
റിയാദ്: ചില്ലയുടെ പ്രതിമാസ വായനയുടെ ഏപ്രില്‍ ലക്കം ബത്ഹയിലെ ശിഫ അല്‍ ജസീറ ക്ലിനിക് ഹാളില്‍ നടന്നു. മനോജ് കുറൂര്‍ രചിച്ച 'മുറിനാവ്' എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് ടി.ആര്‍. സുബ്രഹ്മണ്യന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച മനുഷ്യരുടെ കഥയിലൂടെ കാലത്തെയും ചരിത്രത്തെയും സംസ്‌കാരത്തേയും ചിന്താധാരകളേയും മതദര്‍ശനങ്ങളെയും ആധാരമാക്കിയുള്ള നോവല്‍ അധികാരത്തെ സംബന്ധിച്ച സംവാദങ്ങള്‍ക്ക് വഴി തുറക്കുന്നു എന്ന് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.
ദേശമെഴുത്തിന്റെ സവിശേഷമായ സൂക്ഷ്മ ജീവിതാവതരണമായ എസ്. ഗിരീഷ് കുമാറിന്റെ 'തോട്ടിച്ചമരി' എന്ന നോവലിന്റെ വായനാനുഭവം ബീനയാണ് അവതരിപ്പിച്ചത്. ഓരോ മനുഷ്യനും തന്റെ പ്രദേശത്തെ മണ്ണില്‍ ആഴ്ന്നിറങ്ങിയ വേരുകളുണ്ടാവും. സ്വന്തം വേരുകളില്‍ നിന്ന് അടര്‍ത്തിമാറ്റപ്പെടുന്നവരുടെ അതിജീവന പോരാട്ടങ്ങളുടെ മുദ്രയായാണ് ബീന നോവലിനെ വിശേഷിപ്പിച്ചത്.
ചരിത്രത്തെയും കാലത്തെയും രാഷ്ട്രീയത്തെയും പ്രതി ചരിത്രരചനയിലൂടെ അവതരിപ്പിക്കുന്ന നോവലാണ് എസ്. ഹരീഷിന്റെ 'ആഗസ്‌റ് 17'. ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ കാലാവസ്ഥയോടുള്ള കലഹമായി അവതരിപ്പിക്കുന്ന നോവല്‍, ചരിത്രത്തെയും ചരിത്രഘട്ടങ്ങളെയും അപാരസ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ കൊണ്ടുവരികയാണ് ചെയ്യുന്നതെന്ന് വായനാനുഭവം പങ്കുവെച്ച വിപിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
'ഒ.എന്‍.വി. തിരഞ്ഞെടുത്ത ചങ്ങമ്പുഴ കവിതകള്‍' എന്ന കവിതാസമാഹാരത്തിലെ ആ പൂമാല, വാഴക്കുല, കാവ്യനര്‍ത്തകി, രമണന്‍, നാളത്തെ ലോകം, കാമുകന്‍ വന്നാല്‍, ദേവയാനി, ഉതിര്‍മണികള്‍ മുതലായ കവിതകളെ കുറിച്ചു സുരേഷ് ബാബു സംസാരിച്ചു. ആധുനിക കവിതകളിലെ താള- ലയരാഹിത്യത്തെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ അവതരണം ചങ്ങമ്പുഴ കവിതകളിലെ കാല്പനികസൗന്ദര്യത്തില്‍ ഊന്നിയുള്ളതായിരുന്നു.
ഇ. സന്തോഷ് കുമാര്‍ എഴുതിയ 'പാവകളുടെ വീട് ' എന്ന കഥാസമാഹാരത്തിലെ കഥകളുടെ വായനാനുഭവം സുരേഷ് ലാല്‍ പങ്കുവെച്ചു. ഭാവന, സങ്കല്പം, ധ്വന്യാത്മകത എന്നീ സവിശേഷതകള്‍ക്കൊണ്ട് സമ്പന്നമായ ഈ കഥകളില്‍ അതിരുകളില്ലാത്ത മാനവികതയുടെ സന്ദേശമാണ് പ്രസരിക്കുന്നതെന്ന് സുരേഷ് ലാല്‍ പറഞ്ഞു. വായനാനുഭവം പങ്കുവെച്ചവരോടൊപ്പം സതീഷ് കുമാര്‍ വളവില്‍, സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗദ്യത്തിലായാലും പദ്യത്തിലായാലും കവിതയുണ്ടായിരിക്കുക എന്നതാണ് ഏതൊരു കവിതയുടെയും അടിസ്ഥാനധര്‍മ്മം എന്ന് വായനാവലോകനത്തില്‍ എം. ഫൈസല്‍ പറഞ്ഞു.
Content Highlights: saudi arabia riyadh chilla april monthly reading
Published: 03 May 2023, 10:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented