അബുദാബി: ദേശീയദിനത്തില്‍ പൗരന്മാരെയും പ്രവാസികളെയും അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇയിലെ പൗരന്മാരെയും താമസക്കാരെയും ദേശീയ ദിനത്തില്‍ ഒരുപോലെ അഭിനന്ദിക്കുന്നതായും രാജ്യത്തിന്റെ തുടര്‍ വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. ‘നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെയും കുടുംബങ്ങളുടെ ഐക്യത്തിലൂടെയും സമൂഹത്തിന്റെ ശക്തിയിലൂടെയും യുഎഇ പുരോഗതിയിലേക്കുള്ള യാത്ര തുടരും. ദൈവം നിങ്ങള്‍ക്കും സായിദിന്റെ അനുഗ്രഹീത ഭൂമിക്കും സമൃദ്ധിയും ക്ഷേമവും നല്‍കട്ടെ’- യുഎഇ പ്രസിഡന്റ് ആശംസിച്ചു.

To advertise here,

ദേശീയ സ്വത്വത്തിനും മൂല്യങ്ങള്‍ക്കും അനുസൃതമായി നിലനിന്നുകൊണ്ട് നമ്മുടെ യുവാക്കള്‍ ശാസ്ത്ര, സാങ്കേതിക പുരോഗതിയുടെ മുന്‍പന്തിയില്‍ തുടരണം. അറബി ഭാഷ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സജീവമായി സംഭാവന നല്‍കാന്‍ പൗരന്മാരെ ശാക്തീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത് തുടരും. ആഗോള സമാധാനം, സ്ഥിരത, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും നയതന്ത്രത്തിലൂടെ പ്രാദേശിക, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും യുഎഇ പിന്തുണ നല്‍കുമെന്നും യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.

രാജ്യത്തിന്റെ തത്വങ്ങളും മൂല്യങ്ങളും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാനും അടുത്ത തലമുറക്ക് അവ കൈമാറാനുമുള്ള പ്രചോദനമാണ് ഓരോ ദേശീയദിനവും ഓര്‍മ്മിപ്പിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.