റിയാദ്: അന്താരാഷ്ട്ര മാനേജ്‌മെന്റ് വികസന സ്ഥാപനമായ ഐഎംഡി (IMD) ബുധനാഴ്ച പുറത്തിറക്കിയ 2026ലെ ലോക ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റാങ്കിങ്ങിൽ സൗദി അറേബ്യക്ക് മികച്ച ആഗോള നേട്ടം. 70 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ വിലയിരുത്തലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിലെ നിരവധി സൂചികകളിൽ സൗദി അറേബ്യ മുൻനിര സ്ഥാനങ്ങൾ കരസ്ഥമാക്കി.
കമ്പനികളിലെ എ.ഐ സംബന്ധമായ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ബോധവത്കരണത്തിലും കോർപ്പറേറ്റ് എ.ഐ സംവിധാനങ്ങളിലെ രഹസ്യവിവരങ്ങളുടെ സംരക്ഷണത്തിലും സൗദി അറേബ്യ ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടി.
ദേശീയ എ.ഐ തന്ത്രം നടപ്പാക്കൽ, കമ്പനികളിലെ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം, പൊതുജനങ്ങൾക്ക് എ.ഐ സാങ്കേതികവിദ്യ ലഭ്യമാക്കൽ എന്നീ മൂന്ന് വിഭാഗങ്ങളിൽ നാലാം സ്ഥാനവും രാജ്യം സ്വന്തമാക്കി.
എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം, എ.ഐയിലുള്ള പൊതുജനവിശ്വാസം, എ.ഐയുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂടുകൾ, കമ്പനികളുടെ എ.ഐ നിക്ഷേപം എന്നീ മേഖലകളിൽ അഞ്ചാം സ്ഥാനത്താണ് സൗദി അറേബ്യ.
എ.ഐ മേഖലയിലെ നൈപുണ്യം, നഗരങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ എ.ഐയുടെ ഉപയോഗം, എ.ഐ അൽഗോരിതങ്ങളിലെ പക്ഷപാതം പരിഹരിക്കുന്നതിനുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ ഏഴാം സ്ഥാനവും നേടി.
എ.ഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സന്നദ്ധതയിൽ എട്ടാം സ്ഥാനവും സ്വകാര്യ മേഖലയിലെ എ.ഐ നിക്ഷേപത്തിൽ ഒമ്പതാം സ്ഥാനവും എ.ഐ, മൂലധന നിക്ഷേപം എന്നീ വിഭാഗങ്ങളിൽ പതിനൊന്നാം സ്ഥാനവും സൗദി അറേബ്യ കരസ്ഥമാക്കി.
ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച പുരോഗതിയും വിവിധ മേഖലകളിൽ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നു. ദേശീയ ശേഷി വികസിപ്പിക്കൽ, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതിനും സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായകമാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

To advertise here,