ദുബായ്: യു.എ.ഇയിൽ ആത്മഹത്യാശ്രമങ്ങൾ ഇനി കുറ്റകൃത്യമാകില്ല. യു.എ.ഇയുടെ ക്രൈംസ് ആൻഡ് പെനാൽറ്റീസ് നിയമത്തിൽ യു.എ.ഇ സർക്കാർ നിർണ്ണായക ഭേദഗതി വരുത്തി. ആത്മഹത്യാ ശ്രമങ്ങളെ ശിക്ഷാർഹമായ കുറ്റകൃത്യമായി കാണുന്നതിന് പകരം മാനസികാരോഗ്യ പിന്തുണയും മുൻകരുതലും പരിചരണവും ഉറപ്പാക്കുന്ന മാനുഷിക സമീപനമാണ് പുതിയ ഫെഡറൽ ഡിക്രി നിയമത്തിലൂടെ രാജ്യം സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് സർക്കാർ നിർണ്ണായക നിയമമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നിയമനടപടികളെക്കുറിച്ചുള്ള ഭയം കാരണം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ ചികിത്സയും സഹായവും തേടാൻ മടിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഇത്തരക്കാരെ കുറ്റവാളികളായി കാണാതെ വൈദ്യസഹായവും ചികിത്സയും നൽകി സമൂഹത്തിന്റെ പ്രധാന ധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.
അതേസമയം ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്. പ്രേരണ നൽകിയതിനെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തുകയും എന്നാൽ കഠിനമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയും ചെയ്താൽ തടവും പിഴയും ലഭിക്കും. എന്നാൽ ആത്മഹത്യാ ശ്രമം കാരണം സ്ഥിരമായ അംഗവൈകല്യമോ 20 ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായാൽ പ്രേരണ നൽകിയ വ്യക്തിക്ക് 3 മുതൽ 5 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.
ആത്മഹത്യാ പ്രേരണ കാരണം വ്യക്തി മരണപ്പെടുകയാണെങ്കിൽ 5 മുതൽ 7 വർഷം വരെയാണ് തടവുശിക്ഷ. 18 വയസ്സിൽ താഴെയുള്ള കുട്ടികളെയോ മാനസിക വളർച്ചയില്ലാത്തവരെയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെങ്കിൽ ഇത് കൊലപാതക കുറ്റത്തിനോ കൊലപാതക ശ്രമത്തിനോ തുല്യമായ ശിക്ഷയായി കണക്കാക്കും. കൂടാതെ, ആത്മഹത്യാ പ്രേരണാ കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ രാജ്യത്ത് നിന്ന് നിർബന്ധമായും നാടുകടത്താനും പുതിയ നിയമം അനുശാസിക്കുന്നു.
ഒരു വ്യക്തി ആത്മഹത്യയ്ക്ക് പ്രേരണ നൽകിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം ഇടപെട്ട് ആ ജീവൻ രക്ഷിക്കുകയാണെങ്കിൽ കോടതിക്ക് അയാൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഭേദഗതി അനുവാദം നൽകുന്നുണ്ട്. എന്നാൽ ഈ സമയത്ത് ഇരയ്ക്ക് ഗുരുതര പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിൽ ഇളവ് ലഭിക്കില്ല. ഇതോടൊപ്പം ഗുരുതര കൊലപാതക കേസുകളിലെ ശിക്ഷയുമായി ബന്ധപ്പെട്ട 'ക്വിസാസ്' അവകാശ വ്യവസ്ഥയിലും (ആർട്ടിക്കിൽ 384, ക്ലോസ് 3) മാറ്റം വരുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ അവകാശികൾ ക്വിസാസ് അവകാശം മാപ്പാക്കി നൽകിയാലും, കുറ്റവാളിക്ക് കുറഞ്ഞത് 15 വർഷം മുതൽ പരമാവധി 20 വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

To advertise here,