അബുദാബി: യു.എ.ഇയിലെ വർഷാന്ത്യ ആഘോഷ-ഷോപ്പിംഗ് സീസണിന് ആവേശം പകർന്ന് 10 കോടി ദിർഹത്തിന്റെ വൻ ഓഫറുകളും സമ്മാനങ്ങളുമായി ലുലു ഗ്രൂപ്പിന്റെ 'ഫെസ്റ്റിവൽ ഓഫ് പ്രൊമോഷൻസ്' പ്രഖ്യാപിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലായി യു.എ.ഇയിലുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുകളും നറുക്കെടുപ്പുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

To advertise here,

ഗ്ലോബൽ വില്ലേജ് പ്രവർത്തനം ആരംഭിച്ചതും, വരാനിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും, യു.എ.ഇയുടെ 55-ാമത് ദേശീയ ദിന ആഘോഷങ്ങളും മുന്നിൽ കണ്ടാണ് ലുലു ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. യു.എ.ഇയിലെ റീട്ടെയിൽ രംഗം വൻ മുന്നേറ്റത്തിലാണെന്നും സാമ്പത്തിക രംഗത്തെയും വിനോദസഞ്ചാര മേഖലയെയും ഉത്തേജിപ്പിക്കുന്ന യു.എ.ഇ ഭരണാധികാരികളുടെ നിലപാടുകൾ ഉപഭോക്തൃ ആത്മവിശ്വാസം ഉയർത്തിയെന്നും ലുലു ഗ്രൂപ്പ് ഡയറക്ടർ സലീം എം.എ. പറഞ്ഞു. മികച്ച ഓഫറുകളിലൂടെയും ആകർഷകമായ വിലക്കുറവിലൂടെയും ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകാനാണ് ലുലു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'10,000 ട്രോളി - വീ പേ ബാക്ക്', ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ, 'ലുലു വാലി ദീപാവലി' എന്നിവയോടെ സീസണിന് തുടക്കമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ലുലു ഫാഷൻ സ്റ്റോറുകളിലും റിയോ ഔട്ട്ലെറ്റുകളിലും വിന്റർ ഫാഷൻ കളക്ഷനുകൾ അവതരിപ്പിക്കും. നവംബർ 19 മുതൽ ഇലക്ട്രോണിക്‌സ്, ഗാർഹിക ഉപകരണങ്ങൾ, ഫാഷൻ, ഗ്രോസറി വിഭാഗങ്ങളിൽ വൻ വിലക്കിഴിവോടെ 'സൂപ്പർ ഫ്രൈഡേ' ആരംഭിക്കും. നവംബർ 25-ന് ബ്യൂട്ടി ആൻഡ് വെൽനസ് പ്രൊമോഷനും, നവംബർ 28 മുതൽ യു.എ.ഇ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന 'അവ്വൽ - എമിറേറ്റ്‌സ്' ഇത്തിഹാദ് ഡീലുകളും ലഭ്യമാകും. ഡിസംബർ ആദ്യവാരം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് 'ഫെസ്റ്റിവൽ ഓഫ് ഡീലുകൾ' വരും. ഡിസംബർ അവസാന വാരത്തിൽ ക്രിസ്മസ്, ന്യൂ ഇയർ മിഡ്‌നൈറ്റ് വിൽപ്പനയോടെ ഈ ഓഫർ മാമാങ്കം സമാപിക്കും.
ആഗോള ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഓരോ ആഴ്ചയിലും പുതിയ ഓഫറുകൾ എത്തിക്കുമെന്ന് ലുലു മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ഇതോടൊപ്പം ലുലുവിന്റെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ 'ലുലു മിനിറ്റ്‌സ്' വൻ വളർച്ച കൈവരിച്ചതായും അധികൃതർ വ്യക്തമാക്കി. വിദേശത്തേക്ക് പണമയക്കാനുള്ള സൗകര്യമടക്കം ഉൾപ്പെടുത്തി അത്യാധുനിക സാങ്കേതികവിദ്യയോടെ നവീകരിച്ച പുതിയ ലുലു ആപ്പും പുറത്തിറക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ തമ്പാൻ കെ.പി., ഹുസെഫ രൂപവാല, അജയ് നായർ, ഓപ്പറേഷൻസ് മാനേജർമാരായ ഡേവിഡ് ബൂം, മാർട്ടിൻ വില്യം എന്നിവരും പങ്കെടുത്തു.