'കാന്തികമല' അഥവാ 'ഗ്രാവിറ്റി ഹില്‍' എന്ന പ്രതിഭാസത്തില്‍ നിഗൂഢതയൊന്നും ഇല്ലെന്ന് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നു. റോഡിന്റെ ഇറക്കം നമുക്ക് കയറ്റമായി തോന്നിപ്പിക്കുന്ന ഒരു 'ദൃശ്യജാലം' മാത്രമാണത്!

To advertise here,

ന്യൂട്രലില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഗുരുത്വബലത്തിന് വിരുദ്ധമായി സ്വയം മലകയറുന്ന വിചിത്ര പ്രതിഭാസം, കര്‍ണാടകത്തിലെ നാഗര്‍ഹോള വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയെന്ന് അടുത്തയിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 'കാന്തികമല പ്രതിഭാസം' എന്നാണ് അതിനെ വിശേഷിപ്പിച്ചത്. രണ്ടു മലയാളി യുവാക്കള്‍, കര്‍ണാടക യാത്രയ്ക്കിടെ ഈ പ്രതിഭാസം നിരീക്ഷിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാനന്തവാടിയില്‍ നിന്ന് പോകുമ്പോള്‍ കുട്ട ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് നാഗര്‍ഹോള വനമേഖലയില്‍ രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഈ വിചിത്ര പ്രതിഭാസം കണ്ടത്. 

റോഡരികില്‍ കാട്ടുപോത്തിനെ കണ്ട് ഇറക്കത്തില്‍ ന്യൂട്രലിലാക്കി നിര്‍ത്തിയ കാര്‍, തനിയേ പിന്നോട്ടുരുണ്ട് കയറ്റം കയറുകയായിരുന്നു! ഒമാനിലെ സലാലയില്‍ മിര്‍ബാത്തിലുള്ള കാന്തികമല പ്രതിഭാസം പരിചയമുള്ളതിനാല്‍, നാഗര്‍ഹോളയില്‍ അത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് യുവാക്കള്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഈ പ്രതിഭാസം കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇതു വായിച്ച ചിലര്‍ എന്താണ് കാന്തികമല പ്രതിഭാസം, സംഗതി സത്യമാണോ എന്നൊക്കെ ഈ ലേഖകനോട് തിരക്കുകയുണ്ടായി. സംഭവം ജിജ്ഞാസാജനകമാണ്. ഗുരുത്വബലത്തിന് വിരുദ്ധമായി കാറുകളും, ഗോളാകൃതിയുള്ള വസ്തുക്കളും സ്വയം കയറ്റംകയറുക എന്നു പറയുമ്പോള്‍ പെട്ടന്നങ്ങ് വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സംഭവത്തിന് സാക്ഷിയായിട്ടുള്ള ഒട്ടേറെപ്പേര്‍ ഇത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. സ്വന്തം കണ്ണിനെ വിശ്വസിക്കാതിരിക്കുന്നത് എങ്ങന എന്നാണ് പലരുടെയും ചോദ്യം. യുട്യൂബില്‍ ഇതെപ്പറ്റി ധാരാളം വീഡിയോകളുമുണ്ട്. 

ലോകത്ത് ഏതാണ്ട് എല്ലാ നാട്ടിലും നിരീക്ഷിച്ചിട്ടുള്ള പ്രതിഭാസമാണിത്. മിക്കയിടത്തും പര്‍വ്വതമേഖലകളിലാണ് ഇത് കണ്ടിട്ടുള്ളത്. ഗ്രാവിറ്റി ഹില്‍സ് (gravity hills), ആന്റിഗ്രാവിറ്റി ഹില്‍സ് (antigravity hills), സ്പൂക്കി ഹില്‍സ് (spooky hills), മാഗ്നറ്റിക് ഹില്‍സ് (magnetic hills) എന്നിങ്ങനെ പല പേരുകളില്‍ ഈ പ്രതിഭാസം അറിയപ്പെടുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ന്യൂട്രലില്‍ നിര്‍ത്തിയിട്ട കാറുകള്‍ ചെരിവു തോന്നിക്കുന്ന റോഡിലൂടെ മുകളിലേക്ക് സ്വയം നീങ്ങുന്ന സ്ഥലങ്ങളെയാണ് ഇങ്ങനെ വിളിക്കുക. ഇന്ത്യയില്‍ ലഡാകിന് സമീപം പ്രസിദ്ധമായ ഒരു ഗ്രാവിറ്റി ഹില്‍ മേഖലയുണ്ട്. 

സംഭവം സത്യമാണെങ്കിലും, മിഥ്യയാണെങ്കിലും-ഇത്തരം സ്ഥലങ്ങള്‍ വലിയ തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. അവിടുത്തെ ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്ന വിശദീകരണമാണ് മിക്ക സന്ദര്‍ശകരും കേട്ടിട്ടുള്ളത്. നാഗര്‍ഹോളയില്‍ ഈ പ്രതിഭാസം കണ്ട യുവാക്കള്‍, സലാലയിലെ ടൂറിസ്റ്റ് ഗൈഡ് പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ ആധികാരികമെന്ന വിധത്തില്‍ വിവരിച്ചതാകാനാണ് സാധ്യത. 

മലയിലെ കാന്തികബലമാണ് കാറുകളെ മുകളിലേക്ക് നീക്കുന്നത് എന്നതാണ് ടൂറിസ്റ്റ് ഗൈഡുകള്‍ നല്‍കാറുള്ള ഒരു വിശദീകരണം. പക്ഷേ, കാന്തം ആകര്‍ഷിക്കാത്ത പ്ലാസ്റ്റിക് ഗോളങ്ങളും 'മലകയറാറുണ്ട്' എന്നു കാണുമ്പോള്‍, ഈ കാന്തിക വിശദീകരണത്തിന് നിലനില്‍പ്പില്ലാതെ വരുന്നു. മറ്റൊരു വിശദീകരണം ഇതാണ്: ഭൂമിയുടെ കേന്ദ്രത്തിലേക്കാണ് ഗുരുത്വബലം പ്രയോഗിക്കപ്പെടുക. എന്നാല്‍ ഇവിടെ, അജ്ഞാതമായ കാരണത്താല്‍ അതിന് അപഭ്രംശം സംഭവിക്കും. അതിന്റെ ഫലമായി ഗുരുത്വബലം മുകളിലേക്ക് കാറുകളെ കൊണ്ടുപോകുന്നു! മിക്കയിടത്തും ഇതാണ് വിശദീകരണമെങ്കിലും, സലാലയിലെ കാന്തികമല പ്രതിഭാസത്തിന് മറ്റൊരു കാരണം കൂടി പറയാറുണ്ട്: പ്രേതബാധ!

placeholder
ലഡാക്കില്‍ ഗ്രാവിറ്റി ഹില്‍ പ്രതിഭാസം നിരീക്ഷിച്ചിട്ടുള്ള പ്രദേശം. Pic Credit: Amit Rawat / flickr

സാധാരണക്കാരെ സംബന്ധിച്ച് 'വിളവലയങ്ങള്‍' (crop circles) പോലെ, നിഗൂഢമായ ഒന്നാണ് ഗ്രാവിറ്റി ഹില്‍ പ്രതിഭാസവും. ഇംഗ്ലണ്ടിലും മറ്റും ഗോതമ്പ് പാടങ്ങളിലോ ഓട്സ് പോലുള്ള ധാന്യങ്ങള്‍ വിളയുന്ന വയലുകളിലോ ആണ് വിളവലയങ്ങള്‍ പ്രത്യക്ഷപ്പെടാറ്. ധാന്യച്ചെടികളെ ഒടിക്കാതെ, പ്രത്യേകരീതിയില്‍ ചായ്ച്ചുവെച്ച് കൃത്യമായ ആകൃതികളും കുറ്റമറ്റ ചിത്രരൂപങ്ങളും നിര്‍മിക്കുകയാണ് വിളവലയ നിര്‍മാതാക്കള്‍ ചെയ്യുക. ആകാശത്തുനിന്ന് നോക്കുമ്പോള്‍ അപൂര്‍വമായ ലാന്‍സ്‌കേപ്പ് ചിത്രങ്ങളായി ഇവ കാണപ്പെടും. 

മറ്റു പല രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും, ദക്ഷിണ ഇംഗ്ലണ്ടാണ് ഈ പ്രതിഭാസത്തിന്റെ ആസ്ഥാനം. അന്യഗ്രഹജീവികള്‍ സൃഷ്ടിക്കുന്നതാണ് ഇവയെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍, ഡൗഗ് ബോവര്‍, ഡേവ് ചോര്‍ലി എന്നീ ചിത്രകാരന്‍മാര്‍ വലയങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ട് 1991-ല്‍ രംഗത്തു വന്നതോടെ കഥ മാറി. എങ്കിലും, അന്യഗ്രഹജീവി സിദ്ധാന്തം വിട്ടുകളയാന്‍ ഇപ്പോഴും പലരും തയ്യാറായിട്ടില്ല. 

ഗ്രാവിറ്റി ഹില്‍സ് പ്രതിഭാസം വിവിധ ഗവേഷകര്‍ പരിശോധിച്ചിട്ടുണ്ട്. അവരെല്ലാം എത്തിയ നിഗമനം ഒന്നാണ്: ഇതില്‍ നിഗൂഢതയോ അതീന്ദ്രിയ ശക്തികളുടെ സ്വാധീനമോ ഒന്നുമില്ല, ഇറക്കം കയറ്റമായി തോന്നിക്കുന്ന 'ദൃശ്യജാലം' (visual illusion) മാത്രമാണിത്! മരുഭൂമിയിലെ മരീചിക പോലെ മറ്റൊന്ന്. ചില സ്ഥലങ്ങളിലെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ്  ഈ ദൃശ്യജാലം സൃഷ്ടിക്കുന്നത്. ഈ മായക്കാഴ്ച മൂലം റോഡുകളുടെ ഇറക്കം കയറ്റമെന്ന് നമുക്ക് തോന്നും. ന്യൂട്രലിലാക്കി നിര്‍ത്തിയ കാര്‍ ഇറക്കത്തിലേക്ക് സ്വയം ഉരുളുമ്പോള്‍, അത് ഗുരുത്വബലത്തിന് വിരുദ്ധമായി കയറ്റത്തിലേക്ക് സഞ്ചരിക്കുന്നു എന്നും തോന്നും! അല്ലാതെ, പ്രേതങ്ങള്‍ക്കൊന്നും ഒരു റോളും ഇതിലില്ല. 

ഇത് വെറുതെ പറയുകയല്ല. ജിപിഎസ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച്, ഗ്രാവിറ്റി ഹില്‍ പ്രതിഭാസം കൃത്യമായി പഠിച്ച ശേഷം ശാസ്ത്രലോകം എത്തിയിട്ടുള്ള തീര്‍പ്പാണ്. ഈ പ്രതിഭാസം കാണപ്പെടുന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങളുടെ സ്ഥാനങ്ങളും, സമീപത്തെ ഭൂമിയുടെ ചെരിവും, ചിലപ്പോള്‍ ചക്രവാളത്തിന്റെ കാഴ്ചയും ഒക്കെ ഈ ദൃശ്യജാലത്തിന് വഴിമരുന്നിടുന്നു. 

ഇറ്റലിയില്‍ പാദുവ യൂണിവേഴ്‌സിറ്റിയിലെ മൂന്നു ഗവേഷകര്‍, 2003 ല്‍ ഗ്രാവിറ്റി ഹില്‍ പ്രതിഭാസം ലബോറട്ടറിയില്‍ സൃഷ്ടിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് 'സൈക്കോളജിക്കല്‍ സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. നാലു പരീക്ഷണങ്ങളാണ്, വ്യത്യസ്ത ഗ്രാവിറ്റി ഹില്‍  സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് അവര്‍ നടത്തിയത്. നാലു പരീക്ഷണത്തിലും കണ്ടത് ഒന്നുതന്നെ: ഗ്രാവിറ്റി ഹില്‍ പ്രതിഭാസം ഒരു ദൃശ്യജാലമാണ്. ഇറക്കം കയറ്റമായി തോന്നിക്കുന്ന പ്രതിഭാസം! യു.എസില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകന്‍ ബ്രോക്ക് വീസ് 2006 ല്‍ ഇതെക്കുറിച്ച് പഠിച്ച ശേഷം പറഞ്ഞതും ഇതുതന്നെ, ഗ്രാവിറ്റി ഹില്‍ പ്രതിഭാസം നമ്മുടെ തോന്നലാണെന്ന്!

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡിലെ ഫിലിപ്പ് ഗിബ്ബ്‌സ് 1996 ല്‍ ഇക്കാര്യത്ത കുറിച്ച് എഴുതിയിരുന്നു. റോഡിന്റെ ചെരിവ് നമ്മള്‍ തെറ്റായാണ് മനസിലാക്കുന്നത്. ചെരിവ് ഒരു ഡിഗ്രിയാണെങ്കില്‍, നോക്കുന്നയാള്‍ക്കത് അഞ്ചു ഡിഗ്രിയായാണ് അനുഭവപ്പെടുക. എന്നുവെച്ചാല്‍, അഞ്ചു ഡിഗ്രി ചെരിവ് 30 ഡിഗ്രിയായി തോന്നും. ഇക്കാരണത്താല്‍, 'ശരിക്ക് അറിയാമെങ്കില്‍ കൂടി, ഗ്രാവിറ്റി ഹില്‍ പ്രതിഭാസം നമുക്ക് വളരെ ശക്തമാണെന്ന് അനുഭവപ്പെടും'-ഗിബ്ബ്‌സ് പറയുന്നു. 

എന്നുവെച്ചാല്‍, കാരണം നന്നായി അറിയാവുന്നവര്‍ക്കു പോലും, ഗ്രാവിറ്റി ഹില്‍ പ്രദേശത്ത് കാറുകള്‍ 'മലകയറുന്നത്' കാണുമ്പോള്‍ അത് വിശ്വസിക്കാതിരിക്കുക പ്രയാസമാകും! കണ്ണുകളെ എങ്ങനെ വിശ്വസിക്കാതിരിക്കും എന്ന ചോദ്യമാണ് മനസിലുയരുക. ചിലയവസരങ്ങളില്‍ നമുക്ക് കണ്ണുകളെയും വിശ്വസിക്കാന്‍ കഴിയില്ല എന്നോര്‍ക്കുക! 

അവലംബം -

* Antigravity Hills are Visual Illusions. By Paola Bressan et al. Psychological Sience, 14, 441-449 (2003).
* I know a place where things seem to roll uphill. How does it work? By Philip Gibbs. University of California Riverside Article, 1996.
*  Physicists Show 'Antigravity' Mystery Spots Are Optical Illusions. Science Daily, June1, 2006. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: gravity hills, Antigravity, Apophenia, Antigravity hills, Visual Illusion, spooky hills