ജിദ്ദ: സൗദി അറേബ്യയിൽ വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസങ്ങളിൽ നവംബർ ഉൾപ്പെടുന്നു. 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ രേഖകൾ പ്രകാരം നവംബറിലെ ശരാശരി മഴ 13.29 മില്ലിമീറ്ററാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. 1985 മുതൽ 2025 വരെയുള്ള കാലയളവിലെ രേഖകൾ പരിശോധിച്ചതിൽ രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും പടിഞ്ഞാറൻ, കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലുമാണ് നവംബറിൽ പ്രധാനമായും മഴ ലഭിക്കുന്നതെന്ന് കണ്ടെത്തി.
1991-2020 കാലയളവിലെ ശരാശരി കണക്കുകൾ പ്രകാരം അൽഖസീമാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം. ഇവിടെ നവംബറിലെ ശരാശരി മഴ 29.3 മില്ലിമീറ്ററാണ്. ഖൈസുമ 27.2 മില്ലിമീറ്ററുമായി രണ്ടാം സ്ഥാനത്തും ജിദ്ദ 27.1 മില്ലിമീറ്ററുമായി മൂന്നാം സ്ഥാനത്തുമുണ്ട്. മക്കയിൽ 25.1 മില്ലിമീറ്ററും തായിഫിൽ 23.1 മില്ലിമീറ്ററുമാണ് ശരാശരി മഴ. 1985-2025 കാലയളവിൽ രാജ്യത്താകമാനമുള്ള നവംബർ മാസത്തെ ഏറ്റവും ഉയർന്ന ശരാശരി മഴ രേഖപ്പെടുത്തിയത് 2018 ലാണ്. അന്ന് 49.84 മില്ലിമീറ്റർ മഴ ലഭിച്ചു. 1996ൽ 42.82 മില്ലിമീറ്ററും 1997ൽ 39.27 മില്ലിമീറ്ററും രേഖപ്പെടുത്തി.
കനത്ത മഴയുടെ പ്രതിദിന കണക്കുകൾ പരിശോധിക്കുമ്പോൾ, 1996 നവംബർ 17ന് അൽവജ്ഹിൽ 116.4 മില്ലിമീറ്റർ മഴ ലഭിച്ചു. അതേ വർഷം നവംബർ 15ന് തായിഫിൽ 103 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. നവംബറിൽ കനത്ത മഴ ലഭിച്ച ദിവസങ്ങളുടെ എണ്ണത്തിൽ ഖൈസുമയാണ് മുന്നിൽ. 1985 മുതൽ 2025 വരെയുള്ള കാലയളവിൽ ഇവിടെ 33 ദിവസങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. അൽഖസീമിൽ 32 ദിവസവും മക്കയിലും തായിഫിലും 30 ദിവസം വീതവും കനത്ത മഴ ലഭിച്ചു.
താപനിലയുടെ കാര്യത്തിൽ, 1991-2020 കാലയളവിലെ കണക്കുകൾ പ്രകാരം നവംബറിലെ സൗദിയിലെ ശരാശരി താപനില 20.7 ഡിഗ്രി സെൽഷ്യസാണ്. വർഷത്തിൽ ഏറ്റവും കുറഞ്ഞ ശരാശരി താപനിലയുള്ള മാസങ്ങളിൽ നാലാം സ്ഥാനത്താണ് നവംബർ. ഈ മാസത്തിലെ ശരാശരി കൂടിയ താപനില 27.7 ഡിഗ്രി സെൽഷ്യസും ശരാശരി കുറഞ്ഞ താപനില 14.28 ഡിഗ്രി സെൽഷ്യസുമാണ്.
ചരിത്രരേഖകൾ പ്രകാരം നവംബറിൽ യാമ്പുവിൽ 42 ഡിഗ്രി സെൽഷ്യസും മക്കയിൽ 41.2 ഡിഗ്രി സെൽഷ്യസും പ്രതിദിന ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ കേന്ദ്രങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിദിന താപനില രേഖപ്പെടുത്തിയത് അൽഖുറയ്യാത്തിലാണ്; മൈനസ് 5.8 ഡിഗ്രി സെൽഷ്യസ്. 1985-2025 കാലയളവിൽ രാജ്യത്താകമാനമുള്ള നവംബർ മാസത്തെ ഏറ്റവും ഉയർന്ന ശരാശരി കൂടിയ താപനില രേഖപ്പെടുത്തിയത് 1998 ലാണ്. അന്ന് ഇത് 30.08 ഡിഗ്രി സെൽഷ്യസായിരുന്നു.
അതേസമയം, 1988ൽ ശരാശരി കുറഞ്ഞ താപനില 12.45 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. ദീർഘകാല കാലാവസ്ഥാ കണക്കുകൾ പ്രകാരം പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ സൗദി മേഖലകളിലാണ് നവംബറിൽ പൊതുവേ ഉയർന്ന താപനില അനുഭവപ്പെടുന്നത്. വടക്കൻ മേഖലകളിലും തെക്കുപടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിലും താരതമ്യേന കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Content Highlights: saudi-arabia-november-rainfall-ncm-report
Published: 21 Oct 2026, 10:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented