മസ്കറ്റ്: ഒമാൻ ആതിഥേയത്വം വഹിച്ച പുരുഷന്മാരുടെ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കുറിച്ചു. ടൂർണമെന്റിന്റെ ഫൈനൽ മത്സരം മാത്രം 10.5 കോടിയിലധികം ആളുകൾ കണ്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മികച്ച സംഘാടനത്തിലൂടെയും സാങ്കേതിക മികവിലൂടെയും ആഗോള ക്രിക്കറ്റ് വേദിയിൽ ഒമാൻ തങ്ങളുടെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിച്ചു.
നവംബർ 5 മുതൽ 14 വരെ മസ്കറ്റ് ഗവർണറേറ്റിലെ അൽ അമിറാത്ത് ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടന്നത്. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഫൈനലിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, യു.എ.ഇ, മലേഷ്യ എന്നീ എട്ട് ഏഷ്യൻ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
വൻകിട കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഒമാൻ കൈവരിച്ച അതിവേഗത്തിലുള്ള വളർച്ചയാണ് ടൂർണമെന്റിന്റെ വൻ വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേഷ്ടാവും ഒമാൻ ക്രിക്കറ്റ് ചെയർമാനുമായ പങ്കജ് ഖിംജി പറഞ്ഞു. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലഭിച്ച വലിയ പ്രചാരം ഒമാന്റെ വിനോദസഞ്ചാര-സാംസ്കാരിക മേഖലകളെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ സഹായിച്ചു. കായിക നേട്ടങ്ങൾക്കപ്പുറം രാജ്യത്തെ വിനോദസഞ്ചാരത്തിനും വാണിജ്യ പ്രവർത്തനങ്ങൾക്കും ഇത് വലിയ ഉണർവ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര മാധ്യമങ്ങളും ഒമാന്റെ അത്യാധുനിക കായിക അടിസ്ഥാന സൗകര്യങ്ങളെയും ഒമാൻ ക്രിക്കറ്റിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. ഇതിനുപിന്നാലെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കീഴിൽ ഇതേ പ്രായവിഭാഗത്തിലുള്ള മറ്റൊരു അന്താരാഷ്ട്ര ടൂർണമെന്റിന് 2027 മാർച്ചിൽ ഒമാൻ ആതിഥേയത്വം വഹിക്കുമെന്നും പങ്കജ് ഖിംജി പ്രഖ്യാപിച്ചു.
Published: 20 Nov 2026, 01:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented