അബുദാബി: പുതിയ അധ്യയനവര്‍ഷത്തില്‍ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ നടപ്പാക്കേണ്ട പുതുക്കിയ നയങ്ങള്‍ അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്), അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ എന്നിവ പുറത്തുവിട്ടു. എല്ലാ സ്വകാര്യസ്‌കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ആരോഗ്യകരമായ നയങ്ങളാണ് നടപ്പാക്കുന്നത്. ആരോഗ്യസുരക്ഷയെക്കുറിച്ച് പരിശീലനം നല്‍കുന്നതിലും അധികച്ചെലവില്ലാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ക്ലിനിക്കുകളിലൂടെ ഉന്നത നിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും നയം ഊന്നല്‍ നല്‍കും. 2024-25 അധ്യയന വര്‍ഷത്തില്‍ പുറത്തിറക്കിയ നയം അടുത്തവര്‍ഷം ഫെബ്രുവരി ഒന്നിനകം എല്ലാ സ്വകാര്യസ്‌കൂളുകളും പൂര്‍ണമായും നടപ്പാക്കിയിരിക്കണം.

To advertise here,

ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ വേണം

ആരോഗ്യസുരക്ഷാ നയങ്ങള്‍ നടപ്പിലാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും മുഴുവന്‍ സമയ ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥനെ സ്‌കൂളുകളില്‍ നിര്‍ബന്ധമായും നിയമിക്കണം. ഉദ്യോഗസ്ഥന്‍ അവധിയെടുക്കുന്ന ദിവസങ്ങളില്‍ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു ഡെപ്യൂട്ടി ഉദ്യോഗസ്ഥനെയും നിയോഗിക്കാം. ഉദ്യോഗസ്ഥര്‍ പകല്‍ മുഴുവന്‍ സ്‌കൂളിലുണ്ടായിരിക്കണം. കൃത്യമായ പരിശീലനം നേടിയ യോഗ്യതയുള്ള ഉദ്യോഗസ്ഥരെ വേണം നിയമിക്കാന്‍. ഒരു സ്‌കൂളിലെ ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥന് മറ്റ് കാമ്പസുകളിലെ ചുമതല കൊടുക്കരുത്.

വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം

റോഡ് സുരക്ഷാ, റിസ്‌ക് മാനേജ്മെന്റ്, ഫയര്‍ സേഫ്റ്റി, പ്രഥമശുശ്രൂഷ തുടങ്ങിയ ആരോഗ്യ സുരക്ഷാ വിഷയങ്ങളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അടിസ്ഥാനപരമായ അറിവ് നല്‍കണമെന്ന് പുതുക്കിയ നയത്തില്‍ പറയുന്നു. അപകടകരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുള്‍പ്പെടെ വിദ്യാര്‍ഥികളെ സംരക്ഷിക്കാനുള്ള പ്രായോഗിക വൈദഗ്ധ്യവും പരിശീലനവും ജീവനക്കാര്‍ നേടിയിട്ടുണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം.

സ്‌കൂള്‍ ബാഗിന്റെ ഭാരം

കുട്ടിയുടെ ശരീരഭാരത്തിന്റെ അഞ്ച് മുതല്‍ 10 ശതമാനത്തില്‍ കൂടരുത് സ്‌കൂള്‍ ബാഗിന്റെ ഭാരം. മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സ്‌കൂള്‍ ബാഗിന്റെ ഭാരം ക്രമീകരിക്കാം. വിദ്യാര്‍ഥിയുടെ നട്ടെല്ലിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തടയുകയാണ് ലക്ഷ്യം.

ആരോഗ്യസുരക്ഷാ ആവശ്യകതകള്‍

സ്‌കൂളുകളിലെ ലബോറട്ടറികളില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. രാസവസ്തുക്കള്‍, ബയോളജിക്കല്‍ മെറ്റീരിയലുകള്‍, ക്ലീനിങ് പദാര്‍ഥങ്ങള്‍, വര്‍ക്ക്ഷോപ്പ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ അപകടകരമായ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം സ്‌കൂളുകള്‍ക്കാണ്.

പുകവലി രഹിത കാമ്പസ്

എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി കര്‍ശനമായ പുകവലി നിരോധന നയം (ഇ-സിഗരറ്റ്/വേപ്പിങ് ഉള്‍പ്പെടെ) നടപ്പിലാക്കണം. സ്‌കൂള്‍ പരിസര പ്രദേശങ്ങളെല്ലാം പുകവലി രഹിത അന്തരീക്ഷമാണെന്ന് ഉറപ്പാക്കുക.

മെഡിക്കല്‍ സേവനങ്ങള്‍

ലൈസന്‍സുള്ള നഴ്സിന്റെ നേതൃത്വത്തില്‍ ആരോഗ്യസേവനങ്ങള്‍ നല്‍കാന്‍ സ്‌കൂളുകള്‍ ഓണ്‍-സൈറ്റ് ക്ലിനിക്ക് പ്രവര്‍ത്തിപ്പിക്കണം. ഇതിനായി ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റി ലൈസന്‍സ് സ്‌കൂളുകള്‍ മുന്‍കൂട്ടി വാങ്ങണം. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ക്ലിനിക്കിന്റെ പ്രവര്‍ത്തനം. മെഡിക്കല്‍ അടിയന്തര സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് മരുന്നുകള്‍ നല്‍കണം. ഇതിന് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രവും ആവശ്യമാണ്. കൂടാതെ കുട്ടികളില്‍ സമഗ്രമായ ആരോഗ്യപരിശോധനകള്‍ പതിവായി നടത്തിയിരിക്കണം.

മാനസികപിന്തുണ നല്‍കണം

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട കുട്ടികള്‍ക്കായി വ്യക്തിഗത ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ സ്‌കൂളുകള്‍ നടപ്പാക്കണം. പുതുക്കിയ നയങ്ങളില്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും മാനസിക പ്രശ്നങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നുണ്ട്. സ്‌കൂളുകള്‍ എല്ലാ സമയങ്ങളിലും കൃത്യമായ മാനസികാരോഗ്യ പിന്തുണ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കണം.

ആരോഗ്യസുരക്ഷാ നയങ്ങള്‍ വെബ്സൈറ്റില്‍

ആരോഗ്യസുരക്ഷാനയം സ്‌കൂള്‍ വെബ്സൈറ്റുകളില്‍ അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കും. സ്‌കൂളില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സമഗ്രമായ സ്‌കൂള്‍ എമര്‍ജന്‍സി പ്ലാനുകള്‍ തയ്യാറാക്കി വാര്‍ഷിക പരിശീലനങ്ങള്‍ നടത്തണം. ഇതിലൂടെ ജീവനക്കാരും വിദ്യാര്‍ഥികളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരാക്കും. അപകടസാധ്യതകള്‍ തിരിച്ചറിയാനും ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്‌കൂളുകള്‍ പതിവ് പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം.

നയങ്ങള്‍ പാലിക്കാതിരുന്നാല്‍ പിഴ

പുതുക്കിയ നയങ്ങള്‍ കൃത്യമായി നടപ്പാക്കാതിരുന്നാല്‍ 2021-ലെ ഫെഡറല്‍ നിയമപ്രകാരമുള്ള (31) പിഴകള്‍ ചുമത്തിയേക്കാം.