അബുദാബി : മധ്യപൂർവദേശത്തെ ഏറ്റവുംവലിയ ഹിന്ദുശിലാക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദുമന്ദിറിന്റെ സമർപ്പണച്ചടങ്ങിനായി യു.എ.ഇ.യിലെത്തിയ ബാപ്‌സ് മുഖ്യ പുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന് യു.എ.ഇ.ഭരണകൂടം അബുദാബിയിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.

To advertise here,

ഗുജറാത്തിലെ സൂറത്തിൽനിന്ന്‌ പ്രത്യേകവിമാനത്തിൽ അബുദാബി അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിന് യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥർ, അബുദാബി ബാപ്‌സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർചേർന്ന് സ്വീകരിച്ചു.

പരമ്പരാഗത വാദ്യഘോഷങ്ങളുടെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. ഈ മാസം 14-ന് ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. അബുദാബി ദുബായ് ഹൈവെയിലെ അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.