ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്കു പകര്‍ച്ചവ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി അറേബ്യയുടെ ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജെല്‍ സ്ഥിരീകരിച്ചു. മികച്ച സേവനങ്ങളാണ് ഹജ്ജ് മന്ത്രാലയം ഹാജിമാര്‍ക്കായി ഒരുക്കിയത്. രാജ്യം മനുഷ്യത്വപരമായ മനോഭാവത്തോടെയും സേവന സന്നദ്ധതയോടെയുമാണ് ചികിത്സാ കാര്യങ്ങളില്‍ നല്‍കിപോരുന്നത്. ഹജ്ജ് സീസണിലെ ആരോഗ്യ പരിപാലന ശ്രമങ്ങള്‍ ആരോഗ്യ സംവിധാനത്തിന്റെയും ഹജ്ജ് സുരക്ഷാ സേനയുടെയും ശ്രമങ്ങളുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ പകര്‍ച്ചവ്യാധികളോ വ്യാപകമായ രോഗങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലന്നും മന്ത്രി പറഞ്ഞു.
ആരോഗ്യസംവിധാനം 4,65,000 ത്തിലധികം സ്പെഷ്യലൈസ്ഡ് ചികിത്സാ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. 'എല്ലാത്തിലുമുപരി മനുഷ്യന്റെ ആരോഗ്യത്തിന് പരിഗണന' എന്ന സൗദി ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. നിലവില്‍ മക്ക, മദീന പുണ്യനഗരികളില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു കഴിയുന്ന തീര്‍ഥാടകരുടെ ആരോഗ്യനില ആശ്വാസകരമാണെന്ന് അല്‍-ഇഖ്ബാരിയ ചാനലുമായുള്ള ടെലിവിഷന്‍ സംഭാഷണത്തിനിടെ മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും വിശുദ്ധ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയുടെ വെളിച്ചത്തില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ട്. ഈ വര്‍ഷം കനത്ത ചൂട് പ്രതികൂലമായി ബാധിച്ച ധാരാളം ആളുകളെ ആരോഗ്യ സംവിധാനം ചികിത്സിക്കുകയുണ്ടായി. അവരില്‍ ചിലര്‍ക്ക് ഇപ്പോഴും ആശുപത്രികളില്‍ പരിചരണം നല്‍കുന്നുണ്ട്. സുര്യാഘാതമേറ്റ് മരണമടഞ്ഞവരുടെ കാര്യവും മന്ത്രി വ്യക്തമാക്കി.
താപനിലയെ കുറിച്ചും അവ നേരിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മുന്നറിയിപ്പു നല്‍കുകയും അവബോധം നല്‍കുകയും ചെയ്തിരുന്നു. പലരും ഇത് അവഗണിച്ചതാണ് അപകടം വിളിച്ചുവരുത്തിയതും മരണസംഖ്യ ഉയര്‍ന്നതും. തീര്‍ഥാടകര്‍ക്ക് രാജ്യം നല്‍കുന്ന സൗജന്യ ആരോഗ്യ സേവനങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി വിശദീകരിച്ചു. തീര്‍ഥാടകര്‍ രാജ്യത്ത് എത്തുന്നതിന് മുമ്പുതന്നെ സേവനം ആരംഭിച്ചിരുന്നു. തീര്‍ഥാടകര്‍ എത്തുന്ന വിമാനത്താവളം, കപ്പല്‍ തുറമുഖം, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ വെച്ചുതന്നെ ബോധവത്കരണം നടത്തി. ഏകദേശം 1.3 ദശലക്ഷം ആരോഗ്യ പ്രതിരോധ സേവനങ്ങള്‍ നല്‍കി. രോഗം നേരത്തെ കണ്ടെത്തല്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവ കാലേകൂട്ടി തന്നെ ഉറപ്പുവരുത്തി.
തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങളില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, ഡയാലിസിസ്, എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള 30,000ല്‍ അധികം സേവനങ്ങള്‍ നല്‍കി. രാജ്യത്തെ മെഡിക്കല്‍ നഗരങ്ങളിലുള്ള നൂതന ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് 95 എയര്‍ ആംബുലന്‍സുകളാണ് ഒരുക്കിയത്. പുണ്യസ്ഥലങ്ങളില്‍ 6,500-ലധികം കിടക്കകള്‍ ആരോഗ്യ സംവിധാനം ഒരുക്കി. കൂടാതെ ഹീറ്റ് സ്ട്രെസ് റൂമുകള്‍, പരിക്കേറ്റവരെ വേഗത്തിലും ഉയര്‍ന്ന കാര്യക്ഷമതയോടെയും രക്ഷിക്കാന്‍ അത്യാധുനിക സാങ്കേതിക മികവോടെയുള്ള സംവിധാനവും സജജീകരിച്ചിരുന്നതായും മന്ത്രി ഫഹദ് അല്‍ ജലാജെല്‍ അവകാശപ്പെട്ടു.
Content Highlights: Health Minister: Hajj plans a great success; no outbreak of diseases reported
Published: 24 Jun 2024, 10:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented