റിയാദ്: റിയാദിലെ മൈതാനങ്ങളിൽ ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടങ്ങൾക്ക് ആരവമുയരുന്നു. കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഫാ മക്കാ കപ്പ് കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ2ന് വെള്ളിയാഴ്ച തുടക്കമാകും. കുദു പ്രസന്റ്‌സ് സഫമാക്കാ വിന്നർ ട്രോഫിക്കുവേണ്ടിയാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് പോരാട്ടം.

To advertise here,

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സുലൈ ടെക്‌നോമാക് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനച്ചടങ്ങിന് ശേഷം ടൂർണമെന്റിലെ മത്സരങ്ങൾ ആരംഭിക്കും. സുലൈ ടെക്‌നോമാക്, കെസിഎ എന്നീ രണ്ട് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക.

റിയാദിലെ 24 ടീമുകളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കൊടുവിൽ ഡിസംബറിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.

കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റ് റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് വിരുന്നാകും. മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനൊപ്പം പുതിയ താരങ്ങളുടെ പ്രകടനങ്ങൾക്കും ടൂർണമെന്റ് വേദിയാകും.