റാസൽഖൈമ: മലബാറിലെ പ്രവാസികൾക്കും വടക്കൻ എമിറേറ്റുകളിൽ ഉള്ളവർക്കും വലിയ സന്തോഷവാർത്തയുമായി പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യ. റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു കോഴിക്കോട്ടേക്ക് ദിവസേനയുള്ള വിമാന സർവീസുകൾ ഒക്ടോബർ 16 മുതൽ പുനരാരംഭിക്കും. ഇരു നഗരങ്ങൾക്കുമിടയിൽ യാത്രാസമയം കുറയ്ക്കാനും മിതമായ നിരക്കിൽ സീറ്റുകൾ ലഭ്യമാക്കാനും സർവീസ് പുനരാരംഭിക്കുന്നതിലൂടെ സാധിക്കും.
റാസൽഖൈമയ്ക്കും കോഴിക്കോടിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദിൽ അൽ അലി പറഞ്ഞു. ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദവും വിശ്വസനീയവുമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ഗൾഫിലെയും കേരളത്തിലെയും പ്രവാസി സമൂഹങ്ങളെ പരസ്പരം കൂടുതൽ അടുപ്പിക്കാനും വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റാനുമുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോടിന് പുറമേ കൈറോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നീ പ്രധാന അന്താരാഷ്ട്ര നഗരങ്ങളിലേക്കും റാസൽഖൈമയിൽനിന്ന് എയർ അറേബ്യയുടെ നേരിട്ടുള്ള വിമാന സർവീസുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഈ ശൃംഖലയിലേക്ക് കോഴിക്കോട് കൂടി തിരികെ എത്തുന്നത് റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും ടൂറിസം-വാണിജ്യ മേഖലകൾക്കും പുതിയ ഉണർവേകും.
എയർ അറേബ്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി യാത്രക്കാർക്ക് ഒക്ടോബർ 16 മുതലുള്ള സർവീസുകളിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Published: 06 Oct 2026, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented