ആകസ്മികമായി നമ്മുടെ ചുറ്റുപാടും സംഭവിയ്ക്കുന്ന ചെറിയ കൗതുകകരമായ കാര്യങ്ങൾ ചിലപ്പോൾ വലിയ അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതായി കാണാം. ആവർത്തിച്ച് പറയാനും കേൾക്കാനും പറ്റുന്ന ഒരു കഥ ഇതിനു പിന്നിലുണ്ടെങ്കിൽ അത് കൂടുതൽ രസകരമാകും. ഒരു ആധുനിക നാടോടിക്കഥ പോലെ തോന്നിപ്പിയ്ക്കുന്ന അത്തരത്തിലൊരു യഥാർഥ കഥയാണ് 'ഷിക്കാഗോ റാറ്റ് ഹോൾ' എന്ന പേരിൽ പ്രശസ്തമായ ഷിക്കാഗോയിലെ എലി അടയാളം.

To advertise here,

ഷിക്കാഗോ നഗരത്തിനുള്ളിലെ റോസ്‌കോ എന്ന ഒരു ചെറു ഗ്രാമം. അനവധി പാർക്കുകളും തടാകവും മനോഹരമായ തെരുവുകളുമുള്ള ഈ ഗ്രാമത്തിലേയ്ക്ക് അടുത്ത നഗരത്തിൽ നിന്നുള്ളവർ കുടുംബത്തോടെ സായാഹ്നങ്ങളിൽ വന്നുപോകാറുണ്ട്. സൂര്യൻ എത്തി നോക്കാൻ മടിച്ച റോസ്‌കോയിലെ ഒരു നനുത്ത പ്രഭാതത്തിൽ കുറച്ചുപേർ തെരുവിലെ പൊട്ടിപൊളിഞ്ഞ നടപ്പാത നവീകരിയ്ക്കുന്നു. അതിന്റെ ഭാഗമായി പുതിയ സ്ലാബുകൾ കോൺക്രീറ്റ് ചെയ്യുകയാണ്. പെട്ടെന്ന് തന്നെ തങ്ങളുടെ ജോലി പൂർത്തിയാക്കി അവർ സ്ഥലംവിട്ടു.

പെട്ടെന്ന് തൊട്ടടുത്ത മരത്തിന്റെ ചില്ലയിൽ നിന്ന് ഒരു ജീവി അബദ്ധത്തിൽ ഉണങ്ങാത്ത കോൺക്രീറ്റ് തറയിലേയ്ക്ക് വീഴുന്നു. കോൺക്രീറ്റ് മിശ്രിതത്തിൽ അകപ്പെട്ട് പോയത് കൊണ്ട് അതിന് പുറത്തുകടക്കാൻ സാധിയ്ക്കുന്നില്ല. കൈകാലുകൾ ചലിപ്പിക്കാനാകാതെ അത് കിടന്നു. അല്പസമയത്തിന് ശേഷം അത് അവസാനശ്വാസം വലിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അതുവഴി വന്ന ഒരു വലിയ പക്ഷി അതിനെ റാഞ്ചിക്കൊണ്ടു പോകുന്നു. ജീവി കിടന്ന ഭാഗത്ത് സ്ലാബിൽ സാമാന്യം വലിയ ഒരു എലിയുടെ രൂപം ഒരു കുഴി പോലെ രൂപപ്പെട്ടിരുന്നു. വൈകുന്നേരമായപ്പോഴേയ്ക്കും കോൺക്രീറ്റ് സെറ്റായി ഉറച്ചു. വർഷങ്ങളോളം ആരും അതിനെ ശ്രദ്ധിച്ചിരുന്നില്ല.

എന്നാൽ 2024 ജനുവരിയിൽ ഷിക്കാഗോയിലെ ഒരു ഹാസ്യകലാകാരനും എഴുത്തുകാരനും നിരവധി ഗെയിമുകളുടെ സൃഷ്ടാവുമായ 'വിൻസ്ലോ ദുമൈൻ' എന്ന വ്യക്തി റോസ്‌കോയിലെ നടപ്പാതയിൽ സാമാന്യം വലിപ്പമുള്ള ഈ എലിയടയാളം കാണുന്നു. അദ്ദേഹം ഉടൻ തന്നെ അതിന്റെ ഫോട്ടോ എടുത്ത് എക്‌സിൽ പോസ്റ്റ് ചെയ്യുന്നു. 'ഷിക്കാഗോ എലിക്കുഴിയിലേയ്ക്ക് ഒരു തീർത്ഥാടനം തന്നെ നടത്തേണ്ടിയിരിയ്ക്കുന്നു' എന്ന ഒരു കുറിപ്പും ഫോട്ടോയുടെ കൂടെ ഉണ്ടായിരുന്നു. വളരെ ലളിതവും മനോഹരവുമായ ഈ പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അൻപത് ലക്ഷത്തിലധികം ആൾക്കാർ കണ്ടു. ലോകം മുഴുവൻ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി.

അന്നുവരെ ആരും ശ്രദ്ധയ്ക്കാതിരുന്ന ഈ റാറ്റ് ഹോൾ കാണാൻ വേണ്ടി ജനങ്ങളുടെ പ്രവാഹമായി. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി അത് മാറി. ചിലർ അതിനെ ഒരു പുണ്യസ്ഥലമായി കരുതി. അവിടെ നാണയങ്ങളും പൂക്കളും മെഴുകുതിരിയും ചീസും വൈനും മറ്റും കാണിയ്ക്കയായി വെയ്ക്കാൻ തുടങ്ങി. ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയുടെ പിന്തുണയ്ക്ക് പ്രതീകമായി അവർ അവിടെ ഹോർമോൺ ഗുളികകൾ വിതറി. ഒന്നോ രണ്ടോ വിവാഹങ്ങൾ വരെ ഈ എലിക്കുഴിയ്ക്കരികെ നടന്നു. ജനങ്ങൾ വലിയ താൽപ്പര്യം കാണിച്ചതിനെ തുടർന്ന് രാഷ്ട്രീയക്കാരും ജില്ലാ ഭരണാധികാരികളും ഇതിനെ പ്രോത്സാഹിപ്പിച്ചു.

എലിക്കുഴിയുടെ ആകൃതിയും രൂപവും കണ്ടിട്ട് അവിടങ്ങളിൽ കണ്ടുവരുന്ന ഷിക്കാഗോ ബ്രൗൺ എലിയാണ് ഈ പാട് ഉണ്ടാക്കിയതെന്ന് നാട്ടുകാർ വിശ്വസിച്ചു. 2025 ൽ ഒരു പറ്റം ശാസ്ത്രജ്ഞർ ഏതു ജീവിയാണ് ശരിയ്ക്കും ഈ ആകൃതി ഉണ്ടാക്കിയതെന്ന് പഠിയ്ക്കാൻ തീരുമാനിച്ചു. എലിക്കുഴിയിലെ കാലുകളുടെയും ശരീരത്തിന്റെയും വാലിന്റെയും കൃത്യമായ അളവുകൾ അവർ എടുത്തു. ആ പ്രദേശത്ത് കാണുന്ന എലിവർഗത്തിൽപെട്ട ജീവികളുടെ അളവുകൾ അടുത്തുള്ള മ്യൂസിയത്തിൽ നിന്നും ശേഖരിച്ചു. അങ്ങനെ വിവിധവർഗത്തിൽ പെട്ട ഒരു ഡസനോളം ജീവികളുടെ അളവുകൾ എടുത്തു. ഈ അളവുകൾ ഒരു സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ഉപയോഗിച്ച് എലിക്കുഴിയുമായി താരതമ്യം ചെയ്തു വിശദമായി പഠിച്ചു. വളരെ രസകരമായ ഈ പഠനത്തിൽ ഒരു അത്ഭുതകരമായ കാര്യം കണ്ടെത്തി. എലിക്കുഴിയുടെ യഥാർഥ സൃഷ്ടാവ് ഒരു എലിയല്ല. അവിടങ്ങളിൽ കാണുന്ന ഈസ്റ്റേൺ ഗ്രേ സ്‌ക്വിറൽ എന്ന അണ്ണാനാണ്.

ഇവിടെ അടയാളത്തിലെ വാലിന്റെ ആകൃതി ഒരു പ്രശ്‌നമായി മാറി. അത് എലിയുടെ പോലെ ആയിരുന്നു. ഗവേഷകർ അത് ഇങ്ങനെ വിശദീകരിയ്ക്കുന്നു: അണ്ണാന്റെ വാല് രോമങ്ങൾ നിറഞ്ഞതാണെങ്കിലും നേർത്ത രോമങ്ങൾക്ക് നനഞ്ഞ കോൺക്രീറ്റ് പോലുള്ള പരുക്കൻ പ്രതലത്തിൽ വ്യക്തമായ അടയാളം തീർക്കാൻ കഴിഞ്ഞില്ല. രോമങ്ങൾക്കുള്ളിൽ അണ്ണാന്റെ വാൽ എലിയുടെ പോലെ തന്നെയാണ്. കൂടാതെ കോൺക്രീറ്റ് ചെയ്യുന്നത് സാധാരണ പകൽ സമയങ്ങളിലാണ്. എലികൾ രാത്രി സമയങ്ങളിലാണ് പുറത്തു വരാറുള്ളത്. എന്നാൽ അണ്ണാനെ പകൽ സമയത്ത് ധാരാളം കാണുകയും ചെയ്യുന്നു. ഇവരുടെ പരീക്ഷണത്തിൽ എലിക്കുഴിയുടെ ആകൃതി 98.67% ഈ അണ്ണാനുമായി സാമ്യമുള്ളതായി കണ്ടെത്തി. മൊത്തം ശരീരത്തിന്റെ ഇത്തരം അടയാളങ്ങളിൽ നിന്ന് ജീവിയെ തിരിച്ചറിയുന്ന വിദ്യ ശാസ്ത്രത്തിനു വലിയ മുതൽകൂട്ടായി. 2025 ൽ തന്നെ പ്രശസ്ത ശാസ്ത്ര ജേണലായ 'ബയോളജി ലെറ്റേഴ്‌സ്' ഈ പഠനങ്ങൾ പ്രസിദ്ധീകരിച്ചു.

ഇടയ്ക്ക് ചില പുരോഗമനവാദികൾ ഈ റാറ്റ് ഹോൾ സിമന്റ് കൊണ്ട് ഒരു ദിവസം രാത്രി അടച്ചു. എന്നാൽ പിറ്റേന്ന് എലിക്കുഴി കാണാൻ വന്ന ആരാധകർ ഞെട്ടിപ്പോയി. ചിലർ കരഞ്ഞു. ഒരു ധീരയായ വനിത ഈ സിമന്റ് വളരെ സൂക്ഷ്മതയോടെ പൊളിച്ചുമാറ്റി റാറ്റ് ഹോൾ പുനഃസ്ഥാപിച്ചു. വിവാദങ്ങൾ കാരണവും ജനത്തിരക്ക് കാരണവും നഗരസഭ ഈ സ്ലാബ് പിന്നീട് അവിടെ നിന്നും പൊളിച്ചുമാറ്റി. ഇപ്പോൾ അത് ഷിക്കാഗോ സിറ്റി ഹാളിൽ ഒരു ഫലകം പോലെ സൂക്ഷിച്ചുവെച്ചിരിയ്ക്കുന്നു.

ഷിക്കാഗോയിലെ പ്രശസ്തമായ ഈ അടയാളത്തിന്റെ കലാകാരൻ അണ്ണാനാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടും പ്രദേശവാസികൾ അത് അംഗീകരിയ്ക്കാൻ കൂട്ടാക്കിയില്ല എന്ന് തോന്നുന്നു. അവരിപ്പോഴും അതിനെ ഷിക്കാഗോ റാറ്റ് ഹോൾ എന്ന് തന്നെയാണ് വിളിയ്ക്കുന്നത്.

Reference: Granatosky MC, Guilhon G, Chernik ND, Kantonis SJ, Lee CJ, Dickinson E. 2025 Rodent indent not self-evident: a case of mistaken identity of the ‘Chicago Rat Hole’. Biol. Lett. 21: 20250343. https://doi.org/10.1098/rsbl.2025.0343