ചിറ്റാർ-പുതുക്കട റോഡ് വികസനം
സീതത്തോട് : വർഷങ്ങളായി തകർന്നുകിടക്കുന്ന ചിറ്റാർ-പുതുക്കട റോഡ് നവീകരണം എന്ന് പൂർത്തിയാകും. നടുവൊടിയാതെ ഈ വഴി യാത്ര ചെയ്യാനാകുമോയെന്നാണ് നാട്ടുകാരിപ്പോൾ ചോദിക്കുന്നത്. എന്തായാലും റോഡ് നവീകരണ കാര്യത്തിൽ കോന്നി എം.എൽ.എ. വാക്ക് പാലിച്ചെങ്കിലും റാന്നി എം.എൽ.എ.യുടെ വാക്ക് പാഴ് വാക്കായതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.
തകർന്നുകിടക്കുന്ന റോഡിന്റെ കുറേ ഭാഗം പണി പൂർത്തിയാക്കിയെങ്കിലും റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കാത്തതാണ് ജനങ്ങളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരം നീളുന്നത്.ജില്ലയുടെ മലയോര മേഖലയിലെ ജനങ്ങൾക്ക് ജില്ലാ, താലൂക്ക് ആസ്ഥാനമുൾപ്പെടെ പുറത്തേക്ക് പോകുന്നതിനും, തിരികെ വരുന്നതിനുമുള്ള എളുപ്പവഴിയാണ് ചിറ്റാർ-പുതുക്കട റോഡ്. റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് കാൽനട യാത്രയ്ക്കുപോലും ഇപ്പോൾ യോഗ്യമല്ല.
ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണീ റോഡെങ്കിലുംഅവർ യാതൊരു വിധ അറ്റകുറ്റപ്പണിയും നടത്താതെ വന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല.ഇതിനൊടുവിൽ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി പതിനാല് കോടിയിൽ പരം രൂപ ചെലവഴിച്ച് റോഡ് നവീകരിക്കാൻ റാന്നി, കോന്നി എം.എൽ.എ.മാർ രംഗത്ത് വരുകയായിരുന്നു. റോഡിന്റെ കോന്നി മണ്ഡലത്തിലുൾപ്പെടുന്ന ചിറ്റാർ-മണക്കയം ഭാഗം നാല് കോടി രൂപ ചെലവഴിച്ച് വികസിപ്പിക്കുമെന്ന് കോന്നി എം.എൽ.എ. കെ.യു. ജനീഷ് കുമാറും, റാന്നി മണ്ഡലത്തിലുൾപ്പെടുന്ന മണക്കയം-പുതുക്കട ഭാഗം 10-കോടി രൂപ ചെലവഴിച്ച് വികസിപ്പിക്കുമെന്ന് പഴകുളം മധു എം.എൽഎ.യും വ്യക്തമാക്കുകയുണ്ടായി. ഇത് ജനങ്ങളിൽ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്.എന്നാൽ, കോന്നി എം.എൽ.എ. പറഞ്ഞ വാക്കുപാലിച്ചു. ചിറ്റാർ-മണക്കയം ഭാഗം ടാറിങ് ഉൾപ്പെടെ എല്ലാ ജോലികളും പൂർത്തിയാക്കി. റാന്നി മണ്ഡലത്തിലുൾപ്പെടുന്ന മണക്കയം പുതുക്കട ഭാഗം ഇനിയും പണി പൂർത്തിയാക്കിയില്ല. പുതുക്കടമുതൽ കുറച്ച് ഭാഗം ടാറിങ് നടത്തിയെങ്കിലും ഇപ്പോൾ മാസങ്ങളായി പണി മുടങ്ങിക്കിടക്കുകയാണ്. അടുത്തെങ്ങും റോഡ് പണി പുനരാരംഭിക്കില്ലെന്നാണ് അറിയുന്നത്.ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി ദിവസേന കടന്നുപോകുന്നത്.
മുടങ്ങിക്കിടക്കുന്ന പണി പുനരാരംഭിക്കാൻ റാന്നി എം.എൽ.എ. നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
എന്നാൽ, ഇത് സംബന്ധിച്ച നടപടികൾ നീണ്ടുപോകുകയാണ്.
Published: 14 Oct 2026, 12:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented