ഷാർജ: ഐശ്വര്യവും പ്രതീക്ഷയും നൽകുന്ന വിഷു തിങ്കളാഴ്ച ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷിക്കും. മലയാളി കുടുംബങ്ങൾ ഒത്തുചേർന്നുകൊണ്ട് യുഎഇയിൽ ശനിയാഴ്ചതന്നെ വിഷു ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കുടുംബങ്ങൾ ഒത്തുചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സദ്യയൊരുക്കുകയും ചെയ്തു. വിഷുസംക്രമമായ ഞായറാഴ്ച യുഎഇയിൽ ഒട്ടേറെ സംഘടനകൾ വിഷു ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. ഉച്ചയ്ക്ക് വിഷുസദ്യയോടെയാണ് ആഘോഷങ്ങൾ. തിങ്കളാഴ്ച അവധിയെടുക്കാൻ സാധിക്കാത്തവരും ഒന്നിച്ചുചേർന്നുകൊണ്ട് ഞായറാഴ്ച വിഷുസദ്യ ഒരുക്കും.
വിഷുക്കണിയൊരുക്കാനും സദ്യയൊരുക്കാനുമായി അവസാനവട്ട ഒരുക്കങ്ങളും പ്രവാസികൾ പൂർത്തിയാക്കി. സൂപ്പർമാർക്കറ്റുകളിൽ കൊന്നപ്പൂക്കൾ, വാഴയില തുടങ്ങിയവയ്ക്കായി ആവശ്യക്കാർ വർധിച്ചു. 10 ദിർഹംമുതൽ മുകളിലോട്ടാണ് ഒരുപിടി കൊന്നപ്പൂക്കളുടെ വില. ലേബർക്യാമ്പുകളിലും വിഷുക്കണിയൊരുക്കി സദ്യയും കെങ്കേമമാക്കുന്നുണ്ട്. സുഹൃത്തുക്കൾ ഒത്തുചേർന്നുള്ള വിഷുആഘോഷങ്ങളും ഇക്കുറിയും പതിവുതെറ്റിച്ചിട്ടില്ല.
പ്രവാസത്തിലും പൂത്തുലഞ്ഞ് വിഷുക്കോടികള്‍
വിഷുക്കണിയും കൈനീട്ടവും സദ്യയും പോലെ വിഷു ആഘോഷങ്ങളുടെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് വിഷുക്കോടി. വിഷുക്കാലമായതോടെ യുഎഇയിലെ ഒട്ടുമിക്ക വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അണിഞ്ഞൊരുങ്ങാന്‍ ഏറ്റവും പുതിയ രൂപകല്പനകളിലുള്ള വസ്ത്രങ്ങളോടും അതിനിണങ്ങുന്ന ആഭരണങ്ങളോടും മലയാളി മങ്കമാര്‍ക്ക് എന്നും പ്രിയമാണ്. ആദ്യ കാലങ്ങളിലെ സെറ്റും മുണ്ടുകളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വിഷു പ്രമേയത്തിലുള്ള വസ്ത്രങ്ങളും വിപണികളില്‍ സജീവമായിട്ടുമുണ്ട്. കണിക്കൊന്നയും വിഷുക്കണിയും കൃഷ്ണനും മലയാള അക്ഷരമാലകളും നിറയുന്ന വിഷുക്കോടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകുന്നുണ്ട്.
സാരി, സെറ്റും മുണ്ടും, പാവാടയും ബ്ലൗസും, ദാവണി, കുര്‍ത്ത, ഷര്‍ട്ട് എന്നിവയെല്ലാം ആകര്‍ഷകമായ രൂപകല്പനകളില്‍ പ്രവാസലോകത്തും സുലഭമാണ്. പരമ്പരാഗത ഗോള്‍ഡന്‍ കസവുകള്‍ക്ക് പുറമേ ഡിസൈനര്‍, കളര്‍, ടിഷ്യൂ സില്‍ക്ക് സാരികളും വിഷു വിപണികളില്‍ ഇടം പിടിച്ചിട്ടുണ്ട്. കലംകാരി ഡിസൈനുകളും മലയാളികളുടെ മനസ് കീഴടക്കുന്നുണ്ട്. യുവതലമുറകളെ ആകര്‍ഷിക്കാന്‍ വിഷു ഗൗണുകളുടെ വിപുലമായ ശേഖരവുമുണ്ട്. കോട്ടണ്‍ വസ്ത്രങ്ങള്‍ക്കും കൈത്തറിവസ്ത്രങ്ങള്‍ക്കും ഇവിടെയും ആവശ്യക്കാരേറെയാണ്. രൂപകല്പനകളെ ആശ്രയിച്ച് വിലയും വ്യത്യാസപ്പെടും. ഉപഭോക്താവിന്റെ അഭിരുചി അനുസരിച്ച് സ്ഥാപനങ്ങള്‍ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തു നല്‍കുന്നുമുണ്ട്.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലും വിഷുക്കച്ചവടം പൊടിപൊടിക്കുകയാണ്. ഉപഭോക്താക്കളെ വിപണികളിലെത്തിക്കാന്‍ ആകര്‍ഷകമായ കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടില്‍ ഒരു ദിവസമാണ് വിഷുവെങ്കില്‍ യുഎഇയില്‍ ഇത് ആഴ്ചകളോളം നീളും. സുഹൃത്ത് സംഗമങ്ങളിലും വിവിധ അസോസിയേഷനുകളിലും ജോലി സ്ഥലങ്ങളിലുമൊക്കെയായി മലയാളികളുടെ വിഷു ആഘോഷം പുരോഗമിക്കുകയാണ്.
Content Highlights: UAE all set to celebrate Vishu
Published: 12 Apr 2025, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented