റിയാദ്: സൗദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 11,819 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ഇവരിൽ 5,793 പേർ താമസനിയമങ്ങൾ ലംഘിച്ചതിനും, 3,307 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 2,719 പേർ തൊഴിൽ സംബന്ധമായ നിയമലംഘനങ്ങൾക്കുമാണ് പിടിയിലായത്.

To advertise here,

സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 1,382 പേരിൽ 61 ശതമാനം എത്യോപ്യക്കാരും 38 ശതമാനം യമൻ പൗരന്മാരുമാണ്. ശേഷിക്കുന്ന ഒരു ശതമാനം മറ്റ് രാജ്യക്കാരാണ്.

അയൽരാജ്യങ്ങളിലേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച 32 പേരെയും നിയമലംഘകർക്ക് ഗതാഗത സൗകര്യവും താമസവും ഒരുക്കിയ 19 പേരെയും അധികൃതർ പിടികൂടി.

നിയമവിരുദ്ധമായി സൗദിയിലേക്ക് പ്രവേശിക്കാൻ സഹായിക്കുക, നിയമലംഘകർക്ക് യാത്രാസൗകര്യം ഒരുക്കുക, താമസസൗകര്യം നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.

നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറുകളിലും അറിയിക്കാം.