പീരുമേട് : കൃഷിയിൽ വൈദഗ്‌ധ്യം തെളിയിക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള പദ്ധതി പരിഗണനയിലാണെന്നും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ സർക്കാർ പദ്ധതിയൊരുക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികൾ കുട്ടിക്കാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.70 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി ഉൾപ്പെടുത്തിയതുസംബന്ധിച്ചുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ ശക്തമായി ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
പീരുമേട് ഡിവലപ്‌മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കൻഡറി പ്രോസസിങ് യൂണിറ്റും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്‌സ് ആൻഡ് സ്‌പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിങ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.
വിളനാശ നഷ്ടപരിഹാരത്തുക ഇരുപത്തിയഞ്ച് ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തെത്തുടർന്ന് കാർഷിക നഷ്ടമുണ്ടാകുന്ന സാഹചര്യങ്ങളിൽ നൽകുന്ന നഷ്ടപരിഹാരത്തുക ഇരട്ടിയാക്കുന്നതിനുള്ള ഫയൽ വനംവകുപ്പും കൃഷിവകുപ്പും സംയുക്തമായി തയ്യാറാക്കി ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പീരുമേട് ഡിവലപ്‌മെന്റ് സൊസൈറ്റി സ്ഥാപക ഡയറക്ടർ മാർ മാത്യു അറയ്ക്കലിനെ മന്ത്രി ആദരിച്ചു. സിറിയക് തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല അവാർഡ് ജേതാക്കളെയും വിശിഷ്ടാതിഥികളെയും റോയ് കെ. പൗലോസ് എം.എൽ.എ., സേനാപതി വേണു എം.എൽ.എ. എന്നിവർ ആദരിച്ചു.
കേരളം എസ്.എച്ച്.എം. മിഷൻ ഡയറക്ടർ എസ്. ആശ പദ്ധതി വിശദീകരിച്ചു.
ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ എസ്. സിന്ധു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡീന എബ്രഹാം, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാപഞ്ചായത്ത് അംഗം മിനി സാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ഒ.എസ്. ഉമർ ഫാറൂഖ്, ഡി. സുഗുണൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിക്‌സൺ ജോർജ്, പീരുമേട് ഡിവലപ്‌മെന്റ് സൊസൈറ്റി പേട്രൺ മാർ ജോസ് പുളിക്കൽ എന്നിവർ പങ്കെടുത്തു.
ദിനബത്തയും വാടകയും മുടങ്ങിയ സംഭവംകാലതാമസം സാങ്കേതികമെന്ന് കൃഷിമന്ത്രി
പീരുമേട് : മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവത്തിൽ ചെറിയ കാലതാമസം ഉണ്ടായതായും അടിയന്തരമായി തുക കൈമാറാൻ മന്ത്രിസഭ ഉപസമിതി നിർദേശം നൽകിയതായും കൃഷി മന്ത്രി ടി. സിദ്ദിഖ്.
പീരുമേട്ടിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ദിനബത്തയും വാടകയും അടിയന്തരമായി കൊടുക്കാൻ തീരുമാനമെടുത്തു. സാങ്കേതികപ്രശ്നം കാരണമാണ് കാലതാമസം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
Published: 09 Oct 2026, 01:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented