കൊടുമൺ (കൊല്ലം): അമൃതമോൾ തന്റെ കരൾ നൽകിയിട്ടും ജീവന്റെ ജീവനായ അച്ഛൻ യാത്രയായി. ഗുരുതരമായ കരൾരോഗം ബാധിച്ചതിനെ തുടർന്ന് മകളുടെ കരൾ മാറ്റിവെച്ചിട്ടും കൊടുമൺ പ്രദീപ് ഭവനത്തിൽ (കലതികുറ്റിയിൽ) പ്രദീപ് ജി. കുറുപ്പ് (47)ന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രദീപ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്.

To advertise here,

കരൾരോഗം ബാധിച്ച് അഞ്ചുവർഷമായി ചികിത്സയിലായിരുന്നു. ഒരുവർഷമായി ഗുരുതരാവസ്ഥയിലായിരുന്നു. വിദ്യാർഥികളായ മക്കൾ അരുണും അമൃതയും വീട്ടമ്മയായ ഭാര്യ സിനിയും അടങ്ങുന്ന കുടുംബത്തിന് സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പ്രദീപിന്റെ വരുമാനം മാത്രമായിരുന്നു ആശ്രയം. മക്കളുടെ പഠനം നിലച്ചു. പ്രദീപിന്റെ ചികിത്സയ്ക്കുതന്നെ പണം കണ്ടെത്താൻ കഴിയാതെയായി.

കരൾ മാറ്റിവെച്ചില്ലെങ്കിൽ പ്രദീപിന്റെ ജീവന് ആപത്താണെന്ന നിലയിലായി. ആര് കരൾ നൽകുമെന്നായപ്പോൾ പ്ലസ്ടു വിജയിച്ച മകൾ അമൃത (19) പറഞ്ഞു-“ഞാൻ നൽകാം”.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ലക്ഷക്കണക്കിന് രൂപ ചെലവ് വരും. നാട്ടുകാരുടെ സഹായം തേടി. എന്നാൽ പ്രതീക്ഷിച്ച തുക എത്തിയില്ല. അവസാനം അമർഷാൻ എന്ന സന്നദ്ധസംഘടന സഹായത്തിനെത്തി. അവരുടെ ഇടപെടൽ കാരണം തുക സ്വരൂപിക്കാനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2025 ഡിസംബർ 26-ന് അമൃതയുടെ കരളിന്റെ 70 ശതമാനവും അച്ഛന്റെ ശരീരത്തിലേക്ക് മാറ്റിവെച്ചു. "മോളേ എന്ന് അച്ഛൻ വിളിക്കുന്നത് കേൾക്കാൻ എനിക്ക് അച്ഛന്റെ ജീവൻ വേണം, അതിനായി എന്റെ കരളല്ല ജീവൻതന്നെ നൽകാനും ഞാൻ തയ്യാറാണ്" എന്ന അമൃതയുടെ വാക്കുകൾ കണ്ണുനിറയ്ക്കുന്നതായിരുന്നു.

അച്ഛൻ:പി.സി.ഗോപാലകൃഷ്ണകുറുപ്പ്. അമ്മ: പരേതയായ ലീല. ഭാര്യ: സിനി. മക്കൾ: അരുൺ പ്രദീപ്, അമൃത പ്രദീപ്. സഞ്ചയനം ബുധനാഴ്ച 8.30-ന്.