
അബുദാബി : മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി ‘ബാപ്സ്’ ഹിന്ദുശിലാക്ഷേത്രം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ രാവിലെ നടക്കും. വൈകീട്ടാണ് സമർപ്പണച്ചടങ്ങ്.
ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സംസ്ഥയ്ക്ക് (ബാപ്സ്) കീഴിലാണ് ക്ഷേത്രം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം.
ക്ഷേത്രോദ്ഘാടനച്ചടങ്ങിന് മുന്നോടിയായുള്ള പ്രധാന ആഘോഷപരിപാടിയായ ‘ഫെസ്റ്റിവൽ ഓഫ് ഹാർമണി’ ക്ഷേത്രാങ്കണത്തിൽ പുരോഗമിക്കുകയാണ്. ഇത് 21 വരെ നീണ്ടുനിൽക്കും.
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം.
അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2019-ലാണ് നിർമാണം ആരംഭിച്ചത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമാണത്തിനുപയോഗിച്ചത്.
സ്വാമിനാരായൺ, അക്ഷർ-പുരുഷോത്തം, രാധയും കൃഷ്ണനും, സീതയും രാമനും, ശിവനും പാർവതിയും, ലക്ഷ്മണൻ, ഹനുമാൻ, ഗണപതി, കാർത്തികേയൻ, പദ്മാവതി-വെങ്കിടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരാണ് പ്രധാന മൂർത്തികൾ. ക്ഷേത്ര ശില്പങ്ങളിൽ അറബ്, മെസപ്പൊട്ടോമിയൻ സംസ്കാരങ്ങളുടെ പ്രതീകങ്ങൾ, യു.എ.ഇ.യുടെ ചരിത്രവും വർത്തമാനവും തുടങ്ങിയവ അടയാളപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനംചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്.
1000 വർഷം കേടുപാടുകളില്ലാതെ നിലനിൽക്കുമെന്നതാണ് പ്രത്യേകത. അബുദാബിയിൽനിന്ന് 50.9 കിലോമീറ്റർ, ദുബായിൽനിന്ന് 93 കിലോമീറ്റർ, ഷാർജയിൽനിന്ന് 118.5 കിലോമീറ്റർ എന്നിങ്ങനെയാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
ഓൺലൈൻവഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് 18-ന് പ്രവേശനം നൽകും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് ഒന്നുമുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
Content Highlights: Abudabi Hindu Temple
Published: 14 Feb 2024, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented