ഷാർജ : സന്തോഷവും ഐശ്വര്യവും നിറഞ്ഞ വിഷു പ്രവാസികളും ഗംഭീരമായി ആഘോഷിച്ചു. ഓട്ടുരുളിയും നിലവിളക്കും നിറപറയും വാൽക്കണ്ണാടിയുമെല്ലാമായി നാടിനെ ഓർമ്മിപ്പിക്കുംവിധത്തിൽ ഗൾഫ് മലയാളികളും വിഷുക്കണിയൊരുക്കിയിരുന്നു. മുതിർന്നവർ ഇളയവർക്ക് വിഷുക്കൈനീട്ടം കൊടുക്കുകയും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കുകയും ചെയ്തു. തിങ്കളാഴ്ച പലരും അവധിയെടുത്തുകൊണ്ടായിരുന്നു താമസയിടങ്ങളിൽ ആഘോഷിച്ചത്. അല്ലാത്തവർ ജോലിസ്ഥലങ്ങളിൽ പാഴ്സൽ സദ്യയെയാണ് ആശ്രയിച്ചത്. റസ്റ്ററന്റുകളിൽ പാഴ്സൽ സദ്യയ്ക്ക് ആവശ്യക്കാരേറെയായിരുന്നു.
വിദേശികളും മലയാളികൾക്കൊപ്പം വിഷുസദ്യയുണ്ടു. വൈകീട്ട് കുടുംബങ്ങൾ ഒത്തുചേർന്ന് വിഷുആഘോഷം സംഘടിപ്പിച്ചു. പ്രവാസിമലയാളികൾക്ക് ഇനിയുള്ള വാരാന്ത്യ അവധികളിൽ വിഷുആഘോഷങ്ങളായിരിക്കും.
പയ്യന്നൂർ സൗഹൃദ വേദി
അബുദാബി: പയ്യന്നൂർ സൗഹൃദവേദി അബുദാബി യൂണിറ്റ് ഈദ്-വിഷു സംഗമം സംഘടിപ്പിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന ആഘോഷത്തിൽ വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയോടെയായിരുന്നു ആഘോഷം. കലാപരിപാടികളും ഉണ്ടായിരുന്നു. ജ്യോതിഷ് കുമാർ, സതീഷ്‌കുമാർ, വൈശാഖ് ദാമോദരൻ, ഹബീബ് റഹ്‌മാൻ, രഞ്ജിത് പൊതുവാൾ, ദിലീപ് പാറന്തട്ട തുടങ്ങിയവർ നേതൃത്വം നൽകി.
കൊല്ലം ജില്ലാ പ്രവാസി സമാജം
ഷാർജ: കൊന്നപ്പൂക്കളും വിഷുക്കൈനീട്ടവുമായി കൊല്ലം ജില്ലാ പ്രവാസി സമാജം വിഷുആഘോഷം സംഘടിപ്പിച്ചു. അംഗങ്ങളുടെ വീടുകൾ ഭാരവാഹികൾ വിഷുദിനത്തിൽ സന്ദർശിച്ചുകൊണ്ടായിരുന്നു വിഷുക്കൈനീട്ടവും കൊന്നയും കൈമാറിയത്. മുതിർന്ന അംഗങ്ങളായ ഉമാശങ്കർ, ഭാര്യ ബിന്ദു ശങ്കർ എന്നിവർക്ക് വിഷുക്കൈനീട്ടം നൽകിയായിരുന്നു തുടക്കം. പ്രസിഡന്റ് അഹമ്മദ് ഷിബിലി, ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ , സഹ ഖജാൻജി മനോജ് മനാമ, വനിതാവിങ് പ്രസിഡന്റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ എന്നിവർ അംഗങ്ങളുടെ വീടുകൾ സന്ദർശിച്ചു.
ആലപ്പുഴ ജില്ലാ പ്രവാസി സമാജം
ദുബായ്: ആലപ്പുഴ ജില്ലാ പ്രവാസി സമാജം വിഷു-ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ആലപ്പുഴ ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് ഇർഷാദ് സൈനുദ്ദീൻ, രാജേഷ് ഉത്തമൻ, ശിവശങ്കർ വലിയകുളങ്ങര എന്നിവർ സംസാരിച്ചു.
Content Highlights: vishu celebration
Published: 16 Apr 2025, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented