റിയാദ്: സൗദി അറേബ്യയിലെ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള ഖിവ (Qiwa) പ്ലാറ്റ്ഫോം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ ഏഴ് വിഭാഗങ്ങളായി തരംതിരിക്കുന്ന സംവിധാനം വിശദീകരിച്ചു. ചെറുകിട സ്ഥാപനങ്ങളെ രണ്ട് വിഭാഗങ്ങളായും ഇടത്തരം സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായും വൻകിട, അതിവൻകിട സ്ഥാപനങ്ങളെ ഓരോ വിഭാഗമായുമാണ് തരംതിരിച്ചിരിക്കുന്നത്.

To advertise here,

അഞ്ചോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗം എ (A) യിൽ ഉൾപ്പെടും. ആറ് മുതൽ 49വരെ ജീവനക്കാരുള്ളവ ചെറുകിട വിഭാഗം ബി (B) യിലാണ്. ഇടത്തരം സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 50 മുതൽ 99വരെ ജീവനക്കാരുള്ളവ ഇടത്തരം വിഭാഗം എ (A) യിലും 100 മുതൽ 199വരെ ജീവനക്കാരുള്ളവ വിഭാഗം ബി (B) യിലും 200 മുതൽ 499വരെ ജീവനക്കാരുള്ളവ വിഭാഗം സി (C) യിലും ഉൾപ്പെടും.

500 മുതൽ 2,999വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് വൻകിട വിഭാഗത്തിൽപ്പെടുന്നത്. 3,000 അല്ലെങ്കിൽ അതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളെ അതിവൻകിട വിഭാഗമായി കണക്കാക്കും. അതേസമയം, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ജനറൽ അതോറിറ്റിയായ മുൻഷആത്ത് (Monshaat) സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തരംതിരിക്കുന്ന സംവിധാനമാണ് പിന്തുടരുന്നത്. മുഴുവൻ സമയ ജീവനക്കാരുടെ എണ്ണവും വാർഷിക വരുമാനവുമാണ് ഇതിനുള്ള മാനദണ്ഡങ്ങൾ.

ഒന്ന് മുതൽ അഞ്ചുവരെ ജീവനക്കാരും പൂജ്യം മുതൽ 30 ലക്ഷം റിയാൽവരെ വാർഷിക വരുമാനവുമുള്ള സ്ഥാപനങ്ങളാണ് സൂക്ഷ്മ സംരംഭങ്ങൾ. ആറ് മുതൽ 49വരെ മുഴുവൻ സമയ ജീവനക്കാരും 30 ലക്ഷം റിയാലിൽ കൂടുതലും നാല് കോടി റിയാൽ വരെയുമുള്ള വാർഷിക വരുമാനവുമുള്ള സ്ഥാപനങ്ങൾ ചെറുകിട സംരംഭങ്ങളുടെ വിഭാഗത്തിൽപ്പെടും. 50 മുതൽ 249വരെ ജീവനക്കാരും നാല് കോടി റിയാലിൽ കൂടുതലും 20 കോടി റിയാൽ വരെയുമുള്ള വാർഷിക വരുമാനവുമുള്ള സ്ഥാപനങ്ങളാണ് ഇടത്തരം സംരംഭങ്ങൾ.

250 അല്ലെങ്കിൽ അതിലധികം മുഴുവൻ സമയ ജീവനക്കാരും 20 കോടി റിയാലിൽ കൂടുതലുള്ള വാർഷിക വരുമാനവുമുള്ള സ്ഥാപനങ്ങളെ മുൻഷആത്തിന്റെ വർഗീകരണ പ്രകാരം വൻകിട സംരംഭങ്ങളായി കണക്കാക്കും.