അബുദാബി : നാലുവയസ്സുകാരി റസിയ ഖാന് അച്ഛൻ ഇമ്രാൻ ഖാൻ കരൾ പകുത്തുനൽകിയപ്പോൾ എഴുതിയത് ചരിത്രം. യു.എ.ഇ.യിൽ കുട്ടികളിലെ ആദ്യ കരൾസ്വീകർത്താവായ റസിയ അപൂർവ കരൾരോഗത്തെയാണ് കരൾമാറ്റ ശസ്ത്രക്രിയയിലൂടെ അതിജീവിച്ചത്. രാജ്യത്ത്, ജീവിച്ചിരിക്കുന്ന ദാതാവിൽനിന്ന് കരൾ സ്വീകരിച്ചുനടത്തുന്ന കുട്ടികളിലെ ആദ്യ ശസ്ത്രക്രിയകൂടിയാണിത്. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബി.എം.സി.) നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ യു.എ.ഇ.യുടെ മെഡിക്കൽ മേഖലയിൽ സുപ്രധാന നാഴികക്കല്ലാണ്.

To advertise here,

ഇന്ത്യയിലെ ഹൈദരാബാദിൽനിന്ന് യു.എ.ഇ.യിൽ പതിന്നാലുവർഷങ്ങൾക്കു മുൻപ്‌ എത്തിയതാണ് റസിയയുടെ കുടുംബം. പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ടൈപ്പ് 3 എന്ന അപൂർവമായ ജനിതക കരൾരോഗം വെല്ലുവിളിയായി റസിയയുടെ ജീവിതത്തിലെത്തിയത് ജനിച്ചു മൂന്നാംമാസമാണ്. മൂന്നുവർഷം മുൻപ്‌ തങ്ങളുടെ ആദ്യമകളെ ഇതേയവസ്ഥയിൽ നഷ്ടപ്പെട്ട റസിയയുടെ മാതാപിതാക്കൾക്ക് ഈരോഗത്തിന്റെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

രണ്ടാമത്തെ മകളെ ഗുരുതരരോഗത്തിൽനിന്ന് രക്ഷപ്പെടുത്തണമെന്ന തീവ്രമായ ആഗ്രഹമാണ് യു.എ.ഇ.യിൽ ട്രേഡിങ് കോഡിനേറ്ററായി ജോലിചെയ്യുന്ന ഇമ്രാൻ ഖാനെയും ഭാര്യയെയും ബുർജീൽ മെഡിക്കൽ സിറ്റിയിലെത്തിച്ചത്. ബുർജീൽ അബ്‌ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന്റെ ട്രാൻസ്‌പ്ലാന്റ് സർജറി ഡയറക്ടർ ഡോ. റെഹാൻ സൈഫിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയനടന്നത്.