ജിദ്ദ: അടുത്ത ഹജ്ജിനായി വിദേശത്തുനിന്നും വരുന്നവർക്കായുള്ള ഹജ്ജ് വിസ ഞായറാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

To advertise here,

സൗദി അറേബ്യയുടെ വിഷൻ 2030 പ്രകാരം സേവന സന്നദ്ധത വർധിപ്പിക്കാനും തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ നേരത്തെതന്നെ ഹജ്ജ് വിസകൾ നൽകിത്തുടങ്ങുന്നത്. ഹജ്ജ് ചടങ്ങുകൾ ആരംഭിക്കുന്നതിന് ഏകദേശം നാല് മാസം സമയം അവശേഷിക്കുന്നുണ്ട്. ഹജ്ജ് വിസ വിതരണം മാർച്ച് മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ തീർഥാടകർക്കുള്ള പ്രീ-അറൈവൽ ഡാറ്റ എൻട്രി പൂർത്തിയാക്കാനാകും.

2026 ഏപ്രിൽ 18 മുതൽ ഹജ്ജ് തീർഥാടകരുടെ പ്രഥമ സംഘം സൗദിയിൽ എത്തിത്തുടങ്ങും. ഹജ്ജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സേവനങ്ങൾക്കുള്ള കരാറുകൾ ഒപ്പുവെക്കൽ പൂർത്തിയാക്കും. താമസ, ഗതാഗത കരാറുകൾക്കുള്ള അംഗീകാരവും പൂർത്തിയാക്കും. ഹജ്ജ് കർമം നടക്കുന്ന സ്ഥലങ്ങളിൽ ഹാജിമാർക്ക് കഴിയാനുള്ള ടെന്റുകൾ തയ്യാറാക്കുകയും അനുവദിക്കുകയും ചെയ്യും.