ദുബായ്: ലോക മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ലോക കേരളസഭ അഞ്ചാം പതിപ്പിന് വ്യാഴാഴ്ച തിരുവനന്തപുരത്ത് തുടക്കമാവും. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ മൂന്നുദിവസത്തെ സമ്മേളനത്തിന് തുടക്കമാവും. കേരളത്തിന്റെ വികസന രൂപവത്കരണത്തിൽ പ്രവാസി മലയാളികളെക്കൂടി സജീവ പങ്കാളികളാക്കുക എന്ന സന്ദേശമാണ് ലോക കേരളസഭ ലോകത്തിനു നൽകുന്നത്. മലയാളികളുടെ വിജ്ഞാനവും നൈപുണ്യവും നവകേരള നിർമിതിക്കായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 125 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമടക്കം ഏതാണ്ട് 500 - ലേറെ പ്രതിനിധികളാണ് ഈ വർഷത്തെ ലോക കേരളസഭയിൽ പങ്കെടുക്കുക. ഏറ്റവും കൂടുതൽ പ്രതിനിധികൾ യുഎഇയിൽ നിന്നാണെന്ന് പങ്കെടുക്കുകയെന്ന് നോർക്ക - റൂട്ട്സ് സിഇഒ അജിത് കൊളശ്ശേരി പറഞ്ഞു. എന്നാൽ, പ്രതിനിധികളുടെ എണ്ണം കൃത്യമായി സർക്കാർ ഔദ്യോഗികമായി പിന്നീടാണ് അറിയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക കേരളസഭയിൽ നിന്നും പങ്കെടുക്കാനായി യുഎഇയിൽ നിന്നുള്ള പ്രതിനിധികൾ ബുധനാഴ്ച തന്നെ തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ളവരും വ്യവസായ സംരംഭകരും പ്രതിനിധികളാണ്. യുഎഇയിലെ യു.ഡി.എഫ്. അനുകൂല സംഘടനകൾ ലോക കേരളസഭ ബഹിഷ്കരിച്ചിട്ടുണ്ട്. പ്രവാസി പ്രശ്നങ്ങളൊന്നും ചർച്ചചെയ്യാതെ അനാവശ്യ ധൂർത്ത് മാത്രമാണെന്ന് കെഎംസിസി, ഇൻകാസ് നേതാക്കൾ കുറ്റപ്പെടുത്തി. മുൻപ് നടന്ന നാല് ലോക കേരളസഭകളിലും ചർച്ച ചെയ്ത പ്രവാസി പ്രശ്നങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. എന്നാൽ, പ്രവാസി പെൻഷൻ പദ്ധതി, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളാണ് ഇടത് അനുകൂലികളായ പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.
പതിവുപോലെ പ്രവാസികളുടെ യാത്രാപ്രശ്നം ഈ ലോക കേരളസഭയിലും സജീവമായ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. മുൻ സമ്മേളനങ്ങളിലും പ്രതിനിധികൾ ഇക്കാര്യം ഉന്നയിച്ചെങ്കിലും യാതൊരു പരിഹാര നിർദ്ദേശങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എയർ കേരള പദ്ധതി ആവിഷ്കരിച്ചെങ്കിലും തുടർ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഒന്നാം പിണറായി സർക്കാർ യു.എ.ഇ. - കേരള കപ്പൽ സർവീസ് സജീവമായി ചർച്ച ചെയ്തെങ്കിലും അതും എവിടെയുമെത്തിയില്ല. ലോക കേരളസഭയിൽ പ്രവാസി പുനരധിവാസ പദ്ധതിയും കൂടുതൽ മെച്ചപ്പെടുത്തേണ്ട ആവശ്യകത ഉന്നയിക്കുമെന്നാണ് കരുതുന്നത്. കൂടാതെ വർധിച്ചുവരുന്ന തൊഴിൽ തട്ടിപ്പുകളും ചർച്ച ചെയ്യും. കേരളത്തിൽ വർധിച്ചുവരുന്ന വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കാനും പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെടും. ലോക കേരളസഭയിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് യുഎഇയിലെ ഇടതുസംഘടനകൾ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു.
Content Highlights: The 5th Loka Kerala Sabha kicks off in Thiruvananthapuram, bringing together Malayali expats to discuss development and contributions to Kerala`s progress. Learn more!
Published: 28 Jan 2026, 11:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented