''ഇന്നലെച്ചെയ്‌തോരബദ്ധം
മൂഢർക്കിന്നത്തെ ആചാരമാവാം
നാളത്തെ ശാസ്ത്രമതാവാം..''
എന്ന് കുമാരനാശാൻ എഴുതിയിട്ടുണ്ട്. അത് മറ്റൊരുസാഹചര്യത്തെക്കുറിക്കാനാണെങ്കിലും ഇന്നലത്തെ അബദ്ധങ്ങൾ ഇന്നത്തെ നേട്ടങ്ങളാവുന്നത് ശാസ്ത്രലോകത്ത് പുത്തരിയൊന്നുമല്ല. വീണത് വിദ്യയാക്കുക, ഉർവശീശാപം ഉപകാരം എന്നൊക്കെയുള്ള ചൊല്ലുകൾ കേൾക്കാത്തവരുണ്ടാവില്ല. ചെയ്തത് അബദ്ധമാണെങ്കിലും അതിന്റെ ഫലം അനുഗ്രഹമാകുമ്പോൾ അത്തരക്കാരെ 'ശിക്കാരി ശംഭു' എന്ന് നമ്മൾ കളിയാക്കി വിളിക്കും. ശാസ്ത്രരംഗത്ത് മനുഷ്യൻ പലതും നേടിയത് ഈ 'ശിക്കാരിശംഭുത്തരം' വഴിതന്നെയാണ്. മനുഷ്യജീവിതം ഇത്രമേൽ സ്വസ്ഥവും സൗകര്യപ്രദവുമാക്കിയതിൽ ഇംഗ്ലീഷിൽ 'Serendiptiy' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഈ യാദൃശ്ചികതകൾക്ക് വലിയ പങ്കുണ്ട്. അവക്ക് പലതിനും  ത്രില്ലർ കഥകളേക്കാൾ ഹരവുമുണ്ട്. ഇന്ത്യയെ കണ്ടെത്താനുള്ള കൊളംബസ്സിന്റെ യാത്രയാണത്രെ വഴിതെറ്റി ഒടുവിൽ അമേരിക്ക കണ്ടുപിടിക്കാൻ കാരണമായത്. ഇങ്ങനെ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലുകളായ ചില അവിചാരിതകണ്ടുപിടിത്തങ്ങളുടെ കഥകൾ കേട്ടാലോ...?

To advertise here,

അജ്ഞാതമായ ആ വെളിച്ചം

1881 ജൂലായ് രണ്ടിന് വാഷിങ്ടൻ സി.സി.യിലെ റെയിൽവേ സ്‌റ്റേഷനിൽവെച്ചാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ജെയിംസ് എ ഗാർഫീൽഡിന് വെടിയേൽക്കുന്നത്. രാഷ്ട്രീയ എതിരാളിയായ ചാൾസ് ജെ ഗിറ്റ്വോ ആയിരുന്നു അക്രമി. ആദ്യവെടി കൈയിലും രണ്ടാമത്തേത് മുതുകിലൂടെ തുളഞ്ഞ് പാൻക്രിയാസിലും തങ്ങി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വെടിയുണ്ട കണ്ടെത്താനായില്ല. മെറ്റൽഡിറ്റക്ടർ ഉപയോഗിച്ചുനോക്കി, രക്ഷയില്ല. 80 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ജെയിംസ് അണുബാധ വന്ന് മരിച്ചു. 100 കൊല്ലത്തിനിപ്പുറം, 1981 മാർച്ച് 30 ന് ഇതേ വാഷിങ്ടണിൽ ഒരു പ്രസംഗം കഴിഞ്ഞു മടങ്ങുമ്പോൾ അന്നത്തെ പ്രസിഡന്റ് റൊണാൾഡ് റീഗനും വെടിയേറ്റു. ജോൺ ഹിങ്ക്‌ലി ജൂനിയറാണ് വെടിവെച്ചത്. ഇടതുകക്ഷത്തിലൂടെ വാരിയെല്ലും ശ്വാസകോശവും തുളച്ചാണ് വെടിയുണ്ട നിന്നത്. ഉടൻ ജോർജ്ജ് വാഷിങ്ടൺ ആശുപത്രിയിലെത്തിച്ച് എക്‌സ് റേ യന്ത്രംവഴി വെടിയുണ്ട കണ്ടെത്തി നീക്കം ചെയ്തു. അദ്ദേഹം വൈകാതെ സുഖം പ്രാപിക്കുകയും വീണ്ടും കുറേക്കാലം ജീവിക്കുകയും ചെയ്തു.

എക്‌സ്‌റേ എന്ന അത്ഭുത രശ്മി മനുഷ്യരാശിക്ക് നൽകിയ ആയുർദൈർഘ്യത്തെക്കുറിച്ച് എത്രപറഞ്ഞാലും മതിയാവില്ല. ഈ രശ്മിയുടെ കണ്ടെത്തൽ തികച്ചും യാദൃശ്ചികമായ സംഭവമായിരുന്നു എന്നുപറഞ്ഞാൽ വിശ്വസിക്കാനാവില്ല. ബവേറിയ വുസ്ബർഗിലെ ഭൗതികശാസ്ത്ര പ്രൊഫസറായിരുന്ന വില്യം കോൺറാസ് റോൺജൻ കാഥോഡ് രശ്മികൾക്ക് ഗ്ലാസിലൂടെ കടന്നുപോകാൻ കഴിയുമോ എന്ന് തന്റെ പരീക്ഷണശാലയിൽ പരിശോധിക്കുകയായിരുന്നു. ഒഴിഞ്ഞ കാഥോഡ് ട്യൂബിനുള്ളിൽ പ്രത്യേക വാതകം നിറച്ച് കട്ടിയുള്ള കറുത്ത തുണികൊണ്ട് പൊതിഞ്ഞു. അതിലൂടെ ഉയർന്ന വോൾട്ടേജ് കടത്തി. മുറി പൂർണമായും അടച്ചുപൂട്ടിയിട്ടുണ്ട്. എന്നിട്ടും തൊട്ടപ്പുറത്തെ ഫ്‌ളൂറസെന്റ് സ്‌ക്രീനിൽ ഒരു പച്ചവെളിച്ചം കാണുന്നു. എവിടെനിന്നാണെന്ന് റോൺജൻ പലതവണ പരിശോധിച്ചു. കണ്ടെത്താനാവുന്നില്ല. ആ വെളിച്ചം വരുന്ന ഭാഗത്ത് തന്റെ കൈ വെച്ചപ്പോൾ സ്‌ക്രീനിലെ കാഴ്ചകണ്ട് അദ്ദേഹം അലറിവിളിച്ചു. തന്റെ കൈപ്പത്തിയിലെ എല്ലുകൾ മുഴുവൻ സ്‌ക്രീനിൽ ! ഭാര്യ അന്ന ബർത്തയെ വിളിച്ച് അത് കാണിച്ചുകൊടുത്തു. ബാർത്തയും അവിടെ കൈപ്പത്തി വെച്ചു. റോൺജൻ ആ നിഴലിന്റെ പ്രിന്റ് എടുക്കുകയും ചെയ്തു. ലോകത്തിലെ ആദ്യത്തെ എക്‌സ് റേ ചിത്രം അവിടെ ജനിക്കുകയായിരുന്നു ! 1895 നവംബർ എട്ടിനായിരുന്നു ആ സംഭവം.

അത് എന്തുതരം രശ്മിയാണെന്ന് അറിയാത്തതുകൊണ്ടാണ് 'എക്‌സ് റേ' എന്നു പേരിട്ടത്. 1895 ഡിസംബർ 28 ന് റോൺജൻ ഇതുസംബന്ധിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ''ഓൺ എ ന്യൂ കിൻഡ് ഓഫ് റേയ്‌സ്'' എന്ന ആ പ്രബന്ധം പ്രസിദ്ധീകരിച്ച  തീയതിയാണ് എക്‌സ്‌റേയുടെ ജനനത്തീയതിയായി കണക്കാക്കുന്നത്. വൈദ്യശാസ്ത്രം, പുരാവസ്തു ശാസ്ത്രം, നരവംശശാസ്ത്രം, ആറ്റോമികശാസ്ത്രം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പുത്തൻ വഴികൾ വെട്ടിത്തുറന്ന കണ്ടുപിടിത്തമായിരുന്നു ഇത്. 1896 ലാണ് റേഡിയോ തെറാപ്പിയിലൂടെ ആദ്യ രോഗിയെ ചികിത്സിച്ചതെന്നാണ് പറയുന്നത്. 1930 കളിൽ യൂറോപ്പിലെ ഷൂ കമ്പനികൾ ഉപഭോക്താക്കൾക്ക് സൗജന്യ എക്‌സ്‌റേ പരിശോധന വാഗ്ദാനം ചെയ്തിരുന്നു..! ഷൂ വാങ്ങുന്നവർക്ക് സ്വന്തം കാലിന്റെ എല്ലുകൾ കാണാനുള്ള അവസരം. എന്നാൽ എക്‌സ്‌റേയുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങളെത്തുടർന്ന് 1950 കളിൽ അത് നിരോധിച്ചു. 1901- ൽ ആദ്യത്തെ ഭൗതിക നൊബേൽ സമ്മാനം ലഭിച്ചത് എക്‌സ് റേയുടെ കണ്ടുപിടിത്തത്തിനായിരുന്നു. എന്നാൽ ആ കണ്ടുപിടിത്തത്തിന് തന്റെ പേരിടുകയോ അതിന്റെ പേറ്റന്റിന് അപേക്ഷിക്കുകയോ നൊബേൽ സമ്മാനത്തുക സ്വന്തം ആവശ്യത്തിന് എടുക്കുകയോ റോൺജൻ ചെയ്തില്ല. അതെല്ലാം തനിക്ക് ഗവേഷണത്തിന് അവസരം നൽകിയ വുത്സ്ബർഗ്ഗ് സർവകലാശാലക്ക് നൽകുകയായിരുന്നു മഹാനായ ആ ശാസ്ത്രജ്ഞൻ.

ബാക്ടീരിയയുടെ കൊലയാളി

നിരന്തരം യുദ്ധങ്ങൾ നടന്നിരുന്ന കാലങ്ങളുണ്ടായിരുന്നു മനുഷ്യചരിത്രത്തിൽ. അന്ന് ഏറ്റവുമധികം മരണത്തിന് കാരണമായതും യുദ്ധങ്ങൾ തന്നെ. ഇന്നത്തെപ്പോലുള്ള മാരകമായ ആയുധങ്ങളൊന്നും ഇല്ലാത്ത കാലമായിരുന്നു അതെന്നോർക്കണം. എന്നിട്ടും എങ്ങനെയാണ് ഇത്രയും മരണങ്ങൾ. വാളും കുന്തവും ഉപയോഗിച്ചുള്ള ചെറിയ മുറിവുകൾപോലും അണുബാധവന്ന് പഴുത്ത് ആളുകൾ മരിച്ചുപോകുന്നതായിരുന്നു കാരണം. ഈ അണുബാധയെ തടയാൻ അന്നത്തെ ഔഷധങ്ങൾക്കൊന്നും കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് ആ യോദ്ധാവിന്റെ വരവ്. വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും വലിയ വിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന കണ്ടുപിടിത്തമായ ആന്റിബയോട്ടിക്ക്. അതോടെ അപകടകാരികളായ ബാക്ടീരിയകളെ മനുഷ്യൻ ചങ്ങലക്കിട്ടു. അവന്റെ ആയുസ്സ് പിന്നെയും നീണ്ടു. 

ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്കായ പെൻസിലിന്റെ കണ്ടുപിടിത്തതിനു പിന്നിലും ഒരു യാദൃച്ഛികതയുണ്ട്. ലണ്ടനിലെ സെന്റ്‌മേരീസ് ഹോസ്പിറ്റലിലെ ബാക്ടീരിയോളജിസ്റ്റായിരുന്നു അലക്‌സാണ്ടർ ഫ്‌ളെമിങ്. സ്‌കോട്ട്‌ലാൻഡിൽ അവധിക്കാലം കഴിഞ്ഞ് തന്റെ ലാബിലേക്ക് 1928 സെപ്റ്റംബർ 28 ന് അദ്ദേഹം തിരിച്ചെത്തി. പൊതുവെ ലാബ് വേണ്ടത്ര വൃത്തിയിൽ സൂക്ഷിക്കാറില്ലെന്ന ഒരു ചീത്തപ്പേര് അദ്ദേഹത്തിനുണ്ടായിരുന്നു. പരീക്ഷണത്തിനായി വളർത്തിയ സ്റ്റാഫെലോകോക്കസ് ഓറിയസ് ബാക്ടീരിയകളുടെ കോളനികളിലൊന്നിൽ ഒരു തരം പൂപ്പൽ വളർന്നത് അദ്ദേഹം കണ്ടു, നീലയും പച്ചയും കലർന്ന ഒരു ഫംഗസ്. മറ്റ് കോളനികളിൽ ബാക്ടീരിയ നന്നായി വളർന്നിരുന്നെങ്കിലും ആ പൂപ്പലുള്ള കോളനിയിൽ പൂപ്പലിന് ചുറ്റും ബാക്ടീരിയയുടെ സാന്നിധ്യമില്ല. അതിന്റെ അർത്ഥമെന്താണ്? ബാക്ടീരിയയെ നശിപ്പിക്കുന്ന എന്തോ ഒന്ന് ആ പൂപ്പലിലുണ്ടെന്നല്ലേ ? അദ്ദേഹത്തിന്റെ മനസ്സിൽ ഒരു ലഡുപൊട്ടി.

'പെൻസിലിയം നൊട്ടാറ്റം' എന്ന വിഭാഗത്തിൽ പെട്ടതാണ് ആ പൂപ്പലെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതിലെ ബാക്ടീരിയക്കെതിരേ പ്രവർത്തിക്കുന്ന ഘടകത്തെ മനസ്സിലാക്കി അതിന് 'പെൻസിലിൻ' എന്ന് പേരിട്ടു. 1929 ൽ ഫ്‌ളെമിങ് തന്റെ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചു. പക്ഷേ അതുകഴിഞ്ഞ് പത്തുവർഷം കഴിഞ്ഞിട്ടും പൂപ്പലിൽനിന്ന് 'പെൻസിലിൻ' എന്ന ഘടകം വേർതിരിച്ചെടുക്കുന്നതിൽ വേണ്ടത്ര വിജയിച്ചില്ല. അതിന് ഫ്‌ളെമിങ്ങിന് ഒരുപാട് പരിമിതികളുണ്ടായിരുന്നു. അതുകൊണ്ട് ഓക്‌സ്ഫഡ് സർവകലാശാലയിലെ പതോളജി ഡയരക്ടറായ ഡോ. ഹൊവാർഡ് ഫ്‌ളോറിയുടെ സഹായം തേടി. ഫ്‌ളോറിയും സഹപ്രവർത്തകനായ ബയോകെമിസ്റ്റ് ഡോ.ഏണസ്റ്റ് ചെയിനും ചേർന്ന് കൂടുതൽ ഗവേഷണങ്ങൾ നടത്തി. ഒടുവിൽ അവർ വിജയിച്ചു. 1940 ൽ ഗുരുതരമായ സ്‌ട്രെപ്‌റ്റോ കോക്കസ് ബാധിച്ച 50 എലികളിൽ പകുതിയെണ്ണത്തിന് അവർ പെൻസിലിൻ കുത്തിവെച്ചു. അതിന്റെ ഫലം അദ്ഭുതാവഹമായിരുന്നു, കുത്തിവെച്ചവ അതിജീവിച്ചു. ബാക്കിയുള്ളവ ചാവുകയും ചെയ്തു. 1941-ൽ മനുഷ്യശരീരത്തിൽ ആദ്യമായി പെൻസിലിൻ പ്രയോഗിച്ചത് ഓക്‌സ്ഫഡിലെ പോലീസുകാരനായ ആൽബട്ട് അലക്‌സാണ്ടറാണ്. അണുബാധകാരണം ദേഹംമുഴുവൻ കുരുക്കളായിരുന്നു അദ്ദേഹത്തിന്. പെൻസിലിൻ കുത്തിവെച്ചതോടെ കുരുക്കൾ അപ്രത്യക്ഷമായി. എന്നാൽ തുടർ ചികിത്സക്ക് ആവശ്യമായ പെൻസിലിൻ ഇല്ലാതായതോടെ കുറച്ചു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം മരിച്ചു.

1945-ലെ വൈദ്യശാസ്ത്ര നൊബേൽ പെൻസിലിനിന്റെ കണ്ടെത്തലിന് അലക്‌സാണ്ടർ ഫ്‌ളെമിങ്,ഡോ.ഹൊവാർഡ് ഫ്‌ളോറി, ഡോ.ഏണസ്റ്റ് ചെയിൻ എന്നിവർക്ക് ലഭിച്ചു.  അതിനു ശേഷം ഒട്ടേറേ ഗവേഷണങ്ങൾ ഈ മേഖലയിലുണ്ടായി. പലതരം ആന്റിബയോട്ടിക്കുകളെ ഇന്ന് മനുഷ്യജീവന് കാവലാളായി വികസിപ്പിച്ചു. ഒന്നാംലോക യുദ്ധത്തിൽ 18 ശതമാനത്തോളം മരണം ബാക്ടീരിയൽ ന്യൂമോണിയവഴിയായിരുന്നെങ്കിൽ രണ്ടാം ലോകയുദ്ധമായപ്പോഴേക്ക് അത് ഒരു ശതമാനമാക്കി കുറയ്ക്കാൻ കഴിഞ്ഞു. മുഖക്കുരുമുതൽ അർബുദം വരെ ചികിത്സിക്കാൻ ഇന്ന് വിവിധ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം തുടക്കം ഫ്‌ളെമിങിന്റെ ജീവിതത്തിലെ ആ അപ്രതീക്ഷിത സംഭവത്തിൽ നിന്നായിരുന്നു.

കറുമുറു തിന്നുന്ന കോൺഫ്‌ളേക്സിന്റെ കഥ...

ഇന്ന് ലോകത്തെമ്പാടും സുപരിചിതവും സാധാരണവുമായ ഭക്ഷണമാണ് കോൺഫ്‌ളേക്സ്. ഈ ഭക്ഷണം അബദ്ധവശാൽ കണ്ടെത്തിയതായിരുന്നു.  1894 ൽ ഡോക്ടറായ ജോൺ ഹാർവി കെല്ലോഗാണ് ഈ ഭക്ഷണം അവതരിപ്പിച്ചത് എന്ന് പറയുന്നു. ഇദ്ദേഹവും  സഹോദരനായ വിൽ കീത്ത് കെല്ലോഗും മിഷിഗണിലെ ബാറ്റിൽ ക്രീക്ക് നഗരത്തിൽ ഒരു ഹെൽത്ത് സ്പാ നടത്തിയിരുന്നു. വിശ്വാസചികിത്സ പോലുള്ള പലതരം ചികിത്സകളാണ് അവിടെ നടത്തിയിരുന്നത്. അവിടെവരുന്ന രോഗികൾക്ക് എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കണ്ടെത്താൻ പല പരീക്ഷണങ്ങൾ കെല്ലോഗ് സഹോദരങ്ങൾ നടത്തി.  അത് സസ്യാഹാരമാവണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ഗോതമ്പുമാവുകൊണ്ട് പലതരം ഭക്ഷണങ്ങൾ നിർമിച്ചുനോക്കി. ഒരിക്കൽ രാത്രി കുഴച്ചുവെച്ച ഗോതമ്പുമാവ് ഉപയോഗിക്കാൻ വൈകി. രാവിലെ അൽപം പുളിച്ചുപോയ മാവ് കളയാതെ അത് റോളറുകളിലൂടെ ഓടിച്ചപ്പോൾ ചെറിയ പാളികളായി മാറി. അത് ചുട്ടെടുക്കുമ്പോൾ നല്ല മുറുക്കമുള്ള ഭക്ഷണപദാർഥമായി മാറുകയും ചെയ്യുന്നു.

ഇതാണ് 'കോൺഫ്‌ളേക്‌സ്' എന്ന ജനകീയ ഭക്ഷണത്തിന്റെ ജനനരഹസ്യം. ഇത് കെല്ലോഗ് സഹോദരൻമാർ വലിയ ബിസിനസ്സാക്കി വികസിപ്പിച്ചു. അധികം വൈകാതെ ഈ ആശയത്തിന്റെ പിതൃത്വത്തിന്റെ പേരിൽ അവർതമ്മിൽ നിയമപോരാട്ടവുമുണ്ടായി.   കോൺഫ്‌ളേക്‌സിന്റെ ഉത്ഭവത്തിനു പിന്നിൽ മറ്റൊരു കഥകൂടി പറഞ്ഞുകേൾക്കുന്നുണ്ട്.  അതുപ്രകാരം, ക്രിസ്ത്യൻ വിശ്വാസധാരയായ സെവൻത് ഡേ അഡ്വന്റിസ്റ്റ് വിഭാഗത്തിൽപെട്ടവരായിരുന്നു കെല്ലോഗ് സഹോദരൻമാർ. അതിന്റേതായ വിശ്വാസദാർഢ്യവും അവർ കാണിച്ചു. മദ്യം, മാംസം, ലൈംഗികത എന്നിവ കടുത്ത പാപമാണെന്നവർ വിശ്വസിച്ചു. ലൈംഗികതയെ അടിച്ചമർത്താൻ ക്രൂരമായ ചില മാർഗ്ഗങ്ങൾപോലും ജോൺ ഹാർവി കെല്ലോഗ് ആവിഷ്‌കരിച്ചു. ഇത്തരം ചിന്തകളിൽ നിന്ന് അകന്നുനിൽക്കാനുതകുന്ന ഭക്ഷണരീതിക്കുവേണ്ടിയുള്ള അന്വേഷണമാണ് ഒടുവിൽ കോൺഫ്‌ളേക്സിലെത്തിയതെന്നാണ് ആ കഥ. എന്നാൽ ഈ കഥക്ക് സ്ഥിരീകരണമില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ കടുപ്പം അദ്ദേഹത്തിന്റെ പുസ്തകമായ 'പ്ലെയിൻ ഫാക്ട്‌സ് ഫോർ ഓൾഡ് ആൻഡ് യംഗ്; എംബരേസിങ് ദി നാച്വറൽ ഹിസ്റ്ററി ആൻഡ് ഹൈജീൻ ഓഫ് ഓർഗാനിക് ലൈഫ്' ൽ പറയുന്നുണ്ട്.

വിത്തിൽ നിന്ന് വെൽക്രോ ഉണ്ടായ കഥ

' കൊള്ളാൻ വല്ലതുമൊന്നു കൊടുക്കാൻ
ഇല്ലാതില്ലൊരു മുൾച്ചെടിയും
ഉദയക്കതിരിനിനെ മുത്തും മാനവ-
ഹൃദയപ്പനിനീർ പൂന്തോപ്പിൽ''
എന്ന് കവി വൈലോപ്പിള്ളി പാടിയിട്ടുണ്ട്. നമുക്കാവശ്യമില്ലാത്ത ഒരു മുൾച്ചെടിപോലും ഈ ലോകത്തില്ലെന്ന് സാരം. അതിനെ ശരിവെക്കുന്ന ഒരു കണ്ടുപിടിത്തത്തിന്റെ കഥയിതാ. പൊന്തക്കാടുകൾക്കിടയിലൂടെ നടന്നുപോകുമ്പോൾ നമ്മുടെ വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്ന പ്രത്യേകതരം ഉണങ്ങിയ കുഞ്ഞുകായ്കളെ ശ്രദ്ധിച്ചിട്ടില്ലേ ? അഗ്രത്തിൽ ചെറിയ കൊളുത്തുള്ള മുള്ളുകൾ നിറഞ്ഞ വിത്തുകൾ. അവ തുണിയിൽ പറ്റിപ്പിടിച്ചാൽപ്പിന്നെ വലിച്ചുപറിച്ചെടുക്കണം.  ഇത്തരം ഒരു വിത്തിൽ നിന്നാണ് ഇന്ന് നമ്മൾ പാദരക്ഷകളിലും വസ്ത്രങ്ങളിലുമൊക്കെ പരസ്പരം ഒട്ടിക്കാൻ ഉപയോഗിക്കുന്ന 'വെൽക്രോ' എന്നുവിളിക്കുന്ന വസ്തുവിന്റെ ആശയം ഉണ്ടാവുന്നത്. 

1941-ൽ സ്വിസ്സ് എൻജിനിയറായിരുന്ന ജോർജ്ജ് ഡി മെസ്ട്രാൽ കാട്ടിൽ ഒരു വേട്ടക്കിറങ്ങിയതായിരുന്നു.  പൊന്തക്കാടുകൾക്കിടയിലൂടെ കുറേദൂരം നടന്നു. അതിനിടയിലാണ് തന്റെ കുപ്പായത്തിൽ പലയിടത്തും പറ്റിപ്പിടിച്ച ഒരുതരം ഉണങ്ങിയ വിത്തുകൾ അദ്ദേഹം ശ്രദ്ധിച്ചത്. നമ്മളായിരുന്നെങ്കിൽ അതെല്ലാം വലിച്ചുപറിച്ചെറിഞ്ഞ് അടുത്ത പണിയിലേക്ക് ശ്രദ്ധിക്കും. എന്നാൽ മെസ്ട്രാൽ ചെയ്തത് അതായിരുന്നില്ല. ഇതെങ്ങനെ തന്റെ വസ്ത്രത്തിൽ ഇങ്ങനെ പറ്റിപ്പിടിച്ചിരിക്കുന്നു എന്നറിയാനുള്ള കൗതുകം അദ്ദേഹത്തിനുണ്ടായി. അവയിൽ ചിലത് അദ്ദേഹം എടുത്തുകൊണ്ടുപോയി ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പരിശോധിച്ചു. അപ്പോഴാണ് അതിലെ ഓരോ മുള്ളുകളുടെ അഗ്രവും കൊളുത്തുപോലെ അൽപം വളഞ്ഞിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഈ തന്ത്രം കൊള്ളാമല്ലോ എന്നാണ് അദ്ദേഹത്തിന് തോന്നിയത്. ഇതെങ്ങനെ നമുക്ക് ഉപയോഗപ്രദമാക്കാം എന്ന മെസ്ട്രാലിന്റെ ഗവേഷണത്തിന്റെ ഫലമാണ് ഇന്ന് നാം ഉപയോഗിക്കുന്ന പലതരം വെൽക്രോകൾ.  ബഹിരാകാശത്തെ പല ആവശ്യങ്ങൾക്കായി നാസ പോലും വെൽക്രോ ഉപയോഗിച്ചതോടെയാണ് ഇതിന്റെ ഉപയോഗം വ്യാപകമായത്. 1955 ൽ വെൽക്രോ യുടെ കണ്ടുപിടിത്തത്തിന് സ്വിറ്റ്‌സർലാൻഡ് സർക്കാരിന്റെ പേറ്റന്റും നേടി.

ടെഫ്‌ളോണിന്റെ അപ്രതീക്ഷിതവരവ്

നോൺസ്റ്റിക് ടെഫ്‌ളോൺ കോട്ടഡ് പാത്രങ്ങൾ ഒന്നെങ്കിലും ഉപയോഗിക്കാത്ത വീടുകൾ ഇന്ന് ഉണ്ടാവാനിടയില്ല. ദോശയും മറ്റും ഉണ്ടാക്കുമ്പോൾ മാവ് കല്ലിലൊട്ടിപ്പിടിക്കുന്നത് വല്ലാത്തൊരു നൂലാമാലതന്നെയായിരുന്നു ഒരുകാലത്ത്. ഈ ശല്യം ഒഴിവായത് ടെഫ്‌ളോൺ പതിച്ച പാത്രങ്ങളുടെ വരവോടെയാണ്. പാത്രങ്ങളിൽ മാത്രമല്ല, വാഹനങ്ങളുടെ തിളക്കത്തിന്, ഇസ്തിരിപ്പെട്ടിയുടെ പ്രതലം, വെൽഡിങ് ഗ്ലാസുകൾ, വയറുകൾ, പൈപ്പുകൾ..അങ്ങനെ ടെഫ്‌ളോൺ ഉപയോഗിക്കാത്ത മേഖലകൾ കുറവാണ്. ചന്ദ്രനിലേക്കയച്ച വാഹനത്തിൽവരെ ഈ പോളി ടെട്രാ ഫ്‌ളൂറോ എത്തിലിൻ(പി.പി.എഫ്.ഇ.) എന്ന ടെഫ്‌ളോണിന് റോളുണ്ട്. ഇതിന്റെ കണ്ടുപിടിത്തം നടന്നത് ഇങ്ങനെയാണ്. അമേരിക്കയിലെ ഡ്യൂപോന്റ് കമ്പനിയിലെ രസതന്ത്രശാസ്ത്രജ്ഞനായിരുന്നു ഡോ.റോയ് പ്ലങ്കറ്റ്. നിലവിലുണ്ടായിരുന്ന സൾഫർ ഡൈഓക്‌സൈഡിനേക്കാളും അമോണിയയേക്കാളും മികച്ച ഒരു ശീതീകരണ വാതകം കണ്ടുപിടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള നിരന്തരപരീക്ഷണങ്ങൾക്കിടയിൽ ഒരു ദിവസം അദ്ദേഹം നൂറുപൗണ്ട് ടെട്രാഫ്‌ളൂറോ എത്തിലിൻ വാതകം ക്ലോറിനേറ്റ് ചെയ്യുന്നതിന് മുൻപ് ഡ്രൈ ഐസ് താപനിലയിൽ ഒരു ചെറുസിലിൻഡറിൽ നിറച്ചു. അടുത്തദിവസം ഈ സിലിൻഡർ ഉപയോഗിക്കാൻ എടുത്തപ്പോൾ അതിൽനിന്ന് അൽപം പോലും വാതകം പുറത്തേക്കു വന്നില്ല. മാത്രമല്ല, സിലിൻഡറിനാണെങ്കിൽ മുൻപത്തെ അതേ ഭാരംതന്നെ തോന്നുകയും ചെയ്തു.

അവർ അത് തുറന്നുനോക്കിയപ്പോൾ കണ്ടത് ഒരു വെളുത്ത പൊടി. ടി.എഫ്.ഇ. പോളിമറൈസ് ചെയ്തതായി അദ്ദേഹം കണ്ടു. താൻ ഉദ്ദേശിച്ചകാര്യം നടന്നില്ലെന്ന് പ്ലങ്കറ്റിന് മനസ്സിലായെങ്കിലും ഈ പൊടി അദ്ദേഹം വിശദമായി പരിശോധിച്ചു. അപ്പോഴാണ് അതിന്റെ ഉയർന്ന താപപ്രതിരോധശേഷിയും രാസപരമായ പാർശ്വഫലമില്ലായ്മയും ശ്രദ്ധയിൽ പെട്ടത്. അതിന് അദ്ദേഹം ടെഫ്‌ളോൺ എന്നു പേരിട്ടു. 1946 ലായിരുന്നു ആ സംഭവം. ആദ്യഘട്ടത്തിൽ അത് മറ്റുപല കാര്യങ്ങൾക്കുമായാണ് ഉപയോഗിച്ചത്. പിന്നീടാണ് ടെഫ്‌ളോണിന്റെ ഉപയോഗം ഇന്നുകാണുന്നതരത്തിൽ വിശാലമായത്.

അബദ്ധത്തിലുണ്ടായ മൈക്രോവേവ് ഓവൻ

മൈക്രോവേവ് ഓവൻ ഇപ്പോൾ ഒരു സാധാരണ പാചകസഹായിയായിക്കഴിഞ്ഞു. എന്നാൽ ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തവും ഒരു അബദ്ധത്തിൽ നിന്നായിരുന്നു. അതും നടന്നത് 1946-ൽത്തന്നെ. കേംബ്രിഡ്ജിലെ പ്രസിദ്ധമായ റെയ്ത്തിയോൺ കമ്പനിയിലെ എൻജിനിയറായിരുന്നു പേഴ്‌സി സ്‌പെൻസർ. സൂക്ഷ്മതരംഗങ്ങൾ ഉത്പാദിപ്പിക്കുന്ന റഡാറിലെ മാഗ്നെട്രോൺ ട്യൂബ് പരിശോധിക്കുന്നതിനിടെ  അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു ചോക്ലേറ്റ് കഷ്ണം ഉരുകിയിരിക്കുന്നു. അതിനുള്ള ചൂട് എവിടെനിന്ന് വന്നു..? അദ്ദേഹം ചിന്തിച്ചു. മാഗ്നെട്രോൺ ട്യൂബിൽ നിന്നല്ലാതെ മറ്റൊരിടത്തുനിന്നാവാൻ തരമില്ല. അദ്ദേഹം വീണ്ടും പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. പോപ്‌കോൺ, കോഴിമുട്ട പോലുള്ള  ഭക്ഷ്യവസ്തുക്കൾ ഈ ട്രൂബിന് സമീപം വെച്ചു. അദ്ഭുതം, അവ കുറച്ചുസമയം കൊണ്ട് പൊരിഞ്ഞ, പുഴുങ്ങിയ അവസ്ഥയിലാവുന്നു !  തീയില്ലാതെത്തന്നെ വൈദ്യുതകാന്തിക തരംഗങ്ങൾകൊണ്ട് ആഹാരസാധനങ്ങൾ പാകംചെയ്യാനാവുമെന്ന് അദ്ദേഹത്തിന് ബോധ്യമായി. അവിടെ നിന്നാണ് നാം ഇന്നുകാണുന്ന മൈക്രോവേവ് ഓവനുകളുടെ തുടക്കം. ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോവേവ് ഓവനായ 'റഡാറേഞ്ച്' വിപണിയിലെത്തുന്നത് 1947 ലാണ്. 1950 ൽ അദ്ദേഹം ഈ കണ്ടുപിടിത്തത്തിന് കുത്തകനേടി.

അങ്ങനെയാണ് ഫോട്ടോസ്റ്റാറ്റ് ഉണ്ടായത്

ഒരു തവണയെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാത്തവരുണ്ടാകില്ല. നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട് ഫോട്ടോസ്റ്റാസ്റ്റ് യന്ത്രം. എങ്ങനെയാണ് നമ്മുടെ കൈയിലുള്ള ഒരു പേപ്പറിന് സമാനമായ കോപ്പി ആ യന്ത്രം തരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? നിത്യോപയോഗവസ്തുപോലെയായ ഫോട്ടോസ്റ്റാറ്റിന്റെ കണ്ടുപിടിത്തത്തിന് പിന്നിലും ഒരു അബദ്ധത്തിന്റെ കഥയുണ്ട്.

പ്രശസ്ത അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന ചെസ്റ്റർ കാൾസൺ 1938 ൽ തന്റെ ലാബിൽ ഒരു ഇലക്ട്രോസ്റ്റാറ്റിക് ചാർജിങ് ഉപകരണം നിർമിക്കാനുള്ള ശ്രമത്തിലായിരുന്നു.  അതിനായി ഒരു സിങ്ക് പ്ലേറ്റിൽ സൾഫർ പൂശി അതിലേക്ക് ഉയർന്ന വോൾട്ടേജ് പ്രയോഗിച്ചു. വെളിച്ചത്തിലേക്ക് അത് തുറന്നുവെക്കുകയും ചെയ്തു. അപ്പോൾ അതിൽ പറ്റിപ്പിടിച്ച ഒരു പൊടിയുടെ ചിത്രം പ്ലേറ്റിൽ കാണാൻ കഴിഞ്ഞു. അത് കാൾസൺ ശ്രദ്ധിച്ചു. വീണ്ടും സിങ്ക് പ്ലേറ്റിൽ ലൈക്കോപോഡിലം പൊടിവിതറി ഒരിക്കൽകൂടി വെളിച്ചത്തിലേക്ക് കാണിച്ചു. പോസിറ്റീവ് ചാർജ്ജുള്ള ഭാഗങ്ങളിൽ പൊടി പറ്റിപ്പിടിച്ച് ഒരു പകർപ്പിന്റെ രൂപമുണ്ടാവുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അടുത്ത ചിന്ത ഈ പ്രതിഭാസം എങ്ങനെ സൾഫർ പ്രതലത്തിൽ നിന്ന് ഒരു കടലാസിലേക്ക് മാറ്റാം എന്നതായിരുന്നു. ആ ചിന്തയാണ് വ്യക്തമായ പകർപ്പുകളുടെ ഒരു ലോകത്തേക്ക് വാതിൽ തുറന്നത്.

അതിനായി ഒരു ഫോട്ടോ കണ്ടക്ടീവ് ഉപരിതലത്തിന് അദ്ദേഹം പോസിറ്റീവ് ചാർജ്ജ് നൽകി. ഒരു ചിത്രത്തിലേക്ക് ഉപരിതലത്തെ തുറന്നുകാണിച്ചു. ഉപരിതലത്തിൽ നെഗറ്റീവ് ചാർജ്ജുള്ള പൊടിവിതറി. പോസിറ്റീവ്ചാർജ്ജുള്ള ഒരു പേപ്പർ പൊടിക്കുമുകളിൽ വെച്ചു. പൊടി ചൂടോടെ പേപ്പറിന്റെ പോസിറ്റീവ് ചാർജ്ജുള്ള ഭാഗങ്ങളിലേക്ക് പകർത്തപ്പെട്ടു.  വിപരീത വൈദ്യുതചാർജ്ജുകളുള്ള വസ്തുക്കൾ ആകർഷിക്കുമെന്നും ചില വസ്തുക്കൾ വെളിച്ചത്തിൽ വരുമ്പോൾ വൈദ്യുതിയുടെ മികച്ച ചാലകങ്ങളായി മാറുമെന്നുമുള്ള  തത്വങ്ങളുപയോഗിച്ചാണ് കാൾസൺ ഒരു ചിത്രം ഒരു പ്രതലത്തിൽ നിന്ന് മറ്റൊന്നിലേക്ക് പകർത്തുന്ന വിദ്യ വികസിപ്പിച്ചത്. ഇതിന് ആറുഘട്ടങ്ങൾ വേണ്ടിവന്നു. എന്നാൽ ആധുനികരീതിയിൽ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ പൂർവികനെ വികസിപ്പിക്കുന്നത് വീണ്ടും 11 വർഷം കഴിഞ്ഞാണ്.

പൊട്ടിച്ചിതറാത്ത വിൻഡ്ഷീൽഡ് ഗ്ലാസുകൾ

ഒരു കുപ്പിയോ കണ്ണാടിയോ കൈയിൽ നിന്നു വീണാൽ അത് നൂറുകഷ്ണങ്ങളായി ചിതറുന്നത് കണ്ടിട്ടില്ലേ.?  ശ്രദ്ധിച്ചില്ലെങ്കിൽ അതിന്റെ മുനതട്ടി നമുക്ക് മുറിയാനുമിടയുണ്ട്. എന്നാൽ ഒരു വാഹനാപകടം നടന്നാൽ വാഹനത്തിലെ ഗ്ലാസുകൾ ഇങ്ങനെ പൊട്ടിച്ചിതറാറില്ല. ഒരു വലയിൽ ഒട്ടിപ്പിടിച്ചപോലെ ആ ഗ്ലാസ് കഷ്ണങ്ങൾ ചേർന്നുനിൽക്കും. ഈ തന്ത്രംകൊണ്ട് എത്ര ജീവനുകൾ ലോകത്ത് ഓരോദിവസവും രക്ഷപ്പെടുന്നുണ്ടെന്നറിയാമോ ? അല്ലായിരുന്നെങ്കിൽ ഈ ഗ്ലാസ് കുത്തിക്കയറി മാത്രം ആയിരങ്ങൾ മരിച്ചുപോകുമായിരുന്നു. എന്താണ് ഈ ഗ്ലാസിന്റെ ഗുട്ടൻസ്..?  അതിന്റെ പിന്നിലും ഒരു അബദ്ധമുണ്ട്.

ഫ്രഞ്ച് കെമിസ്റ്റും ചിത്രകാരനും എഴുത്തുകാരനുമൊക്കെയായിരുന്ന എഡ്വേർഡ് ബെനഡിക്ടസ് 1903ൽ ഒരു കോണി കയറുന്നിതിനിടയിൽ ഷെൽഫിൽ വെച്ചിരുന്ന ഫ്‌ളാസ്‌കിൽ കൈ തട്ടി. അദ്ദേഹം പരീക്ഷണങ്ങൾക്കുപയോഗിച്ചിരുന്ന ഗ്ലാസുകൊണ്ടുള്ള ആ ഫ്‌ളാസ്‌ക് താഴെവീണു. ഗ്ലാസ് പൊട്ടിയ ശബ്ദം ബെനഡിക്റ്റസും കേട്ടു. എന്നാൽ താഴെയിറങ്ങി ഫ്‌ളാസ്‌ക് എടുത്തുനോക്കിയപ്പോൾ കണ്ടത് ഒറ്റ ചില്ലുപോലും പുറത്തേക്കു വരാത്തവിധം അതിൽത്തന്നെ പറ്റിപ്പിടിച്ചുനിൽക്കുന്നതാണ്. ഇതുകൊള്ളാമല്ലോ എന്നായി അദ്ദേഹത്തിന്റെ ചിന്ത. ഇതെങ്ങനെ സംഭവിച്ചു എന്നദ്ദേഹം ചിന്തിച്ചു. അപ്പോഴാണ് ഈ പാത്രം നേരത്തേ സെല്ലുലോസ് നൈട്രേറ്റ് നിറച്ചുവെക്കാൻ ഉപയോഗിച്ചിരുന്ന കാര്യം ഓർമവന്നത്. അപ്പോൾ അവനാണ് നായകൻ, അദ്ദേഹം വീണ്ടും ഇതേ പരീക്ഷണം നടത്തി. പിന്നെ രണ്ട് ഗ്ലാസ്പാളികൾക്കിടയിൽ സെല്ലുലോയ്ഡ് നിറച്ച് അവയെ യോജിപ്പിച്ച് അദ്ദേഹം ആദ്യത്തെ ലാമിനേറ്റഡ് ഗ്ലാസ് ഉണ്ടാക്കി. 1909-ൽ അദ്ദേഹം അതിന് പേറ്റന്റും നേടി.

1919 ൽ ഹെന്റി ഫോർഡ് തന്റെ വാഹനങ്ങളിലെല്ലാം ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഈ രീതി പ്രചരിച്ചത്. ഫോർഡിനും കൂട്ടുകാർക്കും നേരത്തേ ഒരു വാഹനാപകടത്തിൽ ഗ്ലാസ് കുത്തിക്കയറി പരിക്കേറ്റിരുന്നു. അതാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. പിൽക്കാലത്ത് പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഷീൽഡുകൾ ഉണ്ടാക്കാനും ഇതേ സാങ്കേതിക വിദ്യ ഉപകാരപ്പെട്ടു. ഇന്നും നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നത് ബെനഡിക്ടസ് അബദ്ധത്തിൽ കണ്ടുപിടിച്ച അതേ ഗ്ലാസാണ്.

ഇങ്ങനെ പരീക്ഷണങ്ങൾക്കിടയിലും അല്ലാതേയും ശാസ്ത്രജ്ഞർക്ക് സംഭവിച്ച അബദ്ധങ്ങൾ മാനവരാശിക്ക് മുതൽക്കൂട്ടായതിന്റെ ഒട്ടേറേ ഉദാഹരണങ്ങൾ ഇനിയുമുണ്ട്. അബദ്ധമാണെങ്കിൽപ്പോലും അത് ശാസ്ത്രത്തിന്റെ വഴിയിലൂടെയാവുമ്പോൾ അനുഗ്രഹമാകുമെന്നതാണ് നമ്മുടെ അനുഭവം.