നജ്റാൻ: സൗദി അറേബ്യയിലെ നജ്റാനിൽ ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തിൽ ആറു സൗദി പൗരന്മാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.

To advertise here,

അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതി മിലീഷ്യകളുടെ സൈനിക കേന്ദ്രങ്ങൾക്കും വാഹനങ്ങൾക്കും പ്രതിരോധ കോട്ടകൾക്കും ആക്രമണങ്ങളുടെ ഉറവിടങ്ങൾക്കുമെതിരെ 1,326 കൃത്യമായ ആക്രമണങ്ങൾ നടത്തിയതായി യമൻ സായുധസേന അവകാശപ്പെട്ടു. പ്രാഥമിക കണക്കുകൾ പ്രകാരം, ഈ ആക്രമണങ്ങളിൽ 370 ഓളം ഹൂതി മിലീഷ്യ അംഗങ്ങൾ കൊല്ലപ്പെടുകയോ പ്രവർത്തനരഹിതരാകുകയോ ചെയ്തതായും നിരവധി സൈനിക വാഹനങ്ങളും ഉപകരണങ്ങളും തകർത്തതായും സൈന്യം വ്യക്തമാക്കി.

അതേസമയം, സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതി മിലീഷ്യയുടെ അവകാശവാദം യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി നിഷേധിച്ചു.

അപ്പാച്ചെ ഹെലികോപ്റ്റർ ഉടൻ യുദ്ധമേഖലയിൽ പ്രവേശിക്കുമെന്നും അതിന്റെ രൂപം ഹൂതി വക്താവ് നന്നായി ഓർത്തുവെക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യമനിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് സൗദി സഖ്യസേനയുടെ ഈ പ്രതികരണം.