ഷാര്‍ജ: കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് നയിക്കാനായി പ്രവാസലോകത്തും വിദ്യാരംഭം സംഘടിപ്പിച്ചു. നൂറുകണക്കിന് കുട്ടികളാണ് യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ആദ്യക്ഷരങ്ങള്‍ കുറിച്ചത്.

To advertise here,

സ്വര്‍ണംകൊണ്ട് നാക്കിലും കുഞ്ഞുവിരലുകളാല്‍ അരിയിലും ആചാര്യന്മാര്‍ ഹരിശ്രീ എഴുതിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലായിരുന്നു ചടങ്ങ്.

ഞായറാഴ്ച പുലര്‍ച്ചെതന്നെ കുരുന്നുകള്‍ വിദ്യാരംഭത്തില്‍ പങ്കെടുത്തു. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ആയിരുന്നു പ്രധാനാചാര്യന്‍. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജുവൈസയിലെ മലയാളാധ്യാപകന്‍ രഘുനന്ദനനും കുട്ടികളെ ആദ്യക്ഷരങ്ങളെഴുതിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, ജനറല്‍ സെക്രട്ടറി പി. ശ്രീപ്രകാശ്, ഖജാന്‍ജി ഷാജി ജോണ്‍ , ജോയിന്റ് സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ സബീര്‍, കെ.ടി. നായര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. 50 - ഓളം കുട്ടികളെ എഴുത്തിനിരുത്തി.ഷാര്‍ജ റയാന്‍ ഹോട്ടലില്‍ ഏകത വിദ്യാരംഭത്തില്‍ സംഗീതജ്ഞന്‍ കാവാലം ശ്രീകുമാര്‍ പ്രധാന ആചാര്യനായി. ഡോ. സതീഷ് കൃഷ്ണ, മുരളി മംഗലത്ത്, ലതാ വാര്യര്‍, അമ്പിളി ജയകുമാര്‍, നീരാ രവീന്ദ്രന്‍ എന്നിവര്‍ കുട്ടികളെ ആദ്യക്ഷരങ്ങള്‍ എഴുതിച്ചു.

ദുബായ് ആചാര്യകുലം യു.എ.ഇ. യുടെ നേതൃത്വത്തില്‍ നടന്ന വിദ്യാരംഭത്തിന് ആചാര്യ എം.ആര്‍. രാജേഷ് നേതൃത്വം വഹിച്ചു. ദുബായ് പേള്‍ വിസ്ഡം സ്‌കൂളില്‍ നടന്ന വിദ്യാരംഭത്തില്‍ 110 കുട്ടികള്‍ പങ്കെടുത്തു.

അയ്യപ്പസേവാസമിതി യു.എ.ഇ. യുടെ നേതൃത്വത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി സഹിതാ ജയദേവ് കുട്ടികളെ എഴുത്തിനിരുത്തി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പൂജിച്ച അരിയിലായിരുന്നു കുരുന്നുകള്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയത്.

അല്‍ ഐന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന വിദ്യാരംഭത്തില്‍ ഒട്ടേറെ കുട്ടികള്‍ പങ്കെടുത്തു.

അല്‍ ഐന്‍ മലയാളി സമാജം സെക്രട്ടറി സന്തോഷ് അഭയന്‍, ഡോ. വിനി ദേവയാനി, ഡോ.സുധാകരന്‍, ശൈലേഷ്, വിനീത് വിശ്വദേവ് എന്നിവര്‍ പങ്കെടുത്തു.