ജിദ്ദ: സൗദി അറേബ്യയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ ഉംറ തീർഥാടകരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ഇടപെടുന്നു. വിമാനക്കമ്പനികൾ, ടൂർ ഓപ്പറേറ്റർമാർ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി ഏകോപനം നടത്തിയാണ് നടപടികൾ പുരോഗമിക്കുന്നത്.

To advertise here,

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലഭ്യമായ വിമാന സർവീസുകൾ വഴി ഏകദേശം 3,000 ഉംറ തീർഥാടകർ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

അതേസമയം, വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് മക്കയിലും മദീനയിലുമായി ഏകദേശം 4,000 ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ തിരിച്ചെത്തിക്കാൻ വലിയ വിമാനങ്ങൾ അനുവദിക്കുകയോ പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

പതിവ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്ന 10,000 തീർഥാടകർ കൂടി ഇതേ കാലയളവിൽ നാട്ടിലേക്ക് മടങ്ങി. ഇതോടെ തിരിച്ചെത്തിയ തീർഥാടകരുടെ എണ്ണം 13,000 കവിഞ്ഞു.

കുടുങ്ങിക്കിടക്കുന്ന മറ്റ് തീർഥാടകരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്തുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി എംബസിയിലും കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന ഉംറ തീർഥാടകരെ നാട്ടിലെത്തിക്കുന്നതിനും ആക്രമണങ്ങളിൽ ദുരിതമനുഭവിച്ച ഇന്ത്യക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും തുടർന്നും നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു.