‍വേകള്‍ പറയുന്നത്).
അന്തരീക്ഷമില്ലാത്ത ചന്ദ്രോപരിതലത്തില്‍ യു.എസ്. പതാക പാറിപ്പറക്കുന്നു, ചന്ദ്രോപരിതലത്തില്‍നിന്നെടുത്ത ചിത്രങ്ങളില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ കാണുന്നില്ല, അതിശക്തമായ റേഡിയേഷനുള്ള വാന്‍ അലെന്‍ ബെല്‍റ്റ് മറികടന്ന് ചന്ദ്രനടുത്തെത്തുക അസാധ്യം തുടങ്ങിയ നിരവധി വാദങ്ങളാണ് മനുഷ്യന്റെ ചാന്ദ്രയാത്രയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഗൂഢാലോചനാ സിദ്ധാന്തക്കാർ മുന്നോട്ടുവെയ്ക്കുന്നത്. യുക്തിഭദ്രമായ മറുപടികളും തെളിവുകളും കൊണ്ട് ഈ വാദങ്ങളുടെയെല്ലാം മുന ശാസ്ത്രലോകം അപ്പപ്പോള്‍ ഒടിച്ചിട്ടുണ്ട്.

ചാന്ദ്രയാത്രാ അവിശ്വാസികളുടെ ഒരു പ്രധാന വാദം അല്ലെങ്കില്‍ ചോദ്യമാണ്, മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ നാസ ആളുകളെ ചന്ദ്രനിലേക്ക് അയക്കുന്നില്ല എന്നത്. ഇതിനുള്ള വളരെ ലളിതമായ ഉത്തരം മുകളില്‍ പറഞ്ഞിട്ടുണ്ട്-ശതകോടിക്കണക്കിന് ഡോളര്‍ മുടക്കി, അപകടകരമായ ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രനിലിറക്കേണ്ട ആവശ്യം ഇന്ന് നമുക്കില്ല എന്നതുതന്നെ.
അമേരിക്ക ഇനി മനുഷ്യനെ ചന്ദ്രനിലിറക്കേണ്ടതില്ല എന്ന തീരുമാനമെടുത്തിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. കാലം പിന്നേയും അതിവേഗം കടന്നുപോയി. ഒപ്പം ശാസ്ത്രവും സാങ്കേതികവിദ്യയും കുതിച്ചുചാടി. ഒടുവില്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൈക്കൊണ്ട ആ തീരുമാനം അമേരിക്ക മാറ്റി. മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പറക്കാനൊരുങ്ങുകയാണ്, മറ്റൊരു ചുവടുവെപ്പിനായി മാനവരാശിയും.
ആര്‍ട്ടെമിസ്
ഗ്രീക്ക് പുരാണങ്ങളിലെ അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആര്‍ട്ടെമിസ് ദേവത. വേട്ടയുടെ ദേതയായ ആര്‍ട്ടെമിസിന്റെ പേരാണ് 21-ാം നൂറ്റാണ്ടില്‍ മനുഷ്യനെ ചന്ദ്രനിലിറക്കുന്നത് ഉള്‍പ്പെടെയുള്ള ചാന്ദ്രപര്യവേഷണ പരിപാടിക്ക് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കിയത്. അപ്പോളോ ദൗത്യത്തിന്റെ ഇരട്ട സഹോദരിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ആര്‍ട്ടെമിസ് ദൗത്യം ചന്ദ്രന്റെ കാണാപ്പുറങ്ങളെ വേട്ടയാടിപ്പിടിക്കാനുള്ളത് കൂടിയാണ് എന്നിടത്താണ് പേര് അന്വര്‍ഥമാകുന്നത്.
മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമിറക്കുന്നതിലൂടെ ഗൂഢാലോചനാസിദ്ധാന്തക്കാരുടെ വായ താത്കാലികമായെങ്കിലും അടപ്പിക്കാന്‍ ഒരുപക്ഷേ സാധിച്ചേക്കും. എന്നാല്‍ അത് ആര്‍ട്ടെമിസ് പരിപാടിയുടെ (Artemis Program) 'പാര്‍ശ്വഫലം' മാത്രമാണ്. വിവിധ ഘട്ടങ്ങളിലായുള്ള വിപുലമായ ചാന്ദ്രപര്യവേഷണവും മനുഷ്യന്റെ ചൊവ്വായാത്രയുടെ ഇടത്താവളം നിര്‍മ്മിക്കുകയെന്നതുമെല്ലാമാണ് ആര്‍ട്ടെമിസിന്റെ ലക്ഷ്യങ്ങള്‍.

മറ്റൊരുതരത്തില്‍കൂടി പ്രാധാന്യമുണ്ട് ആര്‍ട്ടെമിസിന്. ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീയേയും വെള്ളക്കാരനല്ലാത്ത ഒരാളേയും ആര്‍ട്ടെമിസ് ദൗത്യം ചന്ദ്രനിലിറക്കും. ചൊവ്വായാത്രയുടെ 'ബേസ് ക്യാമ്പ്' നിര്‍മ്മാണം ഉള്‍പ്പെടെ ബഹിരാകാശദൗത്യങ്ങളില്‍ നാഴികക്കല്ലാവുന്ന പല ലക്ഷ്യങ്ങളും ആര്‍ട്ടെമിസ് ദൗത്യത്തിനുണ്ടെങ്കിലും നാസയുടെ വെബ്‌സൈറ്റിലെ ആര്‍ട്ടെമിസ് ദൗത്യത്തെ കുറിച്ച് പറയുന്ന ഭാഗത്ത് ആദ്യവരിയായി എഴുതിയിരിക്കുന്നത് 'സ്ത്രീയേയും വെള്ളക്കാരനല്ലാത്ത ആളേയും നാസ ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ ചന്ദ്രനില്‍ ഇറക്കും' എന്നാണ്.
നാസയുടെ നേതൃത്വത്തിലാണെങ്കിലും ആര്‍ട്ടെമിസ് ദൗത്യങ്ങളില്‍ വേറേയും പങ്കാളികള്‍ ഉണ്ട്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ), ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ, ജര്‍മ്മനിയുടെ ഡി.എല്‍.ആര്‍, ഇറ്റലിയുടെ എ.എസ്.ഐ, കാനഡയുടെ സി.എസ്.എ, ഇസ്രായേലിന്റെ ഐ.എസ്.എ, യു.എ.ഇയുടെ ബഹിരാകാശ പരിപാടിയുടെ ഭാഗമായ, ദുബായ് സര്‍ക്കാരിന്റെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ എന്നിവരും ആര്‍ട്ടെമിസ് പരിപാടിയുടെ ഭാഗമാണ്. കൂടാതെ ചില സ്വകാര്യ കമ്പനികളുമായും ആര്‍ട്ടെമിസിനായി നാസ കൈകോര്‍ക്കുന്നുണ്ട്. കോണ്‍സ്റ്റലേഷന്‍ പ്രോഗ്രാം, ആസ്റ്ററോയിഡ് റീഡയറക്ട് മിഷന്‍ എന്നിവ ഉള്‍പ്പെടെ നാസ മുമ്പ് റദ്ദാക്കിയ ചില ദൗത്യങ്ങളുടെ പ്രധാനഘടകള്‍ ആര്‍ട്ടെമിസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചരിത്രം
അമേരിക്കയുടെ ദേശീയ ബഹിരാകാശ നയത്തില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ടുള്ള സ്‌പേസ് പോളിസി ഡയറക്ടീവ് 1 എന്ന രേഖയില്‍ 2017 ജൂണ്‍ 30-നാണ് അന്നത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുന്നത്. മനുഷ്യനെ ചൊവ്വയിലെത്തിക്കുന്ന ദൗത്യത്തിന് മുന്നോടിയായി മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള പദ്ധതി സ്വകാര്യ പങ്കാളികള്‍ക്കൊപ്പം ചേര്‍ന്ന് നടപ്പാക്കാനുള്ള നയരേഖയാണ് ഇത്. അന്താരാഷ്ട്ര-വാണിജ്യ പങ്കാളികളുടെ സഹകരണത്തോടെ മനുഷ്യരാശിയെ സൗരയൂഥത്തിലുടനീളം വ്യാപിപ്പിക്കാനും പുതിയ അറിവുകള്‍ നേടാനുമെല്ലാമായി നൂതനവും സുസ്ഥിരവുമായ പര്യവേഷണ പരിപാടിക്ക് നേതൃത്വം നല്‍കണമെന്ന് നാസയുടെ മേധാവിയോട് ഈ നയരേഖ ആവശ്യപ്പെടുന്നു. ഇതാണ് പിന്നീട് ആര്‍ട്ടെമിസ് പരിപാടിയിലേക്ക് വഴിതുറന്നത്.
2024-ല്‍ ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കുമെന്ന് 2019 മാര്‍ച്ച് 26-ന് അന്നത്തെ യു.എസ്. വൈസ് പ്രസിഡന്റും നാഷണല്‍ സ്‌പേസ് കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണുമായ മൈക്ക് പെന്‍സ് പ്രഖ്യാപിച്ചു. പിന്നാലെ മേയ് 14-ന് നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പുതിയ ചാന്ദ്രദൗത്യപരിപാടിയുടെ പേര് പ്രഖ്യാപിച്ചു-ആര്‍ട്ടെമിസ്. 9300 കോടി യു.എസ്. ഡോളറാണ് 2025 വരെ മാത്രം ആര്‍ട്ടെമിസിന് ചെലവ് എന്നാണ് നാസ കണക്കാക്കുന്നത്. ആര്‍ട്ടെമിസ് പരിപാടിയുടെ ഭാഗമായി ആറ് ദൗത്യങ്ങളാണുള്ളത്.
ആര്‍ട്ടെമിസ് 1
ആര്‍ട്ടെമിസ് പരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കപ്പെട്ട ഏകദൗത്യമാണ് ആര്‍ട്ടെമിസ് 1. മനുഷ്യന്‍ ഇല്ലാത്ത ബഹിരാകാശ ദൗത്യമായിരുന്നു ആര്‍ട്ടെമിസ് 1. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലസ് 39 ബി-യില്‍ നിന്ന് അന്താരാഷ്ട്രസമയം 2022 നവംബര്‍ 16-ന് വൈകുന്നേരം 06:47:44-നാണ് ആര്‍ട്ടെമിസ് 1 വിക്ഷേപിച്ചത്. സ്‌പേസ് ലോഞ്ച് സിസ്റ്റം ബ്ലോക്ക് 1 എന്ന സൂപ്പര്‍ ഹെവി ലിഫ്റ്റ് റോക്കറ്റാണ് ആര്‍ട്ടെമിസ് 1-ന്റെ വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഈ റോക്കറ്റിന്റേയും മനുഷ്യനെ ബഹിരാകാശത്തേക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കും എത്തിക്കാനുള്ള ക്രൂ വെഹിക്കിളായ ഒറിയോണിന്റേയും പരീക്ഷണപ്പറക്കലായിരുന്നു ആര്‍ട്ടെമിസ് 1.

ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയശേഷം ഒറിയോണ്‍ ഉള്‍പ്പെടുന്ന ഭാഗം വേര്‍പെട്ട്, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോകുന്ന ട്രാന്‍സ്-ലൂണാര്‍ ഇന്‍ജക്ഷന്‍ എന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നാലെ, ക്യൂബ്‌സാറ്റ് എന്ന പത്ത് ചെറുകൃത്രിമോപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിന്യസിക്കുകയും ചെയ്തു. വ്യത്യസ്ത ഭ്രമണപഥങ്ങളിലായി രണ്ടുതവണ ചന്ദ്രനെ ചുറ്റിപ്പറന്നശേഷം ഒറിയോണ്‍ തിരികെ ഭൂമിയിലേക്ക് മടങ്ങി. ഡിസംബര്‍ 11-ന് ശാന്തസമുദ്രത്തില്‍പതിച്ചതോടെ ആര്‍ട്ടെമിസ് 1 ദൗത്യം നാസ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കന്‍ നാവികസേനയുടെ യു.എസ്.എസ്. പോര്‍ട്ട്‌ലാന്‍ഡ് എന്ന കപ്പലാണ് ഒറിയോണിനെ സമുദ്രത്തില്‍നിന്ന് വീണ്ടെടുത്തത്.

ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യനുമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോയി തിരികെ വരേണ്ട ഒറിയോണിന്റേയും ഒറിയോണിനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കേണ്ട സ്‌പേസ് ലോഞ്ച് സിസ്റ്റം ബ്ലോക്ക് 1 റോക്കറ്റിന്റേയും ക്ഷമത ഉറപ്പുവരുത്തുകയെന്ന സുപ്രധാനലക്ഷ്യമായിരുന്നു ആര്‍ട്ടെമിസ് 1 ദൗത്യത്തിന്റേത്. 25 ദിവസവും പത്ത് മണിക്കൂറും 55 മിനിറ്റുമായിരുന്നു ദൗത്യത്തിന്റെ ദൈര്‍ഘ്യം. ഈ സമയത്തിനിടെ 21 ലക്ഷം കിലോമീറ്ററാണ് ഒറിയോണ്‍ സഞ്ചരിച്ചത്.
ഒറിയോണ്‍
നാസയുടെ ആര്‍ട്ടെമിസ് പരിപാടിക്ക് വേണ്ടി, വികസിപ്പിച്ച, ഭാഗികമായി പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ വാഹനമാണ് ഒറിയോണ്‍ മള്‍ട്ടി-പര്‍പ്പസ് ക്രൂ വെഹിക്കിള്‍ (എം.പി.സി.വി) അഥവാ ഒറിയോണ്‍. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ഒറിയോണിന് രണ്ട് ക്രൂ മൊഡ്യൂളുകളാണ് ഉള്ളത്. അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ രൂപകല്‍പ്പന ചെയ്ത സ്‌പേസ് ക്യാപ്‌സ്യൂളും എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് നിര്‍മ്മിച്ച യൂറോപ്യന്‍ സര്‍വീസ് മൊഡ്യൂളും. നാലുപേര്‍ക്കാണ് ഒറിയോണില്‍ സഞ്ചരിക്കാന്‍ കഴിയുക.

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ കമാന്‍ഡ് ആന്‍ഡ് സര്‍വീസ് മൊഡ്യൂളിന്റെ (സി.എസ്.എം) അടിസ്ഥാന ഘടനയാണ് ഒറിയോണും സ്വീകരിച്ചിട്ടുള്ളത്. അതേസമയം സി.എസ്.എമ്മിനേക്കാള്‍ കൂടിയ വ്യാസം ഒറിയോണിനുണ്ട്. ചൂടിനെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ദൈര്‍ഘ്യമേറിയ ഡീപ്പ് സ്‌പേസ് ദൗത്യങ്ങള്‍ക്ക് പോലും ഒറിയോണ്‍ ഉപയോഗിക്കാന്‍ സാധിക്കും. 2630 കോടി യു.എസ്. ഡോളറാണ് ഒറിയോണിന്റെ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്.
ആര്‍ട്ടെമിസ് 2
ആര്‍ട്ടെമിസ് പരിപാടിയില്‍ മനുഷ്യന്‍ ഉള്‍പ്പെടുന്ന ആദ്യ ആര്‍ട്ടെമിസ് ദൗത്യമാണ് ആര്‍ട്ടെമിസ് 2. ദൗത്യത്തിന്റെ വിക്ഷേപണം 2025-ലാകും നടക്കുക. ആര്‍ട്ടെമിസ് 2-ല്‍ മനുഷ്യര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ ചന്ദ്രനില്‍ ഇറങ്ങില്ല. മറിച്ച് ചന്ദ്രനെ ചുറ്റിക്കറങ്ങി അവര്‍ ഭൂമിയിലേക്ക് തിരികെവരും.
നാലുപേരാണ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുക. നാസയില്‍ നിന്നുള്ള റീഡ് വൈസ്മാന്‍ ആണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. നാസയുടെ തന്നെ ഭാഗമായ വിക്ടര്‍ ഗ്ലോവര്‍ (പൈലറ്റ്), ക്രിസ്റ്റീന കോക്ക് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരും ദൗത്യത്തിലുണ്ട്. കൂടാതെ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയില്‍ (സി.എസ്.എ) നിന്നുള്ള ജെറമി ഹാന്‍സെനും ആര്‍ട്ടെമിസ് 2-ല്‍ ഉണ്ട്. ജെറമിയുടെ ആദ്യ ബഹിരാകാശയാത്രയാകും ഇത്. ഇവരെ കൂടാതെ ആന്ദ്രേ ഡോഗ്ലസ് (നാസ), ജെന്നി ഗിബ്ബണ്‍സ് (സി.എസ്.എ) എന്നിവര്‍ ബാക്കപ്പ് അംഗങ്ങളായും ഉണ്ട്.

വിക്ടര്‍ ഗ്ലോവര്‍ ആണ് ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്ന വെള്ളക്കാരനല്ലാത്ത ആദ്യ മനുഷ്യന്‍. ദൗത്യം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍, ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയെന്ന ബഹുമതി ക്രിസ്റ്റീന കൊച്ചിനും, ലോ എര്‍ത്ത് ഓര്‍ബിറ്റ് മറികടക്കുന്ന അമേരിക്കക്കാരനല്ലാത്ത ആദ്യ വ്യക്തിയെന്ന ബഹുമതി ജെറമി ഹാന്‍സെനും സ്വന്തമാകും. ഭൂമിയെ ഒരുതവണ ചുറ്റി വരാന്‍ 128 മിനുറ്റ് സമയമെടുക്കുന്ന ഭ്രമണപഥമാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്.
നിലവിലെ വിവരങ്ങള്‍ പ്രകാരം 10 ദിവസമാണ് ദൗത്യത്തിന്റെ കാലാവധി. ചന്ദ്രനെ ചുറ്റിക്കറങ്ങുന്നത് കൂടാതെ, ഭൂമിയുമായുള്ള ആശയവിനിമയത്തിനായുള്ള ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍ എന്ന സാങ്കേതികവിദ്യയും ദൗത്യത്തില്‍ പരീക്ഷിക്കും. ഒറിയോണ്‍ ആര്‍ട്ടെമിസ് 2 ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍സ് സിസ്റ്റം (O2O) എന്നാണ് ഈ ആശയവിനിമയ സംവിധാനത്തിന്റെ പേര്. ഇതിനായുള്ള ഉപകരണങ്ങള്‍ ഒറിയോണ്‍ പേടകത്തില്‍ കൂട്ടിച്ചേര്‍ക്കും. കാലിഫോര്‍ണിയയിലേയും ന്യൂ മെക്‌സിക്കോയിലേയും ഗ്രൗണ്ട് സ്‌റ്റേഷനുകളുമായാണ് O2O ആശയവിനിമയം നടത്തുക.
ആര്‍ട്ടെമിസ് 3
1972 ഡിസംബറിലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കുന്ന ദൗത്യമാണ് ആര്‍ട്ടെമിസ് 3. സ്റ്റാര്‍ഷിപ്പ് എച്ച്.എല്‍.എസ്. എന്ന ലാന്‍ഡറാണ് ചന്ദ്രനിലിറങ്ങാനായി ഉപയോഗിക്കുക. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സാണ് സ്റ്റാര്‍ഷിപ്പ് എച്ച്.എല്‍.എസ്. ലാന്‍ഡര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്നത്. 2026-ലാകും ആര്‍ട്ടെമിസ് 3 ദൗത്യം കുതിച്ചുയരുക എന്നാണ് നിലവില്‍ നാസ പറയുന്നത്.
നാല് പേരാണ് ഈ ദൗത്യത്തിലും ഉണ്ടാകുക. എന്നാല്‍ ചന്ദ്രനില്‍ വീണ്ടും ഇറങ്ങുന്ന നാലുപേര്‍ ആരൊക്കെയാണെന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. എന്തായാലും ഇക്കൂട്ടത്തില്‍ ഒരു സ്ത്രീയും വെള്ളക്കാരനല്ലാത്ത ഒരാളും ഉണ്ടാകും. ഇവര്‍ ഇരുവരുമാണ് സ്റ്റാര്‍ഷിപ്പ് എച്ച്.എല്‍.എസ്. ലാന്‍ഡറില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഇവരും കാല് കുത്തുക. അവര്‍ തിരികെയെത്തുന്നതുവരെ ബാക്കി രണ്ടുപേര്‍ ഒറിയോണ്‍ പേടകത്തില്‍ ചന്ദ്രനെ ചുറ്റിക്കറങ്ങും.
ഏകദേശം ഒരുമാസമാണ് ദൗത്യത്തിന്റെ ദൈര്‍ഘ്യം കണക്കാക്കിയിരിക്കുന്നത്. ചന്ദ്രനിലിറങ്ങുന്നവര്‍ ഒരാഴ്ചയോളം അവിടെ തുടരും. നാലോളം 'സ്‌പേസ് വാക്കു'കളും ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യത്തെ കുറിച്ചുള്ളത് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷണങ്ങളും അവര്‍ ഇക്കാലയളവില്‍ നടത്തും. ഇവര്‍ക്ക് ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കാനായി വിദൂര നിയന്ത്രിത റോവറും സജ്ജമാക്കും.
ആര്‍ട്ടെമിസ് 4
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ലൂണാര്‍ ഗേറ്റ് വേ എന്ന സ്‌പേസ് സ്റ്റേഷനില്‍ ഘടിപ്പിക്കാനുള്ള ഇന്റര്‍നാഷണല്‍ ഹാബിറ്റേഷന്‍ മൊഡ്യൂള്‍ (ഐ-ഹാബ്) എന്നഭാഗമാണ് ആര്‍ട്ടെമിസ് 4 ദൗത്യത്തിലെ പ്രധാന പേ ലോഡ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയും സംയുക്തമായാണ് ഐ-ഹാബ് വികസിപ്പിക്കുന്നത്. ഈ ദൗത്യത്തിലും നാലുപേരാണ് ഉണ്ടാകുക.

ഐ-ഹാബ് സ്ഥാപിച്ചശേഷം സ്റ്റാര്‍ഷിപ്പ് എച്ച്.എല്‍.എസ്. ലാന്‍ഡറിലേറി ആസ്‌ട്രോനോട്ടുകള്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങും. ഏതാനും ദിവസങ്ങള്‍ ചന്ദ്രനില്‍ തുടരും. നിലവിലെ തീരുമാനം അനുസരിച്ച് 2028-ലാകും ആര്‍ട്ടെമിസ് 4-ന്റെ വിക്ഷേപണം നടക്കുക. ദൗത്യത്തിന്റെ ഭാഗമാകുന്ന ബഹിരാകാശ സഞ്ചാരികളുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ലോ എര്‍ത്ത് ഓര്‍ബിറ്റിന് അപ്പുറമുള്ള ആദ്യ സ്‌പേസ് സ്റ്റേഷനാകും ലൂണാര്‍ ഗേറ്റ് വേ. 2025 നവംബറില്‍ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാണ് ലൂണാര്‍ ഗേറ്റ് വേ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുക.
ആര്‍ട്ടെമിസ് 5
അമേരിക്കന്‍ കമ്പനിയായ ബ്ലൂ ഒറിജിന്റെ ബ്ലൂ മൂണ്‍ ലൂണാര്‍ ലാന്‍ഡര്‍ ഉപയോഗിക്കുന്ന ആദ്യ ചാന്ദ്രദൗത്യമാകും ആര്‍ട്ടെമിസ് 5. ആസ്‌ട്രോനോട്ടുകളേയും ഒറിയോണിനേയും ലൂണാര്‍ ഗേറ്റ് വേ സ്‌റ്റേഷനിലേക്കാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം ബ്ലോക്ക് 1 റോക്കറ്റ് എത്തിക്കുക. ലൂണാര്‍ ഗേറ്റ് വേയില്‍ ഘടിപ്പിക്കാനുള്ള രണ്ട് ഭാഗങ്ങളും ഒപ്പമുണ്ടാകും. ഈ ദൗത്യത്തിലെ നാല് ആസ്‌ട്രോനോട്ടുകളുടെ പേരും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ESPRIT, കാനഡയില്‍ നിര്‍മ്മിച്ച റോബോട്ടിക്ക് ആം സിസ്റ്റം എന്നിവയാണ് ദൗത്യം ലൂണാര്‍ ഗേറ്റ് വേ സ്‌റ്റേഷനില്‍ എത്തിക്കുക. കൂടാതെ നാസ വികസിപ്പിക്കുന്ന റോവറായ ലൂണാര്‍ ടെറൈന്‍ വെഹിക്കിളും ഒപ്പമുണ്ടാകും. അപ്പോളോ 17 ദൗത്യത്തിനുശേഷം ആദ്യമായി അണ്‍പ്രഷറൈസ്ഡ് ലൂണാര്‍ റോവര്‍ ഉപയോഗിക്കുന്ന ദൗത്യമാകും ആര്‍ട്ടെമിസ് 5. ആസ്‌ട്രോനോട്ടുകള്‍ക്ക് സ്‌പേസ് സ്യൂട്ട് ധരിച്ചുകൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന തരം ലൂണാര്‍ റോവറാണ് അണ്‍പ്രഷറൈസ്ഡ് ലൂണാര്‍ റോവര്‍.

ഗേറ്റ് വേ സ്റ്റേഷനില്‍നിന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്കും തിരിച്ചും ബഹിരാകാശ സഞ്ചാരികളെ എത്തിക്കുകയാണ് ബ്ലൂ മൂണ്‍ ലാന്‍ഡറിന്റെ ദൗത്യം. 340 കോടി യു.എസ്. ഡോളറാണ് ലാന്‍ഡറിന്റെ മാത്രം നിര്‍മ്മാണ ചെലവ്. രണ്ടുപേരാണ് ഈ ദൗത്യത്തിന്റെ ഭാഗമായി ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ഇവര്‍ അവിടെ പലവിധ പര്യവേഷണ പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും നടത്തും. 2030-ലാകും ദൗത്യത്തിന്റെ വിക്ഷേപണം.
ആര്‍ട്ടെമിസ് 6
2031-ല്‍ വിക്ഷേപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആര്‍ട്ടെമിസ് ദൗത്യമാണ് ആര്‍ട്ടെമിസ് 6. മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ നിര്‍മ്മിക്കുന്ന ക്രൂ ആന്‍ഡ് സയന്‍സ് എയര്‍ലോക്ക് മൊഡ്യൂളിനെ ലൂണാര്‍ ഗേറ്റ് വേ സ്‌റ്റേഷനിലെത്തിച്ച് ഐ-ഹാബിനോട് ഘടിപ്പിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഒരു ഹ്യൂമന്‍ ലാന്‍ഡിങ് സിസ്റ്റവും ദൗത്യം ലൂണാര്‍ ഗേറ്റ് വേയില്‍ എത്തിക്കും. ഗേറ്റ് വേയുമായി ഘടിപ്പിക്കുന്ന ഈ ലാന്‍ഡിങ് സിസ്റ്റം ഉപയോഗിച്ചാണ് ആര്‍ട്ടെമിസ് 6 ദൗത്യത്തിലെ ആസ്‌ട്രോനോട്ടുകള്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും അവിടെനിന്ന് തിരികെ ഗേറ്റ് വേയിലേക്ക് പറന്നുയരുകയും ചെയ്യുക. ഒറിയോണിലാണ് ഈ ദൗത്യത്തിലെ അംഗങ്ങള്‍ തിരികെ ഭൂമിയിലേക്ക് വരികയെന്നും നാസ വ്യക്തമാക്കുന്നു.
സപ്പോര്‍ട്ടിങ് പ്രോഗ്രാമുകൾ
ആര്‍ട്ടെമിസ് പരിപാടിയിലെ പ്രധാനപ്പെട്ട ദൗത്യങ്ങളാണ് ഒന്ന് മുതല്‍ ആറ് വരെയുള്ളവ. എന്നാല്‍ ആര്‍ട്ടെമിസ് പരിപാടി പൂര്‍ണതോതില്‍ നടപ്പാക്കുന്നതിന് ചെറുതും വലുതുമായ വേറേയും നിരവധി സപ്പോര്‍ട്ടിങ് പ്രോഗ്രാമുകളുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് റോബോട്ടിക് ലാന്‍ഡറുകളേയും റോവറുകളേയും ചന്ദ്രനിലേക്ക് അയച്ച് പഠനം നടത്താനുള്ള കൊമേഴ്‌സ്യല്‍ ലൂണാര്‍ പേ ലോഡ് സര്‍വ്വീസസ്. യു.എസ്സിനകത്തും പുറത്തുമുള്ള നിരവധി സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെയാണ് നാസ ഇത് നടപ്പാക്കുക.
മഞ്ഞുമലയുടെ അറ്റം പോലെ ആര്‍ട്ടെമിസ് പരിപാടിയുമായി ബന്ധപ്പെട്ട കുറച്ചുവിവരങ്ങള്‍ മാത്രമാണ് മേല്‍പ്പറഞ്ഞതെല്ലാം. ആര്‍ട്ടെമിസ് വിജയതീരമടുക്കുമ്പോള്‍ ശാസ്ത്രകല്‍പ്പിത കഥകളില്‍ മാത്രം അറിഞ്ഞ ഗോളാന്തരയാത്രകള്‍ യാഥാര്‍ഥ്യമാകും. ചന്ദ്രന് പിന്നാലെ ചൊവ്വയെ കീഴടക്കാനുള്ള ദൗത്യവും നാസയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

നീല്‍ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിലേക്ക് പോയ അപ്പോളോ 11 ദൗത്യത്തിന്റെ വിക്ഷേപണം ഏകദേശം പത്ത് ലക്ഷം പേര്‍ നേരിട്ട് കണ്ടുവെന്നാണ് കണക്ക്. യു.എസ്സില്‍ മാത്രം രണ്ടരക്കോടി പേരാണ് വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണം കണ്ടത്. യു.എസ്സിന് പുറത്ത് ടെലിവിഷനിലൂടെ കണ്ടവരുടേയും റേഡിയോയില്‍ വിവരണം കേട്ടവരുടേയും എണ്ണത്തിന് കണക്കില്ല.
ഇതെല്ലാം വായിച്ചും കേട്ടും മാത്രം അറിഞ്ഞ തലമുറകളാണ് ഇപ്പോള്‍ ജീവിക്കുന്നതില്‍ ഭൂരിഭാഗവും. കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച ആ കാഴ്ച ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിന് സാക്ഷിയാകാനുള്ള അപൂര്‍വ്വ അവസരമാണ് ആര്‍ട്ടെമിസ് ഒരുക്കുന്നത്. മാനവരാശിയുടെ രണ്ടാം കുതിച്ചുചാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.
Content Highlights: NASA's moon exploration program Artemis. 55th Anniversary of Appolo 11 'man on moon' mission.
Published: 21 Jul 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented