മദീന: ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശിക്കാത്ത ഹാജിമാര്‍ ഹജ്ജ് തീര്‍ഥാടനം പൂര്‍ത്തിയാക്കി സുരക്ഷിതമായി മദീനയില്‍ പ്രവാചക നഗരിയില്‍ എത്തികൊണ്ടിരിക്കുകയാണ്. മദീനയിലെ ഹിജ്റ റോഡും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേയും മക്കയില്‍ നിന്നുള്ള തീര്‍ഥാടകരുടെ തുടര്‍ച്ചയായ പ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ്. മനോഹരമായ ഒരു ആത്മീയ രംഗം സൃഷ്ടിച്ചിരിക്കയാണ് ഹാജിമാര്‍ ഇവിടങ്ങളില്‍.

To advertise here,

ഫീല്‍ഡ് സര്‍വീസ് ഓഫീസുകളുമായി ഏകോപിപ്പിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഹാജിമാര്‍ താമസസ്ഥലങ്ങളില്‍ എത്തുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. മദീന മേഖലയിലെ ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സുരക്ഷാ സേനയും ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകരും ഹാജിമാരുടെ സേവനത്തില്‍ മുഴുകിയിരിക്കുകയാണ്.

നേരത്തെ മദീന സന്ദര്‍ശിക്കാത്ത ഹാജിമാര്‍ ഹജ്ജ് കര്‍മ്മത്തിനു ശേഷം, പ്രാര്‍ഥിക്കാനും മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്നിടം സന്ദര്‍ശിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നത് പതിവാണ്. പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ മസ്ജിദുകളും ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കാനും നിരവധി തീര്‍ഥാടകര്‍ താല്പര്യപ്പെടാറുണ്ട്.