റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ മേഖലയായ ഖമീസ് മുശൈത്തിൽ സിവിൽ ഡിഫൻസ് പുറപ്പെടുവിച്ച അടിയന്തര മുന്നറിയിപ്പ് പിൻവലിച്ചു. 24 മണിക്കൂറിനിടെ നാലാം തവണയാണ് മേഖലയിൽ അപകട മുന്നറിയിപ്പ് നൽകിയത്. പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി സിവിൽ ഡിഫൻസ് അറിയിച്ചു.
''ഖമീസ് മുശൈത്ത് ഗവർണറേറ്റിലെ അപകടം ഒഴിവായിട്ടുണ്ട്. സുരക്ഷയ്ക്കായി സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ആളുകൾ കൂട്ടംകൂടുന്നതും സംഭവസ്ഥലത്ത് നിന്ന് ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും പൂർണമായും ഒഴിവാക്കണം. അടിയന്തര സാഹചര്യങ്ങളിൽ 998 എന്ന നമ്പറിൽ ബന്ധപ്പെടണം'' സിവിൽ ഡിഫൻസ് വ്യക്തമാക്കി.
അതേസമയം, ഖമീസ് മുശൈത്ത് മേഖലയിലെ വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിഭാഗം ചൊവ്വാഴ്ച അവകാശപ്പെട്ടിരുന്നു.
ഹൂതികളുടെ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരിക്കേറ്റതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന്റെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. അബ്ഹ, ഖമീസ് മുശൈത്ത്, ജിസാൻ, നജ്റാൻ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങളാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങളും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടാനുള്ള ശ്രമങ്ങളും അപകടകരമാണെന്ന് അൽ മാലികി വ്യക്തമാക്കി. ഹൂതികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും അവരുടെ നീക്കങ്ങൾക്ക് മറുപടി നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്കെതിരായ ഹൂതികളുടെ ആക്രമണത്തെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഉറപ്പാക്കാൻ നിർദേശവും നൽകി.
സൗദിയുടെ പരമാധികാരത്തെയും വിഭവങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നിയമപരമായ അവകാശം സൗദിക്കുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഹൂതി ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ഗൾഫ് സഹകരണ കൗൺസിലും അപലപിച്ചു. തെക്കൻ സൗദി നഗരങ്ങളിലെ സിവിലിയൻ, ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.
പാകിസ്താൻ, അൾജീരിയ, സൊമാലിയ എന്നീ രാജ്യങ്ങളും ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സിവിലിയൻമാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് സൊമാലിയ വ്യക്തമാക്കി.
Content Highlights: Civil Defense lifted the emergency alert in Khamis Mushait after conditions normalized., Houthi militia claimed attacks targeting a military airbase and civilian areas in southern Saudi cities., The Arab Coalition reported 73 injuries, including women and children, due to recent Houthi escalations., The UN, EU, GCC, and several nations strongly condemned the attacks against Saudi infrastructure.
Published: 11 Sept 2026, 12:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented