
ബഹിരാകാശ രംഗത്ത് ആരെയും കൊതിപ്പിക്കുന്ന വളര്‍ച്ചയുടെ പാതയിലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഇസ്രോ (ഐഎസ്ആര്‍ഒ). ചന്ദ്രയാന്‍ 3 യിലൂടെ ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം കൈവരിച്ചതും പിന്നാലെ ആദിത്യ എല്‍1 ദൗത്യം വിജയകരമാക്കിയതും ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം വിജയകരമായതുമെല്ലാം ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ ആഗോള തലത്തില്‍ പ്രശസ്തിയിലെത്തിച്ചിരുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്യാന് ദൗത്യവും സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമെല്ലാം ഇസ്രോയുടെ പ്രധാനപ്പെട്ട ഭാവി ദൗത്യങ്ങളാണ്.
ആഗോളതലത്തില്‍ ബഹിരാകാശ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സമയബന്ധിതമായി തങ്ങളിലേക്ക് സ്വീകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ രംഗവും ശ്രമിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനവും സമ്പത്തും ഉയര്‍ത്താന്‍ കെല്‍പ്പുള്ള പ്രധാനപ്പെട്ടൊരു മേഖലയായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും ഈ രംഗത്തിന് ശക്തമായ പിന്തുണയും പ്രാധാന്യവും നല്കുന്നു.
യുഎസിലെ സ്പേസ് എക്സ്, വിര്‍ജിന്‍ ഗാലക്ടിക്, ബ്ലൂ ഒറിജിന്‍, ബോയിങ്, യുണൈറ്റഡ് ലോഞ്ച് അലയന്‍സ്, ലോഖീദ് മാര്ട്ടിന്, റോക്കറ്റ് ലാബ് തുടങ്ങിയ സ്വകാര്യ ബഹിരാകാശ കമ്പനികളെ പോലെ ഇന്ത്യയിലും ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. അതിനായി തുടക്കമിട്ട ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്റ് ഓതറൈസേഷന്‍ (ഇന്‍ സ്പേസ്) എന്ന സ്വയംഭരണ ഏജന്‍സി സ്വകാര്യ കമ്പനികളേയും ഇസ്രോയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നു. സ്കൈ റൂട്ട് എയറോസ്പേസ്, ധ്രുവ സ്പേസ്, അഗ്നികുല്‍ കോസ്മോസ്, പിക്സല്‍ തുടങ്ങി വിവിധ കമ്പനികള്‍ ഇതിനകം ഇന്ത്യയില്‍ തുടക്കമിട്ടുകഴിഞ്ഞു.
വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് പുതിയൊരു ബഹിരാകാശ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇസ്രോ. തമിഴ്നാട്ടിലെ തൂത്തുകുടി ജില്ലയിലെ കുലശേഖരപട്ടണത്താണ് പുതിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം / സ്പേസ് പോര്‍ട്ട് സ്ഥാപിക്കുക.

ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രങ്ങള്‍
1960 കളില്‍ തിരുവനന്തപുരത്ത് ആരംഭിച്ച തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനാണ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം. ഇവിടെ നിന്നാണ്, ഇസ്രോയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്നത്. എന്നാല്‍ 1971 ല്‍ പ്രവര്‍ത്തനാരംഭിച്ച ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ കേന്ദ്രമാണ് ഇസ്രോ ഇപ്പോള്‍ വിക്ഷേപണങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നത്.
ഇവിടെയുണ്ടായിരുന്ന ആദ്യത്തെ വിക്ഷേപണത്തറ 1994 ലെ ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ദൗത്യങ്ങള്‍ അവസാനിച്ചതോടെ പ്രവര്‍ത്തനം നിർത്തി. രണ്ട് വിക്ഷേപണത്തറകളാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. സൗണ്ടിങ് റോക്കറ്റുകളും പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളും ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍, മംഗള്യാന് തുടങ്ങിയ അഭിമാനകരമായ ദൗത്യങ്ങളെല്ലാം വിക്ഷേപിച്ചതും. ഭാവി ഗഗന്യാന് ദൗത്യങ്ങൾ വിക്ഷേപിക്കാനിരിക്കുന്നതും ശ്രീഹരിക്കോട്ടയില്‍ നിന്നാണ്.

എന്തിന് രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രം ?
വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്തും ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വാണിജ്യാടിസ്ഥാനത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് രണ്ടാമതൊരു ബഹിരാകാശ കേന്ദ്രം എന്ന ആവശ്യം ഉയരുന്നത്. 1980 കളില്‍ തന്നെ ശ്രീഹരിക്കോട്ടയ്ക്ക് പുറത്ത് രണ്ടാമതൊരു വിക്ഷേപണ കേന്ദ്രം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരിയില്‍ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്പിഎസ്സി) ആരംഭിച്ചകാലമായിരുന്നു അത്. അന്ന് പക്ഷെ കുലശേഖരപട്ടണത്തില്‍ നിന്ന് അധികം അകലെയല്ലാത്ത 'ഇരുക്കന്തുരൈ' എന്ന സ്ഥലമാണ് അതിനായി നിര്‍ദേശിക്കപ്പെട്ടിരുന്നത്. മഹേന്ദ്രഗിരിയില്‍ നിര്‍മിക്കുന്ന റോക്കറ്റ് എഞ്ചിനുകളുടെ പരീക്ഷണങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പ്രദേശവാസികളിൽ നിന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് പദ്ധതി ഒഴിവാക്കേണ്ടി വന്നു. ഈ പദ്ധതി യാഥാര്ഥ്യമായിരുന്നുവെങ്കില് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യ രണ്ടാമതൊരു ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുമായിരുന്നു.
ഇസ്രോ പുതിയതായി രൂപകല്പന ചെയ്ത എസ്എസ്എല്‍വി വിക്ഷേപണങ്ങള്‍ക്ക് വേണ്ടിയാണ് കുലശേഖരപട്ടണത്തെ ബഹിരാകാശ കേന്ദ്രം നിര്‍മിക്കുന്നത്. ചെലവ് കുറഞ്ഞ വിക്ഷേപണങ്ങളുടെ ഭാവിസാധ്യത തിരിച്ചറിഞ്ഞാണിത്. സ്വകാര്യ കമ്പനികളുടെ വിക്ഷേപണ ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് കുലശേഖര പട്ടണത്തെ കേന്ദ്രം നിര്‍മിക്കുന്നതെന്ന് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്റ് ഓതറൈസേഷന്‍ (ഇന്‍ സ്പേസ്) ചെയര്മാന് പവന് ഗോയങ്ക വ്യക്തമാക്കിയിട്ടുണ്ട്. സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക് കൈമാറിയിട്ടുണ്ട്. ഏകദേശം 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ 500 കിമീ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്എസ്എല്‍വി റോക്കറ്റുകള്‍ക്ക് സാധിക്കും. ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് ആവശ്യമായി വരുന്ന ഭീമമായ ചെലവ് വലിയൊരളവില്‍ കുറയ്ക്കാന്‍ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിലൂടെ സാധിക്കുമെന്നാണ് ഇസ്രോ കണക്കാക്കുന്നത്.
വിദേശ രാജ്യങ്ങള്‍ക്കും ഈ വിക്ഷേപണ കേന്ദ്രം പ്രയോജനപ്പെടുത്താനാവും. ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ കമ്പനികള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്താന്‍ ഈ കേന്ദ്രം പ്രയോജനപ്പെടുത്താം. അതുവഴി ഇസ്രോയ്ക്കും സാമ്പത്തിക നേട്ടമുണ്ടാവും.

കുലശേഖരപട്ടണം ബഹിരാകാശ കേന്ദ്രം
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് കുലശേഖരപട്ടണം സ്ഥിതി ചെയ്യുന്നത്. ഒരു തീരദേശ നഗരമാണിത്. ഇവിടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായതായി ഐ.എസ്.ആര്.ഒ. ചെയര്മാന് എസ്. സോമനാഥ് ഒക്ടോബർ ആദ്യം അറിയിച്ചു. നിര്‍മാണം തുടങ്ങിയാല്‍ രണ്ടു വര്‍ഷംകൊണ്ട് വിക്ഷേപണത്തറ സജ്ജമാകും.തിരുച്ചെന്തൂര്‍, ശാന്തന്‍കുളം താലൂക്കുകളിലായി 2400 ഏക്കറോളം സ്ഥലമാണ് വിക്ഷേപണ കേന്ദ്രത്തിന് വേണ്ടത്.
ഇതില്‍ 2300 ഏക്കറില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കി ഉടന്‍ പൂര്‍ത്തിയാവും. എട്ട് തഹസില്‍ദാര്‍മാരും ഒരു ഡെപ്യൂട്ടി കളക്ടറുമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 40 കുടുംബങ്ങളെ പദ്ധതിപ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ഇവിടെ ചുറ്റുമതില്‍ പണിയുകയും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. തൂത്തുക്കുടി തുറമുഖത്തുനിന്ന് 50 കിലോമീറ്ററും ചെന്നൈയില്‍നിന്ന് 652 കിലോമീറ്ററും ദൂരത്താണ് കുലശേഖരപട്ടണം.

വർഷങ്ങൾക്ക് മുമ്പ് തമിഴ്നാടിന് നഷ്ടപ്പെട്ട വിക്ഷേപണ കേന്ദ്രം
ഇന്ത്യയുടെ തെക്കുകിഴക്കന്‍ തീരദേശ സംസ്ഥാനമെന്ന നിലയില്‍ ഒരു വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് തമിഴ്നാട്. തുമ്പയിലെ ബഹിരാകാശവിക്ഷേപണ കേന്ദ്രത്തിന് ശേഷം പുതിയ ഉപഗ്രഹവിക്ഷേപണകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയ്ക്ക് ആയിരുന്നില്ല തമിഴ്നാടിനായിരുന്നു അന്ന് പ്രഥമ പരിഗണന നല്‍കിയിരുന്നത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ നേതൃത്വത്തിലായിരുന്നു അന്ന് പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിനുള്ള ശ്രമങ്ങള്‍.
അതിന് വേണ്ടി വിക്രം സാരാഭായിയും സംഘവും അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല പകരം മറ്റൊരു മന്ത്രിയെ അയച്ചു. കൂടിക്കാഴ്ചയ്ക്കായി വൈകി എത്തിയ മന്ത്രി വലിയ ആവശ്യങ്ങളും മുന്നോട്ട് വെച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു ലേഖനത്തില്‍ പറയുന്നു. അന്ന് ആന്ധ്രപ്രദേശ് 26000 ഏക്കര്‍ ഭൂമി ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിനായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇവിടം ചുഴലിക്കാറ്റ് ഭീഷണിയുള്ള മേഖലയായതിനാലാണ് തമിഴ് നാട്ടില്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടത്തിയത്. എന്നാല്‍ പിന്നീട് ആന്ധ്രപ്രദേശിന്റെ വാഗ്ദാനം വിക്രം സാരാഭായിയും സംഘവും സ്വീകരിക്കുകയായിരുന്നു. പിന്നീട് ബംഗാൾ ഉൾക്കടലിലെ ദ്വീപായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചു.

റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമായ ഇടം
കിഴക്ക് വശത്തുള്ളതും, കടല്ത്തീരത്തുള്ളതും ഭൂമധ്യ രേഖയ്ക്ക് അടുത്തുള്ളതുമായ പ്രദേശമാണ് ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്. ഭൂമിയുടെ ഭ്രമണവേഗം ഏറ്റവും കൂടുതലുള്ളത് ഭൂമധ്യരേഖയോട് ചേര്‍ന്ന മേഖലയിലാണ്. മാത്രവുമല്ല കിഴക്ക് ദിശയിലാണ് ഭൂമിയുടെ കറക്കം. ഭൂമിയുടെ ഭ്രമണവേഗവും ദിശയും പ്രയോജനപ്പെടുത്തിയാണ് ചില ബഹിരാകാശ റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത്. ഭൂമധ്യരേഖയ്ക്ക് സമാന്തരമായുള്ള ജിയോ സിങ്ക്രണൈസ് ഓര്‍ബിറ്റിലേക്കും ജിയോ സ്റ്റേഷണറി ഓര്‍ബിറ്റിലേക്കുമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കുന്നവയാണവ. ഭൂമധ്യരേഖയോട് ചേര്‍ന്ന് കിഴക്ക് ദിശയിലാവും ഇവയുടെ വിക്ഷേപണം. അതേസമയം ധ്രുവങ്ങള്‍ക്ക് മുകളിലൂടെ ഭൂമിയെ ചുറ്റുന്ന പോളാര്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക ദക്ഷിണ ദിശയിലേക്കാണ്.
യുഎസിനെ പോലെ മറ്റ് ലോകരാജ്യങ്ങളും ഇതേ മാനദണ്ഡങ്ങളിലൂടെയാണ് വിക്ഷേപണ കേന്ദ്രത്തിന് അനുയോജ്യമായ ഇടം കണ്ടെത്തുന്നത്. യുഎസിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്റര്‍ ഉദാഹരണമാണ്. അപകടങ്ങള്‍ കുറയ്ക്കാനും ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായുള്ള മറ്റാവശ്യങ്ങള്‍ക്കുമായി കടലിനോട് ചേര്‍ന്ന പ്രദേശങ്ങളും അതിനായി പരിഗണിക്കുന്നു. വിക്ഷേപണത്തിനോടനുബന്ധിച്ചുള്ള പ്രകമ്പനങ്ങള്‍, അപകടങ്ങള്‍, മലിനീകരണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ജനവാസം കുറഞ്ഞ മേഖലകളാണോ എന്നതും വിക്ഷേപണ കേന്ദ്രത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കും. ഇക്കാരണത്താലാണ് ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, തമിഴ്നാട് തീരപ്രദേശങ്ങള്‍ ഇതിനായി പരിഗണിക്കുന്നത്.
ശ്രീഹരിക്കോട്ടയുടെ പരിമിതി, കുലശേഖരപട്ടണത്തിന്റെ സവിശേഷത
നിലവില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ദക്ഷിണ ദിക്ക് ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ക്ക് ശ്രീലങ്ക ഒരു തടസമാണ്. റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് അപകടസാധ്യത ഏറെയുള്ളതിനാല്‍ മറ്റൊരു രാജ്യത്തിന്റെ പരിധിയിലൂടെയുള്ള വിക്ഷേപണം ഒഴിവാക്കേണ്ടതുണ്ട്.
ഇക്കാരണത്താല്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ദക്ഷിണ ദിക്കിലേക്ക് വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ക്ക് ശ്രീലങ്കയുടെ ഭൂപ്രദേശത്തിന് പുറത്തുള്ള കടലിലൂടെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു. 'ഡോഗ് ലെഗ്' മനൂവര്‍ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇതിന് കൂടുതല്‍ ഇന്ധനം ആവശ്യമാണ്. പിഎസ്എല്‍വിയാണ് ഇത്തരം വിക്ഷേപണങ്ങള്‍ക്ക് ഇസ്രോ ഉപയോഗിക്കാറ്.
ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ ശക്തികുറഞ്ഞ എസ്എസ്എല്‍വിക്ക് ഡോഗ് ലെഗ് മനൂവറിന് വേണ്ടി അധിക ഇന്ധനം ചെലവാക്കേണ്ടി വരും. എന്നാല്‍ കുലശേഖരപട്ടണം ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് റോക്കറ്റുകള്‍ക്ക് നേരേ ദക്ഷിണ ധ്രുവത്തിലേക്ക് കുതിക്കാനാകും. അതുവഴി ഇന്ധനം ലാഭിക്കാനും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വഹിക്കാനും എസ്എസ്എല്‍വി റോക്കറ്റിന് സാധിക്കും.
റോക്കറ്റ് എഞ്ചിന് നിര്‍മാണം നടക്കുന്ന ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്പിഎസ്സി) സ്ഥിതി ചെയ്യുന്നത് തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരിയിലാണ്. ഇവിടെ നിന്ന് 72 കിമീ അകലെയാണ് കുലശേഖരപട്ടണം വിക്ഷേപണ കേന്ദ്രത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലം. ഇത് ചരക്കുനീക്കം കൂടുതല്‍ എളുപ്പമാക്കുന്നു.

തുമ്പയില്‍ എന്തുകൊണ്ടില്ല?
തിരുവനന്തപുരത്തെ തീരപ്രദേശമായ തുമ്പയിലാണ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തൂമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനുള്ളത്. വിക്രം സാരാഭായിയാണ് ഇവിടെ ബഹിരാകാശ കേന്ദ്രം സ്ഥാപിച്ചത്. കാലാവസ്ഥാ ഗവേഷണം ഉള്‍പ്പടെയുള്ള ഗവേഷണങ്ങള്‍ക്ക് 200 കിമീ ഉയരത്തിലുള്ള വിക്ഷേപണങ്ങളാണ് ആദ്യകാലങ്ങളില്‍ നടത്തിയിരുന്നത്. അത്തരം വിക്ഷേപണങ്ങള്‍ക്ക് അനുയോജ്യമായ ഇടമാണ് തുമ്പ. വടക്ക്, തെക്ക് ഭാഗത്ത് നിന്നുള്ള ആകാശം നല്ല രീതിയില്‍ കാണാം. ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള പ്രദേശം.
എന്നാല്‍ 1970 കളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രോ സാറ്റലൈറ്റ് ലോഞ്ച് പ്രോഗ്രാം ആരംഭിച്ചതോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ ആരംഭിച്ചത് 400 കിമീ പരിധിയില്‍ 40 കിലോഗ്രാം ഭാരം എത്തിക്കുകയായിരുന്നു എസ്എല്‍വി പദ്ധതിയുടെ ഉദ്ദേശം. ശ്രീഹരിക്കോട്ടയിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എസ്എല്‍വിയുടെ വിക്ഷേപണങ്ങള്‍.
കിഴക്കന്‍ ഭൂപ്രദേശം എന്നനിലയിലും ജനവാസ മേഖല കുറഞ്ഞയിടം എന്ന നിലയിലും വലിയ വിക്ഷേപണങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ശ്രീഹരിക്കോട്ട. കുലശേഖരപട്ടണത്തിന് കിഴക്കൻ തീരമേഖല എന്ന സവിശേഷതയുമുണ്ട്. തുമ്പ വിക്ഷേപണ കേന്ദ്രം യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ടുള്ള വിക്ഷേപണം വെല്ലുവിളിയാണ്.
എങ്കിലും നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ തുമ്പയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. പലവിധ ശാസ്ത്രീയ ഉപകരണങ്ങളുടെയും പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ആര്‍എച്ച് 200, ആര്‍എച്ച് 300എംകെ3, ആര്‍എച്ച് 560എംകെ 2 എന്നിവയാണ് ഇപ്പോള്‍ ഉപയോഗിക്കുന്ന സൗണ്ടിങ് റോക്കറ്റുകള്‍. ഇതില്‍ ആര്‍എച്ച് 200 വിക്ഷേപിക്കുന്നത് തുമ്പയില്‍ നിന്നാണ്.
സ്പേസ് പോര്‍ട്ടിനടുത്ത് നിര്‍മാണ പാര്‍ക്കും
കുലശേഖരപട്ടണത്ത് ചെറിയൊരു സ്പേസ് മാനുഫാക്ചറിങ് പാര്‍ക്കും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ബഹിരാകാശ പദ്ധതികള്‍ക്ക് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാവും ഇത്. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയുള്ള ബഹിരാകാശ കേന്ദ്രം എന്ന നിലയില്‍ കുലശേഖര പട്ടണത്തും സമീപ നഗരങ്ങളിലും സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വിവിധ സ്ഥാപനങ്ങളും ആരംഭിക്കാന്‍ ഇടയുണ്ട്.
വെല്ലുവിളികളും ആശങ്കകളും
ജനവാസ മേഖലയടക്കം ഏറ്റെടുത്തുകൊണ്ട് വലിയൊരു നിര്‍മാണ പദ്ധതി വരുമ്പോള്‍ സ്വാഭാവികമായും അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയരുക സ്വാഭാവികമാണ്. പ്രത്യേകിച്ചും ബഹിരാകാശ കേന്ദ്രവും വിക്ഷേപണത്തറയുമെല്ലാം നിര്‍മിക്കുമ്പോള്‍. മലിനീകരണം, അപകട സാധ്യത ഉള്‍പ്പടെയുള്ള ആശങ്കകള്‍ കുലശേഖരപട്ടണം ബഹിരാകാശ കേന്ദ്രവുമായി ബന്ധപ്പെട്ടും ഉയരുന്നുണ്ട്. ഒപ്പം സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിതമായി ജനങ്ങള്‍ക്ക് മാറിതാമസിക്കേണ്ടി വരുന്നതു. സ്ഥലത്തിന്റെ വില വര്‍ധിക്കുന്നതും റേഡിയോ വികിരണ ഭീതിയുമെല്ലാം കുലശേഖര പട്ടണത്തില്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രം വരുന്നതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.
Refernces
- https://medium.com/@backchodindian03/kulasekarapattinam-tamil-nadu-the-new-frontier-for-isros-second-spaceport-aee54a8d8c53
- https://timesofindia.indiatimes.com/blogs/chennaitalkies/better-late-than-never-countdown-begins-for-indias-second-spaceport/
- https://optimizeias.com/kulasekarapattinam-nervous-about-isros-rocket-launch-station-project/#:~:text=Why%20is%20Kulasekarapattinam%20being%20chosen,to%20fly%20around%20Sri%20Lanka.
- https://www.thehindu.com/sci-tech/science/second-spaceport-of-isro-to-be-set-up-at-kulasekarapattinam-in-tamil-nadu/article67403573.ece
- https://iasgatewayy.com/isros-second-spaceport-at-kulasekarapattinam-tn/
- https://en-m-wikipedia-org.translate.goog/wiki/Kulasekharapatnam?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
Content Highlights: Kulasekarapattinam indias second spaceport sslv launch pad
Published: 03 Nov 2023, 01:15 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented