ഷാർജ : യു.എ.ഇ.യിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂടുമൂലം ആളുകൾ പുറത്തേക്കിറങ്ങുന്നത് കുറഞ്ഞു. അവധിദിവസങ്ങളിൽപ്പോലും അത്യാവശ്യകാര്യങ്ങൾക്കുമാത്രമാണ് ജനങ്ങൾ പുറത്തേക്കിറങ്ങുന്നത്. ചൂടിന്റെ കാഠിന്യത്തിൽ കുട്ടികൾക്കുൾപ്പെടെ പനി, ജലദോഷം, തലവേദന തുടങ്ങിയവയുണ്ട്.
തലയിൽ വിയർപ്പിറങ്ങിയുള്ള ശാരീരികാസ്വാസ്ഥ്യമാണ് കൂടുതൽപ്പേർക്കും അനുഭവപ്പെടുന്നതെന്ന് അജ്മാനിലെ ഡോ. ഭാസ്കരൻ കരപ്പാത്ത് പറഞ്ഞു. കൂടുതൽസമയം ശീതീകരിച്ചമുറികളിൽ കഴിയുന്നതും പലവിധ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. വ്യായാമത്തിന്റെഭാഗമായി രാവിലെയും വൈകീട്ടും ബീച്ചുകളിൽ നടക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
പാർക്കിൽ യോഗചെയ്യാനെത്തുന്ന കുടുംബങ്ങളടക്കം ചൂടുകാരണം യോഗ വീടുകളിലാക്കിയിട്ടുണ്ടെന്ന് ഷാർജ ബുഹൈറ പാർക്കിലെ യോഗപരിശീലകരും പറയുന്നു. വൈകീട്ട് ചൂടുചായയും എണ്ണപ്പലഹാരങ്ങളും പതിവാക്കിയവരും വരുന്നില്ലെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനുമുന്നിലെ ചായക്കടയിൽ ജോലിചെയ്യുന്ന അസീസ് പറഞ്ഞു.
പുറത്തെ ചൂടുകാരണം ഡ്രൈവർമാർക്കും കൂടുതൽസമയം ജോലിചെയ്യാൻ സാധിക്കുന്നില്ല. പാചകവാതക സിലിൻഡറെത്തിക്കുന്ന തൊഴിലാളികൾക്കും ചൂടുകാരണം കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. തുറസ്സായസ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ നടപ്പാക്കിയ നിർബന്ധിത ഉച്ചവിശ്രമം തൊഴിലാളികൾക്ക് വലിയ ആശ്വാസംപകരുന്നുണ്ട്.
വിനോദസഞ്ചാരികൾക്ക് കുറവില്ല
യു.എ.ഇ.യിൽ ചൂട് വർധിക്കുന്നുണ്ടെങ്കിലും രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് കുറവില്ലെന്ന് ടൂർ ഓപ്പറേറ്റർമാർ പറഞ്ഞു. യൂറോപ്പ്, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽനിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് ചൂട് തടസ്സംസൃഷ്ടിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം മധ്യവേനലവധി പ്രമാണിച്ച് കേരളത്തിലെത്തിയ കുടുംബങ്ങൾ ശരിക്കും അവധി ആഘോഷിക്കുകയാണ്. നാട്ടിലെ ശക്തമായമഴയും തണുപ്പുമനുഭവിക്കുന്ന സന്തോഷത്തിലാണ് പ്രവാസികൾ. തിരിച്ചെത്തുമ്പോഴേക്കും യു.എ.ഇ.യിലെ ചൂടിന് കാഠിന്യംകുറഞ്ഞിട്ടുണ്ടാകുമെന്ന ആശ്വാസവും കുടുംബങ്ങൾക്കുണ്ട്.
3300 തൊഴിലാളികൾക്ക് വൈദ്യപരിശോധന
ഷാർജ : കടുത്തചൂട് മുൻനിർത്തി ഷാർജയിൽ പുറംതൊഴിൽചെയ്യുന്ന 3300 തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധനനടത്തി. ആരോഗ്യ, രോഗപ്രതിരോധമന്ത്രാലയത്തിന്റെയും ഷാർജ സുപ്രീംകൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെയും പങ്കാളിത്തത്തോടെ നടത്തിവരുന്ന നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന വേനൽ ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിശോധനനടത്തിയത്.

ഷാർജയിൽ മാത്രമായി 6000 തൊഴിലാളികൾക്ക് പരിശോധനനടത്തുകയാണ് ലക്ഷ്യം. വേനൽ ബോധവത്കരണ സെമിനാർ, തൊഴിലാളികൾക്ക് സമ്മാനങ്ങൾ, ഭക്ഷണം എന്നിവയും നൽകുന്നുണ്ട്.
Content Highlights: UAE hot weather
Published: 23 Jul 2024, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented