മസ്കറ്റ്: പൊതുജനങ്ങളിൽ നിന്ന് ലൈസൻസില്ലാതെ അനധികൃതമായി പണം പിരിക്കുന്നതിനെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ കർശന മുന്നറിയിപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും, സഹായം അർഹരായവരിലേക്ക് മാത്രം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് നിയമപരമായ ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഔദ്യോഗിക ചാനലുകൾ വഴിയും ലൈസൻസുള്ള സ്ഥാപനങ്ങൾ മുഖേനയും മാത്രം സംഭാവനകൾ നൽകാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

To advertise here,

അംഗീകൃത അതോറിറ്റിയുടെ ലൈസൻസില്ലാതെ ഏതെങ്കിലും മാർഗത്തിലൂടെ പൊതുജനങ്ങളിൽ നിന്ന് പണമോ സംഭാവനകളോ സ്വരൂപിക്കുന്നത് ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൾ 299 പ്രകാരം ഗുരുതരമായ കുറ്റമാണ്. ഈ കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് മാസം വരെ തടവോ, 600 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

കൂടാതെ, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 35 പ്രകാരം, നിയമപരമായ അനുമതിയില്ലാതെ വിവരസാങ്കേതിക മാർഗങ്ങൾ (സോഷ്യൽ മീഡിയ, മെസേജിങ് ആപ്പുകൾ മുതലായവ) ഉപയോഗിച്ച് സംഭാവനകൾ ആവശ്യപ്പെടുകയോ, ശേഖരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഈ കുറ്റത്തിന് മൂന്ന് മാസം വരെ തടവും 1,000 ഒമാനി റിയാൽ വരെ പിഴയും, അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒരു ശിക്ഷയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കുറ്റകൃത്യത്തിലൂടെ ലഭിക്കുന്ന പണം കണ്ടുകെട്ടാൻ കോടതിക്ക് അധികാരമുണ്ടെന്നും, കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ നിശ്ചയിച്ചിട്ടുള്ള ശിക്ഷയുടെ ഇരട്ടി വരെ വർധിപ്പിക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ദാതാക്കളുടെ പണം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.