റിയാദ്: ശാസ്ത്രാഖ്യായികാസാഹിത്യ ശാഖയുടെ പിതാവെന്നറിയപ്പെടുന്ന എച്ച്.ജി. വെല്‍സിന്റെ ഏറെ പ്രശസ്തമായ 'ടൈം മെഷീന്‍' എന്ന കല്പിത കഥയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ട് സ്‌നിഗ്ദ്ദ വിപിന്‍കുമാര്‍ ചില്ലയുടെ ഫെബ്രുവരി വായനക്ക് തുടക്കം കുറിച്ചു. അനന്തമായ കാലത്തിലൂടെ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും സഞ്ചാരം നടത്തുന്ന സമയസഞ്ചാരിയുടെ വിസ്മയകരമായ അനുഭവങ്ങളെ അവതാരക സദസ്സുമായി പങ്കുവെച്ചു. തുടര്‍ന്ന് മലയാള സാഹിത്യത്തിലെ അനുപമ സൗന്ദര്യമായ മാധവിക്കുട്ടി എഴുതിയ പ്രേമകഥകളുടെ സമാഹാരം സുരേഷ് ബാബു സദസ്സിന് പരിചയപ്പെടുത്തി. നഷ്ടപ്പെട്ട നീലാംബരി എന്ന കഥ ഉള്‍പ്പെടെയുള്ള മനോഹരമായ രചനകളുടെ സമാഹാരമായ മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ വാര്‍പ്പുമാതൃകകളെ നിഷേധിക്കുന്ന പ്രണയഭാവങ്ങളുടെ പ്രകാശനമാണെന്ന് അവതാരകന്‍ ഓര്‍മ്മിപ്പിച്ചു.

To advertise here,

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരകൃത്യമായ ഗാന്ധിവധത്തിന് മുന്നിലും പിന്നിലും നിന്ന കുറ്റവാളികളെ വിചാരണ ചെയ്യുന്ന അതിശക്തമായ 9 എം.എം. ബെരേറ്റ എന്ന നോവലിന്റെ വായനാനുഭവം നടത്തിയത് ശിഹാബ് കുഞ്ചീസാണ്. വിനോദ് കൃഷ്ണ രചിച്ച ധീരമായ ഈ നോവല്‍ വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയാവസ്ഥയോടുള്ള ആഴവും ആര്‍ജ്ജവവുമുള്ള പ്രതിഷേധം കൂടിയാണ്. സാഹിത്യനിരൂപകനും തിരക്കഥാകൃത്തും നാടകകൃത്തുമായ എന്‍. ശശിധരന്‍ എഴുതിയ കപ്പല്‍ച്ചേതം വന്ന നാവികന്‍ എന്ന കൃതിയുടെ വായന ബീന സദസുമായി പങ്കുവച്ചു. മാര്‍ക്വേസും പാമുക്കും മുതല്‍ മാധവിക്കുട്ടിയും കെ.ജി. ശങ്കരപ്പിള്ളയും വരെയുള്ളവരുടെ എഴുത്തിലൂടെയും തര്‍ക്കോവ്‌സ്‌കിയെ പോലുള്ളവരുടെ സിനിമകളിലൂടെയുമുള്ള വായനാസഞ്ചാരം മനുഷ്യരെ വായനയുടെ സൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കുന്നതാണെന്ന് അവതാരക അഭിപ്രായപ്പെട്ടു. ഡോ. ധര്‍മ്മരാജ് അടാട്ട് എഴുതിയ ഹിന്ദുത്വവും ഭാരത സംസ്‌കാരവും എന്ന കൃതിയുടെ വായനാനുഭവം വിനയന്‍ സദസ്സില്‍ അവതരിപ്പിച്ചു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കായുള്ള അപകടകരമായ നീക്കം നടക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ ധര്‍മ്മരാജിന്റെ പുസ്തകം വ്യാപകമായ വായന അര്‍ഹിക്കുന്നു എന്ന് അവതാരകന്‍ പറഞ്ഞു.

പുസ്തകാവതരണങ്ങള്‍ക്കുശേഷം നടന്ന സംവാദത്തില്‍ അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു. 9 എം.എം. ബെരേറ്റ, ഹിന്ദുത്വവും ഭാരതസംസ്‌കാരവും എന്നീ കൃതികള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സമാനമായതിനാല്‍ ആ കൃതികളിലെ ചരിത്രം, തത്വചിന്ത, രാഷ്ട്രീയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. ഇന്ത്യ അതിന്റെ ഭരണഘടനയില്‍ ഊന്നിപ്പറയുന്ന പോലെ ഒരു ജാധിപത്യ- മതനിരപേക്ഷ- സോഷ്യലിസ്റ്റ് രാജ്യമായി നിലകൊള്ളേണ്ടതിന്റെ അനിവാര്യതയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രധാനമായും മുന്നോട്ടുവെച്ചത്.

റിയാദിലെ ബത്തയിലുള്ള ശിഫ അല്‍ ജസീറ പൊളിക്ലിനിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അമല്‍ ഫൈസല്‍, വിപിന്‍കുമാര്‍, വിനോദ് മലയില്‍, നസീര്‍ എ.എം, ജിനീഷ് വി, അനീസ്, വിദ്യ വിപിന്‍,  ബഷീര്‍ കാഞ്ഞിരപ്പുഴ തുടങ്ങിവര്‍ പങ്കെടുത്തു, എം. ഫൈസല്‍ ചര്‍ച്ചകള്‍ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാല്‍ പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു.