റിയാദ്: 35 വർഷം മുമ്പ് തൊഴിൽ തേടി സൗദിയിലെത്തിയ ഉത്തർപ്രദേശ്, ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം ഒടുവിൽ അന്ത്യയാത്രയായി. 59-ാം വയസ്സിൽ റിയാദിൽ ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പതിറ്റാണ്ടുകളോളം പ്രവാസജീവിതം നയിച്ച ഷഫാത്തുള്ളയുടെ നാട്ടിലേക്കുള്ള മടക്കം ചേതനയറ്റ ശരീരമായിട്ടായിരുന്നു.

To advertise here,

ഏകദേശം 19 വർഷം ഒരേ സ്‌പോൺസറുടെ കീഴിൽ നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്നു. 16 വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം സ്‌പോൺസറുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഹുറൂബിലായി. ഇതോടെ സ്‌പോൺസറുമായുള്ള ബന്ധവും അവസാനിച്ചു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നിർമാണ മേഖലയിൽ തന്നെ ജോലി തുടർന്നു. എന്നാൽ ഇഖാമ ഉൾപ്പെടെയുള്ള താമസരേഖകൾ കൈവശമില്ലാതായതോടെ നാട്ടിലേക്ക് മടങ്ങുക അസാധ്യമായി. വർഷങ്ങൾ കടന്നുപോയിട്ടും പ്രവാസത്തിന്റെ കുരുക്കഴിക്കാൻ കഴിയാതെ സൗദിയിൽ തുടരുകയായിരുന്നു.

നീണ്ട 15 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ തയ്യാറാക്കുന്നതിനുള്ള നടപടികളും തുടങ്ങി. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിച്ച് കുറച്ചുമാസം കൂടി ജോലി ചെയ്തശേഷം നാട്ടിലേക്ക് പോകാമെന്ന തീരുമാനത്തിൽ എംബസിയിലെ തുടർനടപടികൾ പൂർത്തിയാക്കാതെ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ദുരന്തം സംഭവിച്ചത്. ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഷഫാത്തുള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ രേഖകളും ഇൻഷുറൻസും ഇല്ലാതിരുന്നതിനാൽ കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾക്കും ആവശ്യമായ രേഖകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ അന്വേഷിച്ചെത്താനും കഴിഞ്ഞില്ല. അൽഖർജ് ജനറൽ ആശുപത്രിയിൽ മൃതദേഹം 15 ദിവസത്തോളം തിരിച്ചറിയപ്പെടാതെ കിടന്നു. ഇന്ത്യക്കാരന്റെ അജ്ഞാത മൃതദേഹം ആശുപത്രിയിലുള്ളതായി പൊലീസ് വഴി കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയെ അറിയിച്ചതോടെയാണ് ഷഫാത്തുള്ളയുടെ ജീവിതത്തിന്റെ അവസാന അധ്യായത്തിന് വഴിതുറന്നത്.

തുടർന്ന് ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു. കുടുംബത്തെ വിവരമറിയിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം മുഴുവൻ ചെലവും ഇന്ത്യൻ എംബസി വഹിച്ചു. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഷഫാത്തുള്ള മടങ്ങിയത് പ്രിയപ്പെട്ടവരുടെ അരികിലേക്ക്, പക്ഷേ ചേതനയറ്റ ശരീരമായി.