അബുദാബി: യുഎഇയിലെ 43 ലക്ഷം ഇന്ത്യക്കാർക്കും ഇന്ത്യൻ രാഷ്ട്രപതിക്കും 77-ാമത് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.

To advertise here,

അബുദാബി എംബസി ആസ്ഥാനത്തും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും ദേശീയ പതാക ഉയർത്തലും വിവിധ കലാപരിപാടികളും അരങ്ങേറിയിരുന്നു. യുഎഇയിലും ഇന്ത്യയുടെ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസാധാരണ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ വ്യക്തമാക്കി.

ഇന്ത്യക്കാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 ബില്യൻ ഡോളർ കവിഞ്ഞ ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 2032 ആകുമ്പോഴേക്കും വ്യാപാരം ഇരട്ടിയാക്കാനുള്ള കരാറുകളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. നവീകരണം, പ്രതിരോധശേഷി, സമൃദ്ധി എന്നിവയാൽ മികച്ചൊരു ഭാവി രൂപപ്പെടുത്താനുള്ള സൂചനയാണ് ഈ കരാറുകൾ. ഓരോ പ്രവാസികളും ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ യുഎഇയുടെ വിശാലമായ സമൂഹത്തെയാണ് പ്രതിധ്വനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക ഐക്യവും ദേശസ്നേഹവും എടുത്തുകാണിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശവും അദ്ദേഹം വായിച്ചു.

യുഎഇ നിലവിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണെന്നും ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ പറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ, പ്രാദേശിക കറൻസി വ്യാപാരം, നിർമ്മിതബുദ്ധി, ഡേറ്റാ സെന്ററുകൾ, ഫുഡ് പാർക്കുകൾ, ആണവോർജ്ജം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ നൂതന സഹകരണം അദ്ദേഹം ചൂണ്ടിക്കാട്ടി.

യുപിഐ-എഎഎൻഐ സംയോജനം, ജയ് വാൻ കാർഡ്, വെർച്വൽ ട്രേഡ് കോറിഡോർ, ദുബായിലെ ഭാരത് മാർട്ട് എന്നിവയുൾപ്പെടെയുള്ള സംരംഭങ്ങൾ മികച്ച പങ്കാളിത്തത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയും യുഎഇയും ശക്തമായൊരു പ്രതിരോധ, സുരക്ഷാ സഹകരണം പങ്കിടുന്നുവെന്നും ദീപക് മിത്തൽ വ്യക്തമാക്കി.