ഷാർജ: പുണ്യമാസത്തിൽ സമൂഹ നോമ്പുതുറയ്ക്കുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ സംഘടനകൾ. റംസാനിലെ വിവിധ ദിവസങ്ങളിലായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന നോമ്പുതുറകളാവും സംഘടിപ്പിക്കുക. സമൂഹ നോമ്പുതുറയുടെ ഭാഗമായി മത പ്രഭാഷണങ്ങൾ നടത്താൻ കേരളത്തിൽ നിന്നടക്കം മത പണ്ഡിതന്മാർ യു.എ.ഇയിലെത്തും.
അബുദാബി മലയാളി സമാജം മാർച്ച് ഒന്നിന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നോമ്പുതുറ നടത്തും. 1200 പേർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ (ഐ.എസ്.സി.), കേരള സോഷ്യൽ സെന്റർ (കെ.എസ്.സി.) എന്നിവയും വിവിധ ദിവസങ്ങളിലായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 21നു നടത്തുന്ന ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ സമൂഹ നോമ്പുതുറയിൽ 1500ഓളം പേർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് റസൽ മുഹമ്മദ് സാലി അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ നോമ്പുതുറ മാർച്ച് ഒന്നിന് അൽ ഗുബൈബയിലെ ഇന്ത്യൻ സ്‌കൂളിൽ നടക്കും. 7,000ത്തിനുമുകളിൽ ആളുകൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് പറഞ്ഞു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന നോമ്പുതുറയിൽ 500ലേറെപ്പേർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ പറഞ്ഞു. ഈ മാസം 27നാണ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ സംഘടിപ്പിക്കുന്ന നോമ്പുതുറ. 500ലേറെപ്പേർ പങ്കെടുക്കുമെന്ന് രക്ഷാധികാരി മുരളീധരൻ അറിയിച്ചു. കൂടാതെ ഖോർഫക്കാൻ കെ.എം.സി.സിയുടെ നോമ്പുതുറ മാർച്ച് ആറിന് നടക്കും. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഈ മാസം 22നു നോമ്പുതുറ നടത്തും. 1500ലേറെപ്പേർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സജാദ് നാട്ടിക അറിയിച്ചു. ചേതന റാസൽഖൈമയുടെ നോമ്പുതുറയും ഈ മാസമാണ്. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ നോമ്പുതുറ തീയതി തീരുമാനിച്ചിട്ടില്ലെന്ന് പ്രസിഡന്റ് എസ്.എ. സലിം പറഞ്ഞു.
ഷാർജ കെ.എം.സി.സി. റംസാനിൽ എല്ലാദിവസവും നോമ്പുതുറ
പതിവുപോലെ ഈ വർഷവും പുണ്യമാസത്തിൽ ഷാർജ കെ.എം.സി.സി. മുഴുവൻ ദിവസവും സമൂഹ നോമ്പുതുറ ഒരുക്കുമെന്ന് പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി പറഞ്ഞു. ഷാർജ ക്ലോക്ക് ടവറിനുസമീപത്തെ റോയൽ എൻ.എം.സി. ആശുപത്രിയുടെ പിറകിലാണ് കെ.എം.സി.സിയുടെ റംസാൻ തമ്പ്. ദിവസവും 1500ലേറെപ്പേർക്ക് ഇഫ്താർ ഒരുക്കും. അതിനായി ഒരുക്കങ്ങൾ പൂർത്തിയായെന്നും നൂറുകണക്കിന് കെ.എം.സി.സി. വൊളന്റിയർമാരുടെ സേവനങ്ങളും മുഴുവൻ ദിവസവുമുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. ദിവസവും പ്രമുഖരുടെ മത പ്രഭാഷണങ്ങളുമുണ്ടാവും. കൂടാതെ യു.എ.ഇയിലെ ചെറിയ കൂട്ടായ്മകളും പുണ്യമാസത്തിൽ നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്. ഇൻകാസ് യു.എ.ഇ. കമ്മിറ്റിയുടെ കീഴിലുള്ള സംസ്ഥാന കമ്മിറ്റികളും നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്.
Published: 12 Feb 2026, 07:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented