ദുബായ്: കാണാക്കാഴ്ചകളുടെ പറുദീസയായ ദുബായിലെ വിനോദസഞ്ചാര മേഖല അത്ഭുതപ്പെടുത്തുന്ന അഭിവൃദ്ധി കൈവരിക്കുകയാണ്. യുഎഇയില്‍ ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ഈ മാസം 22-നാണെങ്കിലും എമിറേറ്റിലെ ഒട്ടുമിക്ക എല്ലാ ശൈത്യകാല വിനോദ ആകര്‍ഷണങ്ങളിലും സഞ്ചാരികളുടെ തിരക്കേറിക്കഴിഞ്ഞു. അടുത്ത വാരത്തില്‍ സ്കൂളുകളില്‍ ശൈത്യകാലാവധി ആരംഭിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളുടെ വരവും ഗണ്യമായി വര്‍ധിക്കും. ലോകോത്തര വിനോദ ആകര്‍ഷണങ്ങള്‍ക്ക് പുറമേ ഇവിടുത്തെ സൗകര്യങ്ങളും സേവനങ്ങളും എല്ലാത്തിലുമുപരി സമാനതകളില്ലാത്ത ആഥിത്യമര്യാദയുമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന് അനുദിനം നമ്മെ ബോധ്യപ്പെടുത്തുന്ന നഗരമാണിത്. ബുര്‍ജ് ഖലീഫയും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും, ബുര്‍ജ് അല്‍ അറബും ഉള്‍പ്പടെ റെക്കോഡ് സൃഷ്ടിച്ച കെട്ടിടങ്ങള്‍, ആഡംബരത്തിന്റെ അവസാന വാക്കായ ഷോപ്പിങ് മാളുകള്‍, പാം ജുമൈറയും ഇന്‍ ദുബായിയും പോലുള്ള മനുഷ്യനിര്‍മിത അത്ഭുതങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സവിശേഷതകള്‍ ഇവിടെയുണ്ട്. ലോക സാംസ്കാരിക വിസ്മയമായ ഗ്ലോബല്‍ വില്ലേജ് മുതല്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ആഘോഷ മുഹൂര്‍ത്തങ്ങള്‍ വരെ എമിറേറ്റിന്റെ ഓരോ കോണിലും നവ്യാനുഭവങ്ങള്‍ നിറയ്ക്കും. വിനോദവും വിജ്ഞാനവും ആഡംബരവും ഷോപ്പിങ്ങുമെല്ലാം നിറയുന്ന ദുബായിയുടെ സുവര്‍ണകാലമാണ് ശൈത്യകാലം. മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്ത് നിര്‍ബന്ധമായും കാണ്ടേണ്ട ചില പ്രധാന ആകര്ഷണങ്ങള് പരിചയപ്പെടാം.
ലോകം മുഴുവന്‍ ഒരു ഗ്രാമത്തില്‍
ലോക സംസ്കാരങ്ങളും കലാപരിപാടികളും രുചിവൈവിധ്യങ്ങളുമെല്ലാം ഒരു വേദിയില്‍ അണിനിരത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല ആകര്‍ഷണമാണ് ദുബായ് ഗ്ലോബല്‍ വില്ലേജ്. കുടുംബ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്. വിവിധ രാജ്യങ്ങളുടെ പാരമ്പര്യങ്ങളും ഭക്ഷണവും വസ്ത്രധാരണവുമെല്ലാം ഒരു കുടക്കീഴില് കാണാമെന്നതാണ് സവിശേഷത. സ്റ്റണ്ട് ഷോകളും ഫണ്‍ റൈഡുകളെമെല്ലാം സാഹസിക പ്രിയരെയും കുട്ടികളെയും കാന്തം കണക്കേ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്. സമാനതകളില്ലാത്ത കാഴ്ചകളും വിസ്മയാനുഭവങ്ങളുമാണ് ഗ്ലോബല്‍ വില്ലേജിന്റെ 30-ാം പതിപ്പിലുള്ളത്. സന്ദര്‍ശകാനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ വേ ഫൈന്‍ഡിങ് സ്ക്രീന്‍സ്, എസ്30 പാസ്പോര്‍ട്സ് എന്നിവയുള്‍പ്പടെ ഒട്ടേറെ സേവനങ്ങളുമുണ്ട്. 30 പവിലിയനുകളിലും പാസ്പോര്ട്ടുകള് സ്റ്റാമ്പ് ചെയ്യാനുള്ള സൗകര്യമാണ് എസ്30 പാസ്പോര്‍ട്സും പാസ്പോര്‍ട്ട് സ്റ്റാമ്പിങ് സ്റ്റേഷനുകളും വാഗ്ദാനം ചെയ്യുന്നത്. വൈവിധ്യമാര്‍ന്ന വിനോദ, ഭക്ഷണ, ഷോപ്പിങ് തിരഞ്ഞെടുപ്പുകളുമായാണ് ഗ്ലോബല്‍ വില്ലേജിന്റെ ഓരോ പതിപ്പും സന്ദര്ശകരരെ വിസ്മയിപ്പിക്കുന്നത്. ബിസിനസുകളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും അനുയോജ്യമായ വേദിയാണ് ഗ്ലോബല്‍ വില്ലേജ് വാഗ്ദാനം ചെയ്യുന്നത്. എമിറേറ്റിലെ ഏറ്റവും തിരക്കേറിയ വിനോദകേന്ദ്രത്തിലൂടെ സ്വന്തം ബ്രാന്‍ഡുകള്‍ പരിചയപ്പെടുത്താനുള്ള മികച്ച അവസരവും സംരംഭകര്‍ക്ക് നല്‍കുന്നുമുണ്ട്.
മരുഭൂമിയുടെ ഹൃദയത്തിലെ അത്ഭുത ഉദ്യാനം
പതിനഞ്ച് കോടിയിലേറെ പൂക്കള്‍ കൊണ്ട് മനുഷ്യന് തീര്‍ത്ത കാഴ്ച വിസ്മയമാണ് ദുബായ് മിറാക്കിള്‍ ഗാര്ഡന്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത പൂന്തോട്ടം. വൈവിധ്യമാര്‍ന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഹൃദയാകൃതിയിലുള്ള ടണലുകള്‍, എമിറേറ്റ്സ് വിമാനം, കാര്‍ട്ടൂണ്‍ കഥാപത്രങ്ങള്‍, കൊട്ടാരങ്ങള്‍, ക്ലോക്ക്, പാലങ്ങള്‍ എന്നിങ്ങനെ നീളുന്നു ഉദ്യാനത്തിലെ കാഴ്ച. ഏറ്റവും മനോഹരമായ ചിത്രങ്ങളെടുക്കാന്‍ അനുയോജ്യമായ സ്ഥലം. ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ക്കുള്ള മികച്ച പശ്ചാത്തലം ഒരുക്കുന്നതുകൊണ്ടു തന്നെ നവ മാധ്യമങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രഫി ലൊക്കേഷനായും ഇവിടം മാറിക്കഴിഞ്ഞു. സന്ദര്‍ശകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യാനുഭവങ്ങളാണ് മിറാക്കിള്‍ ഗാര്ഡന് സമ്മാനിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രകൃതിയും കലയും സംയോജിപ്പിച്ചാണ് ഉദ്യാനം രൂപകല്പന ചെയ്തത്. പൂക്കള്‍ നിറഞ്ഞ വഴികളിലൂടെ നടക്കുമ്പോള്‍ കണ്ണിനും മനസിനും ഒരുപോലെ ശാന്തിയും സമാധാനവും ഊര്‍ജ്ജവും ലഭിക്കും. ഓരോ ഇതളിലും സൗന്ദര്യം ആസ്വദിക്കാനാണ് മിറാക്കിള്‍ ഗാര്ഡന് സന്ദര്‍ശകരെ ക്ഷണിക്കുന്നത്.
മരുഭൂമിയിലൂടെ സാഹസിക സഞ്ചാരം
കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന വന്യമായ മരുഭൂമിയിലൂടെ സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഡെസേര്‍ട്ട് സഫാരിയേക്കാള്‍ മികച്ച തിരഞ്ഞെടുപ്പ് മറ്റൊന്നില്ല. ദുബായിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കിടയിലെ ഏറ്റവും പ്രിയപ്പെട്ട സാഹസിക വിനോദവും ഇതുതന്നെ. മാനം മുട്ടുന്ന കൂറ്റന്‍ കെട്ടിടങ്ങളും ചീറിപ്പായുന്ന വാഹനങ്ങളും ആള്‍ത്തിരക്കും ബഹളങ്ങളുമില്ലാതെ മരുഭൂമിയുടെ വന്യതയിലേക്ക് ചേക്കേറാം. ഡ്യൂണ്‍ ബാഷ്, ക്യാമല്‍ റൈഡ്, സാന്‍ഡ്ബോര്‍ഡിങ്, ബാര്‍ബിക്യൂ ഡിന്നര്‍, തത്സമയ വിനോദ പരിപാടികള്‍ തുടങ്ങിയവയാണ് ഡെസേര്‍ട്ട് സഫാരിയിലെ പ്രധാന ആകര്ഷണങ്ങള്. യുഎഇയുടെ സാംസ്കാരിക പൈതൃകം നേരിട്ടറിയാനുള്ള അവസരവും ലഭിക്കും. സൂര്യാസ്തമയത്തിന് ശേഷമുള്ള മരുഭൂമിയുടെ നിശബ്ദതയും ആകാശത്തെ നക്ഷത്ര കാഴ്ചകളും സഞ്ചാരികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കും. മരുഭൂമിയിലും രാത്രികാല ക്യാമ്പിങ് സജീവമാവുകുന്നുണ്ട്. ശൈത്യകാലത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദ പ്രവര്‍ത്തനങ്ങളിലൊന്നാണ് രാത്രികാല ക്യാമ്പിങ്. നിലാവെളിച്ചത്തില്‍ മണല്‍ക്കാടുകളുടെ ഭംഗി ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമാണ് മരുഭൂമികളിലെ സാഹസിക ക്യാമ്പിങ്. കൂറ്റന്‍ മണല്കൂനകള് ഉള്‍പ്പടെയുള്ള ഒട്ടേറെ മനോരഹമായ ഒട്ടേറെ കാഴ്ചകളിലും വിനോദപ്രവര്‍ത്തനങ്ങളിലും മുഴുകാം.
ശൈത്യകാലം ഹത്തയില്‍ ആഘോഷിക്കാം
ഹജര്‍ മലനിരകളുടെ മടിത്തട്ടില്‍ പ്രകൃതി ഒരുക്കിയ വിസ്മയമാണ് ഹത്ത. നഗരത്തിരക്കുകളില്‍ നിന്നും മാറി അകലെ സമാധാനമായി പച്ചപ്പും കുളിര്‍മയും നിറഞ്ഞ കാഴ്ചകള്‍ കണ്ട് സമയം ചെലവഴിക്കാനുള്ള മികച്ചയിടം. പര്‍വത നിരകള്‍, പുരാവസ്തു പ്രദര്‍ശന കേന്ദ്രങ്ങള്‍, കോട്ടകള്‍, അണക്കെട്ടുകള്‍, പൈതൃക ഗ്രാമം, ഹില്‍ പാര്‍ക്ക്, ലീം തടാകം തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. സൈക്ലിങ്,ഹൈക്കിങ്,നീന്തല്‍ എന്നിവയ്ക്ക് പുറമേ ഒട്ടേറെ അപൂര്‍വയിനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമായ ഹത്ത മൗണ്ടന്‍ കണ്‍സേര്‍വേഷന്‍ റിസേര്‍വും സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തും. വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാനും പര്‍വത സാഹസിക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും അവസരം ലഭിക്കും. ശൈത്യകാലത്തെ പ്രധാന പരിപാടിയായ ഹത്ത വിന്ററിന്റെ രണ്ടാം പതിപ്പ് ഈ മാസം അഞ്ചിന് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹത്ത ഉത്സവം, ഹത്ത തേനുത്സവം, ഹത്ത കാര്‍ഷിക ഉത്സവം, ഹത്ത സാംസ്കാരിക രാത്രികള്‍, പ്രൊഡക്ടീവ് ഫാമിലീസ് ഫെസ്റ്റിവല്‍, ഹത്ത വാദി ഹബ് ഫെസ്റ്റിവല്‍ എന്നിങ്ങനെ ആറ് പ്രധാന ഉത്സവങ്ങളാണ് ലീം തടാകത്തില്‍ സംഘടിപ്പിക്കുന്ന ഹത്ത വിന്റര്‍ സംരംഭത്തിന്റെ രണ്ടാം പതിപ്പിലുണ്ടാവുക.
ദുബായ് സഫാരി പാര്‍ക്ക്
വിവിധ ഇനങ്ങളില്‍പ്പെട്ട 3000-ലേറെ പക്ഷി-മൃഗാദികളെ കൈയ്യെത്തും ദൂരെ കാണാന്‍ അല്‍ വര്‍ഖ അഞ്ചിലെ ദുബായ് സഫാരി പാര്‍ക്കിലെത്താം. 78 ഇനം സസ്തനികള്‍, 50 ഇനം ഉരഗങ്ങള്‍, 111 ഇനം പക്ഷികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 119-ഹെക്ടറിലേറെ വ്യാപിച്ച് കിടക്കുന്ന പാര്‍ക്ക് മൃഗങ്ങള്‍ക്ക് പ്രകൃതിദത്ത ആവാസവ്യവസ്ഥയൊരുക്കുന്ന സംരക്ഷണ, വിനോദ കേന്ദ്രമാണ്. സന്ദര്‍ശകര്‍ക്ക് വന്യജീവികളുമായി അടുത്ത ഇടപഴകാനുള്ള അവസരങ്ങള്‍ നല്‍കുന്നുമുണ്ട്. കാഴ്ചകള്‍ ആസ്വദിക്കാന്‍ ഷട്ടില്‍ ട്രെയിനുകള്‍ ഉള്‍പ്പടെ മികച്ച സൗകര്യങ്ങളുണ്ട്. വന്യജീവി സംരക്ഷണം, വിദ്യാഭ്യാസം, വിനോദം എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. മഴക്കാടുകളിലും മരുഭൂമികളിലും മാത്രം കണ്ടുവരുന്ന അപൂര്‍വയിനം ജീവജാലങ്ങളെ ഇവിടെ കാണാം. അറേബ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍, സഫാരി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് പക്ഷിമൃഗാദികളുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണിവിടം.
Content Highlights: Explore Dubai`s winter wonders! Discover global village, miracle garden, desert safari, Hatta, & more. Unforgettable experiences await this season.
Published: 02 Dec 2025, 11:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented