ബെയ്ജിങ്: മനുഷ്യപരിണാമത്തിലെ പുതിയ കണ്ണിയാകാൻ ഇടയുള്ള ഫോസിൽ ചൈനയിൽ കണ്ടെത്തി. മൂന്നുലക്ഷം വർഷമാണ് പഴക്കം. താടിയെല്ലുണ്ടെങ്കിലും താടിയില്ല എന്നതാണ് കിഴക്കൻ ചൈനീസ് പ്രവിശ്യയായ അൻഹുയിയിൽനിന്നു ലഭിച്ച ഫോസിലിന്റെ സവിശേഷത.

To advertise here,

പുരാതന മനുഷ്യന്റെയും ആധുനികമനുഷ്യന്റെയും സവിശേഷതകൾ സംയോജിച്ച ഈ താടിയെല്ല് ശാസ്ത്രലോകത്തിന് അജ്ഞാതമായ മനുഷ്യവർഗത്തിന്റേതായിരിക്കുമെന്നു കരുതുന്നു. പരിണാമവൃക്ഷത്തിലെ ഒട്ടേറെ മനുഷ്യമാതൃകകളുമായി താരതമ്യം ചെയ്താണ് ഈ അനുമാനം. നിയാണ്ടർത്താലുകൾ, ഹോമോ സാപ്പിയൻസ്, ഹോമോ ഇറക്ടസ് എന്നിവയുടേതുൾപ്പെടെ 83 താടിയെല്ലുകളുമായാണ് താരതമ്യം ചെയ്തത്. ബെയ്ജിങ്ങിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വെർടിബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയോ ആന്ത്രോപോളജിയിലെ ഗവേഷകയായ സിയുജി വുവും സംഘവുമാണ് പഠനത്തിനുപിന്നിൽ. 2015-ലാണ് ഹുവാലോങ്‌ഡോങ് ഗുഹയിൽനിന്ന്‌ 16 ഫോസിലുകൾ കിട്ടിയത്. കൂടുതലും 12-നും 13-നും ഇടയിൽ പ്രായമുള്ള കുട്ടിയുടെ തലയോട്ടിയുടെ ഭാഗങ്ങളായിരുന്നു.

മനുഷ്യകുടുംബവൃക്ഷത്തിൽ എവിടെയാണ് ഹുവാലോങ്‌ഡോങ്‌ ജനതയുടെ സ്ഥാനം എന്നറിയാൻ കൂടുതൽ പഠനം വേണ്ടിവരും. പഠനം ജേണൽ ഓഫ് ഹ്യൂമൻ എവലൂഷനിൽ പ്രസിദ്ധീകരിച്ചു.