ചന്ദ്രന്റെ ഉപരിതലത്തിന് 100 മീറ്റർ താഴെ വരെ റേഡിയോ സിഗ്‌നലുകൾ അയച്ച് പര്യവേക്ഷണം നടത്താൻ ആർ.ടി.എക്സ് റഡാറിന് സാധിക്കും.
ദുബായ് : യു.എ.ഇ. യുടെ രണ്ടാം ചാന്ദ്രദൗത്യമായ 'റാഷിദ് റോവർ 2' പുതിയ നാഴികക്കല്ല് കൈവരിച്ചതായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി.) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ചന്ദ്രന്റെ ഉപരിതലത്തിനുതാഴെ ഗവേഷണം നടത്താൻ ശേഷിയുള്ള 'ആർ.ടി.എക്‌സ്' എന്ന അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ട്രാൻസ്മിറ്റർ റോവറിൽ വിജയകരമായി ഘടിപ്പിച്ചു. ഇതോടെ ചന്ദ്രന്റെ അജ്ഞാതമായ മറുഭാഗത്തേക്ക് റോവറിനെ അയക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു.
ചന്ദ്രന്റെ ഉപരിതലത്തിന് 100 മീറ്റർ താഴെ വരെ റേഡിയോ സിഗ്‌നലുകൾ അയച്ച് പര്യവേക്ഷണം നടത്താൻ ആർ.ടി.എക്സ് റഡാറിന് സാധിക്കും. ചന്ദ്രന്റെ ഉള്ളറകളിലെ പാറകളുടെയും ഇരുമ്പ്, ടൈറ്റാനിയം തുടങ്ങിയവയുടെയും സാന്നിധ്യം കണ്ടെത്താനും ഉൽക്കാപതനങ്ങളുടെ ചരിത്രം പഠിക്കാനും ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. നാസ, ബ്രൂക്ക്‌ഹേവൻ നാഷണൽ ലബോറട്ടറി, ഹീലിയോസ്പേസ് കോർപ്പറേഷൻ, സൗത്ത്‌വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചത്.
2023 ഏപ്രിലിൽ നടന്ന ആദ്യ ചന്ദ്രദൗത്യമായ റാഷിദ് റോവർ 1 അടങ്ങിയ ലാൻഡറിന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ സാധിക്കാതെ തകർന്നു വീണിരുന്നു. തുടർന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് രണ്ടാം ദൗത്യത്തിന് യു.എ.ഇ. തുടക്കമിട്ടത്. പ്രമുഖ അമേരിക്കൻ ബഹിരാകാശ കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസിന്റെ 'ബ്ലൂ ഗോസ്റ്റ് മിഷൻ-2' എന്ന ലാൻഡറിലാണ് റാഷിദ് റോവർ-2 ചന്ദ്രനിലേക്ക് കുതിക്കുക.
യു.എ.ഇ.യിലും ഫ്രാൻസിലെ സി.എൻ.ഇ.എസ്. ലാബിലും നടന്ന അതികഠിനമായ തെർമൽ, വൈബ്രേഷൻ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് റോവർ നിലവിൽ യു.എസ്.എയിൽ എത്തിച്ചിരിക്കുന്നത്.
ചന്ദ്രന്റെ അന്തരീക്ഷത്തിലെ പ്ലാസ്മ സാന്നിധ്യം, താപനില, തദ്ദേശീയ പദാർഥങ്ങളുടെ സ്വഭാവം എന്നിവയും റോവർ പഠിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കും മൂൺ ബേസ് നിർമാണത്തിനും റാഷിദ് റോവർ 2 ശേഖരിക്കുന്ന വിവരങ്ങൾ നിർണായകമാകുമെന്ന് പദ്ധതിയുടെ മാനേജർ ഡോ. ഹമദ് അൽ മർസൂഖി വ്യക്തമാക്കി.
Published: 30 Sept 2026, 01:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented