ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ മെട്രോ പദ്ധതികളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും നടപ്പാക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തിവരികയാണെന്ന് കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റി സി.ഇ.ഒ ഡോ. തലാൽ അൽ മഗ്ലൂത്ത് അറിയിച്ചു. ജനസംഖ്യയിലെ ദ്രുതഗതിയിലുള്ള വർധനവും മേഖലയിൽ വികസന പദ്ധതികൾ വ്യാപിക്കുന്നതും കണക്കിലെടുത്താണ് പഠനങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

ജനസംഖ്യാ വർധനയ്ക്കും വൻകിട വികസന പദ്ധതികൾക്കും അനുസൃതമായി ഗതാഗത സേവനങ്ങളുടെ ആവശ്യകത കിഴക്കൻ പ്രവിശ്യയിൽ വർധിച്ചുവരികയാണ്. ഉയർന്ന ശേഷിയുള്ള മികച്ച റോഡ് ശൃംഖല ഈ മേഖലയിലുണ്ടെന്നും ഗതാഗത അടിസ്ഥാനസൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തുടർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുഗതാഗത പദ്ധതികൾ വിവിധ ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. റിയാദിൽ ആദ്യം ബസ് സർവീസുകൾ ആരംഭിക്കുകയും പിന്നീട് മെട്രോ സംവിധാനം നടപ്പാക്കുകയും ചെയ്ത മാതൃകയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഴക്കൻ പ്രവിശ്യയിലും ബസ് ഗതാഗത സംവിധാനം ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ നടന്നുവരുന്ന പഠനങ്ങളുടെ ഫലങ്ങളും ഭാവിയിൽ ലഭ്യമാകുന്ന സാമ്പത്തിക സഹായവും അടിസ്ഥാനമാക്കിയായിരിക്കും മെട്രോ ഉൾപ്പെടെയുള്ള ആധുനിക ഗതാഗത സംവിധാനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കിഴക്കൻ പ്രവിശ്യയിലെ പൊതുബസ് ഗതാഗത പദ്ധതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതത്തോടുള്ള ജനങ്ങളുടെ താത്പര്യം വർധിക്കുന്നതും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതികൾ വിജയിക്കുന്നതുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

2027-ലെ ഏഷ്യൻ കപ്പിനും 2034-ലെ ഫുട്‌ബോൾ ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്നതിനുള്ള ഒരുക്കങ്ങളും കിഴക്കൻ പ്രവിശ്യയിൽ പുരോഗമിക്കുകയാണ്. ഈ കായികമേളകൾക്ക് മുന്നോടിയായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ വികസന പദ്ധതികൾ നടപ്പാക്കുമെന്നും കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റി മേധാവി വ്യക്തമാക്കി.