
കോഴിക്കോട്: കഠ്‌വ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സി.കെ. സുബൈറിനും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനുമെതിരേ പരസ്യ ആരോപണവുമായി രംഗത്ത് വന്നത് മുതൽ ലീഗിന്റെ കണ്ണിലെ കരടായിരുന്നു മുഈനലി ശിഹാബ് തങ്ങൾ. കഠ്‌വ ഇരയ്ക്ക് വേണ്ടി പിരിച്ച ഫണ്ട് സി.കെ. സുബൈറും പി.കെ. ഫിറോസും ചേർന്ന് വകമാറ്റിയെന്ന ഗുരുതര ആരോപണത്തിൽ അന്ന് സുബൈറിന് നഷ്ടപ്പെട്ടത് പ്രതീക്ഷിച്ചിരുന്ന നിയമസഭാ സീറ്റ് വരെയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ച് മുന്നോട്ട് പോവാൻ ലീഗ് നേതൃത്വം ഏറെ പണിപ്പെട്ടു. ഇതിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുന്നതിനെതിരേ പരസ്യമായി ഫെയ്സ് ബുക്ക് പോസ്റ്റിട്ട് വിവാദ നായകനായതും മുഈനലി തന്നെ. ഇതിനെല്ലാം പുറകെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിൽ ഉണ്ടായ സംഭവവും.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനെന്ന പരിഗണന കൊണ്ട് കാര്യമായ നടപടികളിൽനിന്ന് ഇതുവരെ മുഈനലി ശിഹാബ് തങ്ങൾ രക്ഷപ്പെട്ടു പോയെങ്കിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പക്ഷെ, നടപടിയെടുത്താലും എടുത്തില്ലെങ്കിലും പ്രതിസന്ധിയിലാകുമെന്ന അവസ്ഥയിലാണ് ലീഗ് നേതൃത്വമുള്ളത്. അതുകൊണ്ടു തന്നെ നാളെ നടക്കുന്ന യോഗം ലീഗിനെ സംബന്ധിച്ച് നിർണായകവുമാണ്.
മുഈനലിക്ക് യാതൊരു റോളുമില്ലാതിരുന്ന ചന്ദ്രികയുടെ ആരോപണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ വക്കീൽ കഴിഞ്ഞ ദിവസം നടത്തിയ ഒരു പത്രസമ്മേളനത്തിൽ മുഈനലിക്ക് ഇടം കിട്ടിയതും അത് പിന്നീട് നാടകീയ സംഭവങ്ങളിലേക്ക് പര്യവസാനിച്ചതും അത്ര ചെറുതായല്ല ലീഗ് നേതൃത്വം കാണുന്നത്.
ആരോപണത്തിന് തിരികൊളുത്തിയ കെ.ടി. ജലീലിനെ പ്രതിരോധിച്ച് ലീഗിനേയും ഹൈദരാലി ശിഹാബ് തങ്ങളേയും രക്ഷിക്കാനായുള്ള ഒരു പത്രസമ്മേളനത്തിൽ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരേയും പാർട്ടിക്കെതിരേയും അതീവ ഗുരുതരമായ ആരോപണവുമായി മുഈനലി വന്നതോടെ കെ.ടി. ജലീൽ പ്രഖ്യാപിച്ച യുദ്ധത്തിന് പാർട്ടിക്കുള്ളിൽനിന്ന് തന്നെ വഴിവെട്ടിക്കൊടുക്കുന്നതായി പോയി മുഈനലിയുടെ വെള്ളിയാഴ്ചത്തെ പ്രസ്താവനകൾ. ഇത് എതിരാളികൾ വലിയ ആയുധമാക്കുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടിക്കെതിരേ പാർട്ടിയിൽ നടക്കുന്ന ഒളിയുദ്ധത്തിന് സൈബറിടങ്ങളിലും പുറത്തും നേതൃത്വം കൊടുക്കുന്നത് മുഈനലിയാണെന്നാണ് പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പക്ഷെ, ലീഗിനെ കുഞ്ഞാലിക്കുട്ടിയുടെ ആലയിൽ കെട്ടിയെന്ന് ചിന്തിക്കുന്ന ഒരു വിഭാഗത്തിന്റെ പിന്തുണ മുഈനലിക്കുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് അധികാരത്തെ കൈവിടാതിരിക്കാൻ മനസ്സില്ലാത്തത് കൊണ്ടാണെന്ന് ചിന്തിക്കുന്നവർ പോര് തുടരുകയാണ്.
എന്നാൽ ലീഗിന്റെ ഇന്നത്തെ അവസ്ഥയ്ക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും പരാജയമേറ്റു വാങ്ങേണ്ടി വന്നതിലും കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ് പ്രധാന പങ്കെന്ന് വിശ്വസിക്കുന്നവർ മനസ്സിൽ കരുതി വെച്ചതാണ് മുഈനലിയുടെ പ്രസ്താവനയെന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്.
വ്യാഴാഴ്ചത്തെ മുഈനലിയുടെ പ്രതികരണവും അദ്ദേഹത്തെ തെറി പറയാനായി പത്രസമ്മേളനത്തിൽ അപ്രതീക്ഷിതമായി ഒരു പാർട്ടി പ്രദേശിക നേതാവ് കയറി വന്നതും ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് മറുവിഭാഗം പറയുന്നത്. ഇയാൾക്ക് കെ.ടി. ജലീലുമായിട്ടുള്ള ബന്ധവും പലരും കുത്തിപ്പൊക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കോഴിക്കോട് ചേർന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരേയും നേതൃത്വത്തിനേതിരേയും രൂക്ഷ വിമർശനവുമായി കെ.എം. ഷാജിയടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു. പാർട്ടിയുടെ പരാജയത്തിന് പ്രധാന കാരണം കുഞ്ഞാലിക്കുട്ടിയുടേതടക്കമുള്ളവരുടെ നിലപാടുകള്‍ ആയിരുന്നുവെന്നതായിരുന്നു ഉയർന്ന് വന്ന ആരോപണം. നേതൃമാറ്റമടക്കം സജീവമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
ഏതായാലും നാളെ ചേരുന്ന ലീഗ് യോഗത്തിൽ മുഈനലിക്കെതിരേയുള്ള നടപടി ചർച്ചയാവും. തങ്ങളുടെ മകനെന്ന പരിഗണ ഇനിയും നൽകിയാൽ പ്രവർത്തകരിൽനിന്ന് വലിയ വിമർശനം ഏൽക്കേണ്ടി വരുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ഇന്നലത്തെ പ്രസ്താവയുടെ പേരിൽ മുഈനലിക്കെതിരേ നടപടിയെടുത്താൽ പാർട്ടിയെ കുഞ്ഞാലിക്കുട്ടിയുടെ ആലയിൽ കെട്ടിയെന്ന ആരോപണവും, കുഞ്ഞാലിക്കുട്ടിക്കെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നത് പാർട്ടി തിട്ടൂരമാണെന്ന ആരോപണവും സമ്മതിക്കുന്നത് പോലെയാവും.
ഇതിനെ എങ്ങനെ മറികടക്കാനാവുമെന്നതാണ് ഇപ്പോൾ നടക്കുന്ന പ്രധാന ചർച്ച. ഇതിനായി അനൗദ്യോഗിക യോഗവും ചേരുന്നുണ്ടെന്നാണ് അറിയുന്നത്. ഇനലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഈനലിയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽനിന്നും അദ്ദേഹം വിട്ട് നിൽക്കുകയുമാണ്.
Content Highlights: Moeen ali Shihab Thangal PK Kunjalikutty League
Published: 06 Aug 2021, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented