റിയാദ്: സൗദി അറേബ്യയ്ക്ക് അധികമായി 1.6 കോടി ബാരൽ അസംസ്കൃത എണ്ണ സംഭരിക്കാനുള്ള സൗകര്യം ഒരുക്കാനും രാജ്യത്തിന്റെ തന്ത്രപ്രധാന എണ്ണശേഖരത്തിലേക്ക് സൗദിയിൽനിന്ന് 80 ലക്ഷം ബാരൽ വരെ എണ്ണ വാങ്ങാനും ജപ്പാൻ പദ്ധതിയിടുന്നു. വെള്ളിയാഴ്ച സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2026 നവംബർ ഒമ്പതിന് സൗദി ഊർജമന്ത്രി കൂടിയായ വ്യവസായ-ധാതുവിഭവ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ജപ്പാൻ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി റിയോസെയ് അകസാവയും തമ്മിൽ ഓൺലൈനായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം.
സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതും പ്രത്യേകിച്ച് ഊർജമേഖലയിലെ സഹകരണം വിപുലീകരിക്കുന്നതുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
2026 മേയിൽ രൂപീകരിച്ച സംയുക്ത കർമസമിതിയുടെ ചർച്ചകൾക്കു പിന്നാലെ, ജപ്പാനെ തന്ത്രപ്രധാന പങ്കാളിയായാണ് സൗദി കാണുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ജപ്പാന്റെ ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിന് സ്ഥിരവും വിശ്വസനീയവുമായ അസംസ്കൃത എണ്ണ വിതരണം തുടരുമെന്നും സൗദി അറിയിച്ചു. സ്ഥിരമായ എണ്ണവിതരണത്തിന് ജപ്പാൻ സൗദിയോട് നന്ദി പ്രകടിപ്പിച്ചു.
ഇതിനകം ജപ്പാനിലെ സംയുക്ത എണ്ണസംഭരണ കേന്ദ്രങ്ങളിൽ എണ്ണ നിക്ഷേപം പുനരാരംഭിച്ചതായി സൗദി അറിയിച്ചു. 2010-ൽ ആരംഭിച്ച സംയുക്ത അസംസ്കൃത എണ്ണ സംഭരണ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത്, ജപ്പാന്റെ ദേശീയ എണ്ണശേഖരണ സംവിധാനത്തിലൂടെ പരിമിത കാലത്തേക്ക് സൗദിക്ക് അധികമായി 1.6 കോടി ബാരൽ സംഭരണശേഷി ലഭ്യമാക്കും.
ഇതോടെ ഈ പദ്ധതിക്കു കീഴിൽ സൗദിക്ക് ലഭ്യമാകുന്ന ആകെ സംഭരണശേഷി 2.4 കോടി ബാരലായി ഉയരും. നിലവിലുള്ള 80 ലക്ഷം ബാരൽ സംഭരണശേഷിക്ക് പുറമേയാണ് പുതിയ സൗകര്യം.
വിപണിയിലെ അനുകൂല സാഹചര്യങ്ങളും ആവശ്യമായ ആഭ്യന്തര നടപടികളുടെ പൂർത്തീകരണവും അനുസരിച്ച് ജപ്പാൻ ദേശീയ എണ്ണശേഖരത്തിലേക്ക് 80 ലക്ഷം ബാരൽ വരെ സൗദി എണ്ണ വാങ്ങാനും ഉദ്ദേശിക്കുന്നുണ്ട്.
ഏഷ്യയിലുടനീളം ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ജപ്പാന്റെ 'പവർ ഏഷ്യ' പദ്ധതിയുടെ ഭാഗമായും ഇരുരാജ്യങ്ങളും സഹകരിക്കും. ഒക്ടോബർ എട്ടിന് നടന്ന മന്ത്രിതല യോഗത്തിൽ അവതരിപ്പിച്ച എണ്ണസംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള AZEC പ്രവർത്തനപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്.
ഏഷ്യൻ രാജ്യങ്ങളിൽ എണ്ണ സംഭരണത്തിനുള്ള സ്ഥാപനപരമായ സംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുക, എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, അടിയന്തര സാഹചര്യങ്ങളിൽ ഏകോപിതമായി പ്രതികരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
നിലവിലുള്ള സംയുക്ത എണ്ണസംഭരണ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിനും ഊർജമേഖലയിലെ സഹകരണത്തിന് പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും തുടർചർച്ചകൾ നടത്തുമെന്ന് ഇരുരാജ്യങ്ങളിലെയും മന്ത്രാലയങ്ങൾ അറിയിച്ചു.
Published: 21 Nov 2026, 12:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented