മക്ക: ഉയര്‍ന്ന താപനിലയിലും ഹജ്ജ് കര്‍മ്മത്തിന്റെ കല്ലെറിയല്‍ ചടങ്ങ് സുരക്ഷിതമായി നിര്‍വ്വഹിച്ച് ഹാജിമാര്‍. മിനായില്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും താപനില കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാനുള്ള സാധ്യതയാണുള്ളത്. 

To advertise here,

മുഹമ്മദ് നബിയുടെ ആചാരപ്രകാരമാണ് ക്രമമനുസരിച്ചു ഹാജിമാര്‍ ജംറകളില്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്. വലിയ സുരക്ഷയാണ് ഇവിടെ ഹാജിമാര്‍ക്കായി ഒരുക്കിയത്. മിനായിലുടനീളമുള്ള തീര്‍ഥാടകരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 

ഹാജിമാര്‍ കഴിയുന്ന ടെന്റുകളില്‍ നിന്ന് കല്ലേറ് കര്‍മ്മം നടക്കുന്ന ജമറാത്ത് പ്രദേശത്തേക്കും മക്കയിലെ ഹറാമിലേക്കുമുള്ള കാല്‍നട യാത്ര നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കഅബയെ പ്രദക്ഷിണം ചെയ്യുമ്പോഴും സഫ, മര്‍വയില്‍ ചടങ്ങുകള്‍ നിര്‍വ്വഹിക്കുമ്പോഴും ജംറയില്‍ കല്ലെറിയുമ്പോഴും തിരക്ക് കുട്ടരുതെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹജ്ജ് ഉംറ മന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജിമാര്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂട്, ക്ഷീണം, സൂര്യാഘാതം എന്നിവയ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.