ജിദ്ദ: 34-ാമത് അറബ് ലീഗ് ഉച്ചകോടി ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ശനിയാഴ്ച ആരംഭിച്ചു. ഗ്രീന്‍ സോണിലെ സര്‍ക്കാര്‍ മന്ദിരത്തില്‍ അറബ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ഉന്നതരും സംബന്ധിക്കുന്ന ഉച്ചകോടിയില്‍ ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
നാല് പതിറ്റാണ്ടുകളായി നീണ്ടുനിന്ന യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കും ശേഷം താരതമ്യേന സ്ഥിരത തിരിച്ചെത്തിയ ഇറാഖ് തലസ്ഥാനത്തിന്റെ തെരുവുകള്‍ 22 അറബ് രാജ്യങ്ങളുടെയും പതാകകള്‍ പാറിക്കളിക്കുകയാണ്.
ഗാസയില്‍ നിവാസികളെ അവിടെനിന്ന് നാടുകടത്തി, ആ പ്രദേശം വാഷിങ്ടണിന്റെ നിയന്ത്രണത്തിലാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. അതിന് പകരമായി ഗാസ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്ക് രൂപം കൊടുക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഈജിപ്ത്യന്‍ തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന അടിയന്തര ഉച്ചകോടിയ്ക്ക് തുടര്‍ച്ചയെന്നോണമാണ് ബാഗ്ദാദ് ഉച്ചകോടി അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഗള്‍ഫ് പര്യടനത്തിനിടയിലും ഗാസ മുനമ്പ് സ്വന്തമാക്കാനുള്ള മോഹം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നു. അതോടൊപ്പം ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ വ്യോമാക്രമണവും മാനുഷിക പ്രതിസന്ധികളും ദാരുണാവസ്ഥയും അനുനിമിഷം വഷളായി കൊണ്ടിരിക്കുകയും പശ്ചാത്തലത്തിലാണ് ഇറാഖ് തലസ്ഥാനത്തെ ഉച്ചകോടി നടക്കുന്നത്.
അസദ് വംശത്തിന്റെ ഭരണത്തിന് ശേഷം അഹമ്മദ് അല്‍ഷറയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന പുതിയ സിറിയന്‍ ഭരണകൂടം മറ്റു അറബ് രാഷ്ട്രങ്ങളുമായും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുമായും ഒരു പുതിയ അധ്യായം തുറന്ന് കൊണ്ടിരിക്കുന്നത്, ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ, അമേരിക്കയും ഇറാനും നടത്തിക്കൊണ്ടിരിക്കുന്ന ആണവചര്‍ച്ച എന്നിവയുള്‍പ്പെടെ നിരവധി മേഖലാ - രാജ്യാന്തര വിഷയങ്ങള്‍ ഉച്ചകോടിയുടെ അജണ്ടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
'ഞങ്ങള്‍ ഇറാഖിനെ പുനര്‍നിര്‍മിക്കുക മാത്രമല്ല, സന്തുലിതമായ വിദേശനയം, ബോധപൂര്‍വമായ നേതൃത്വം, വികസന സംരംഭങ്ങള്‍, തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്നിവയിലൂടെ മൊത്തം മിഡില്‍ ഈസ്റ്റിനെയാണ് പുനര്‍നിര്‍മ്മിക്കുന്നതില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്'- ആതിഥേയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍സുദാനി പറഞ്ഞു. 2012 ലാണ് ഇറാഖ് അവസാനമായി അറബ് ഉച്ചകോടിയ്ക്ക് ആതിഥ്യം വഹിച്ചത്.
Content Highlights: Arab League Summit in Baghdad
Published: 17 May 2025, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented