ദുബായ് : ദുബായിൽ ഡ്രൈവറില്ലാട്രക്കുകൾ വിജയകരമായി പരീക്ഷണയോട്ടം നടത്തിയെന്ന് പ്രമുഖനഗരാസൂത്രകരായ ദുബായ് സൗത്ത് അധികൃതർ അറിയിച്ചു. ലോജിസ്റ്റിക്സ് സ്ഥാപനമായ ഇവോകാർഗോ ഓട്ടോണോമസുമായി സഹകരിച്ചായിരുന്നു പരീക്ഷണം. ദുബായ് സൗത്ത് ലോജിസ്റ്റിക്സ് ഡിസ്ട്രിക്ടിലെ അടച്ചിട്ട സുരക്ഷിതപാതയിലായിരുന്നു പരീക്ഷണയോട്ടം. വൈദ്യുതട്രക്കിന്റെ ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ എന്നിവയെല്ലാം ഈഘട്ടത്തിൽ പരിശോധിച്ചു.

To advertise here,

മുന്നിലുള്ള വസ്തുക്കൾ തിരിച്ചറിയൽ, അപകടംതടയൽ, ചലിക്കുന്ന വസ്തുക്കളുമായുള്ള കൂട്ടിയിടി ഒഴിവാക്കൽ, അടിയന്തരമായി നിർത്തൽ എന്നിവയിലെല്ലാം വിജയകരമായിരുന്നു പ്രവർത്തനം. പാർക്കിങ്, വളയ്ക്കൽ എന്നിവയുൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളിലും ട്രക്കിന്റെ ഓട്ടോപൈലറ്റ് സംവിധാനം മികവുപുലർത്തി. റൂട്ട് മാനേജ്‌മെന്റ്, റിമോട്ട് മോണിറ്ററിങ് എന്നിവയുൾപ്പെടെ കൺട്രോൾ സെന്ററിന്റെ പ്രവർത്തനക്ഷമതയും പരിശോധിച്ചു.

രണ്ടുഘട്ടങ്ങളിലായിനടത്തിയ പരീക്ഷണയോട്ടത്തിൽ അപകടകരമായ ഒരുസംഭവങ്ങളും റിപ്പോർട്ടുചെയ്തില്ലെന്ന് ദുബായ് സൗത്ത് അധികൃതർ വ്യക്തമാക്കി.

ദുബായിയെ ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കിമാറ്റാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുമായി ചേർന്നുപ്രവർത്തിക്കുമെന്ന് ദുബായ് സൗത്ത് സി.ഇ.ഒ. മൊഹ്‌സൈൻ അഹ്‌മദ് പറഞ്ഞു.

2022 ഡിസംബറിലാണ് ഡ്രൈവറില്ലാട്രക്കുകൾക്കായി ദുബായ് സൗത്തും ഇവോകാർഗോയും ധാരണാപത്രമൊപ്പിട്ടത്.