ജിദ്ദ: ഉറക്കമൊഴിഞ്ഞ ദിനരാത്രങ്ങളും ക്രമം തെറ്റിയ ഭക്ഷണശീലങ്ങളും തിരക്കുപിടിച്ച ജീവിതവും മാനസിക സമ്മർദ്ദങ്ങളും പ്രവാസികളുടെ ആരോഗ്യത്തെ ഗൗരവമായി ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യസംരക്ഷണത്തിന്റെയും ആരോഗ്യ അവബോധത്തിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിച്ച് അൽ സഫ ഏരിയ കെഎംസിസിയും അബീർ മെഡിക്കൽ എക്‌സ്പ്രസ്സും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാലത്ത് തുടങ്ങിയ ക്യാമ്പ് വൈകുനേരം വരെ നീണ്ടു നിന്നു. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

To advertise here,

കുടുംബത്തിന്റെ സന്തോഷത്തിനും ജീവിതത്തിന്റെ സുരക്ഷിതത്വത്തിനുമായി കടൽ കടന്നെത്തിയ പ്രവാസികൾ സ്വന്തം ആരോഗ്യവും ജീവിതവും മറന്നുപോകരുതെന്ന് ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർമാർ നിർദ്ദേശിച്ചു. വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ, ഇസിജി, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കി. പങ്കെടുത്തവർക്ക് അബീർ പ്രിവിലേജ് ഡിസ്‌കൗണ്ട് കാർഡും വിതരണം ചെയ്തു.

ക്യാമ്പിന്റെ ഉദ്ഘാടനം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് നസീർ പെരുമ്പള അധ്യക്ഷത വഹിച്ചു. ഏരിയാ ജനറൽ സെക്രട്ടറി സമീർ ആമയൂർ സ്വാഗതവും, അബ്ദുൽ റഹീം കോയ തങ്ങൾ നന്ദിയും പറഞ്ഞു.

കുഞ്ഞാലി, അബ്ദുൽ സലാം, ഹകീം കൂട്ടിലങ്ങാടി, ജലീൽ ഷോബ്ര, കുട്ടിമാൻ, മൻസൂർ, സമീർ മുഹമ്മദ്, മുഹമ്മദ് ഷാഫി, മുനീർ മൈലപ്പുറം, ഷബീർ കാസർകോഡ്, ശരീഫ് ആറങ്ങോടൻ, ഉസ്മാൻ മച്ചിങ്ങൽ, സുബൈർ അരിമ്പ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.